രോഗ്യരക്ഷയുടെ കാലമാണ് കര്‍ക്കടകം. നിരന്തരം പെയ്ത മഴയെത്തുടര്‍ന്നെത്തുന്ന കര്‍ക്കടകത്തില്‍ എല്ലാ സസ്യജാലങ്ങളുടെയും ഔഷധശേഷി വര്‍ധിക്കുമെന്നാണ് കേരളീയ ചികില്‍സാ സമ്പ്രദായങ്ങള്‍ പറയുന്നത്. വിഷ സസ്യങ്ങള്‍ക്കു പോലും ഔഷധഗുണമുണ്ടാവുന്ന കാലം. സസ്യജന്യമായ എല്ലാ ഔഷധങ്ങളുടെയും ഫലസിദ്ധി വര്‍ധിക്കുന്ന കാലമായതിനാലാണ് കര്‍ക്കടത്തെ ചികില്‍സാ കാലമായി കണക്കാക്കുന്നത്. 

മറ്റു ചികില്‍സകള്‍ക്കൊന്നിനും കഴിയാത്തവര്‍ കര്‍ക്കടകത്തില്‍ ഒരു മാസം കൃത്യമായ ഭക്ഷണച്ചിട്ടകള്‍ പുലര്‍ത്തുകയും എല്ലാ ദിവസവും ഏതെങ്കിലുമൊരു കുഴമ്പു തേച്ച് തടവി ചെറു ചൂടുവെള്ളത്തില്‍ കുളിക്കുകയും ചെയ്താല്‍ത്തന്നെ ആരോഗ്യപരമായി വളരെയേറെ ഗുണം ലഭിക്കും.

കര്‍ക്കടത്തിലെ ഒരു മാസക്കാലമെങ്കിലും മാംസഭക്ഷണങ്ങളും എണ്ണ ചേര്‍ന്നവയും മദ്യവും കോളകളുമുള്‍പ്പെടെയുള്ള പാനീയങ്ങളും മറ്റ് ഹീനഭക്ഷണങ്ങളും ഒഴിവാക്കി കൃത്യമായി ഔഷധക്കഞ്ഞി തയ്യാറാക്കി കുടിക്കുകയാണെങ്കില്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങള്‍ ഒരുപരിധിവരെയൊക്കെ നീക്കം ചെയ്യാന്‍ കഴിഞ്ഞേക്കും. 

കര്‍ക്കിടകത്തില്‍ ആരോഗ്യശീലങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ ഇതാ ചില കാര്യങ്ങള്‍

 • പഴകിയ ആഹാരസാധനങ്ങള്‍, ഫ്രിഡ്ജില്‍ വെച്ച് വീണ്ടും ചൂടാക്കിയവ, ജങ്ക് ഫുഡ് എന്നിവ പൂര്‍ണമായി ഒഴിവാക്കുക.
 • ഈ ഒരു മാസം പുറത്തു നിന്നുള്ള ഭക്ഷണം പൂര്‍ണമായി ഒഴിവാക്കാന്‍ ശ്രമിക്കുക.
 • ചെറു ചൂടുള്ളതും ദഹിക്കുവാന്‍ എളുപ്പമുള്ളതും വൃത്തിയായി പാകം ചെയ്തതും ഉപ്പ്, പുളി,എരിവ് തുടങ്ങിയവയുടെ അളവ് കുറഞ്ഞതുമായ ആഹാരസാധനങ്ങള്‍ മാത്രം കഴിക്കുക.
 • ഗോതമ്പ്, ചെറുപയര്‍, തേന്‍, വെജിറ്റബിള്‍ സൂപ്പ് എന്നിവ നല്ലതാണ്.
 • ചുക്ക്, കൊത്തമല്ലി, പഞ്ചകോല ചൂര്‍ണം തുടങ്ങിയവ ഏതെങ്കിലും ഇട്ട്, തിളപ്പിച്ച വെള്ളം കുടിക്കുക
 • പഞ്ചസാര, ഉപ്പ്, എണ്ണ, കാപ്പി, ചായ എന്നിവയുടെ അളവ് പതിവായി ഉപയോഗിക്കുന്നതിന്റെ പകുതി മാത്രമായി ചിട്ടപ്പെടുത്തുക.
 • പൊറോട്ട, മാംസഭക്ഷണം എന്നിവ ഒഴിവാക്കുക.
 • രാത്രി കഴിയുന്നതും നേരത്തേ ഭക്ഷണം കഴിക്കുക.
 • നേരത്തേ ഉറങ്ങുക. ആറ് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക
 • ഉചിതമായ അരിഷ്ടാസവങ്ങള്‍ വൈദ്യനിര്‍ദേശപ്രകാരം സേവിക്കുക. അമൃതാരിഷ്ടം, പിപ്പല്യാസവം, ദശമൂലാരിഷ്ടം,ഇന്ദുകാന്തം,ച്യവനപ്രാശം,അഗസ്ത്യരസായനം, വസിഷ്ഠരസായനം മുതലായവ ഓരോരുത്തരുടെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.
 • പകലുറക്കം ഒഴിവാക്കുക.
 • അധികം മഴ നനയുകയോ നനഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടിരിക്കുകയോ ചെയ്യരുത്.