ര്‍ക്കടകചികിത്സയുടെ ഊന്നല്‍ 'ശുദ്ധി'യിലാണ്. 'ശുദ്ധി' എന്ന പദത്തിന് വിശാലമായ അര്‍ഥമാണ് ഇവിടെയുള്ളത്. ശരീരത്തിന്റെ, ഇന്ദ്രിയങ്ങളുടെ, മനസ്സിന്റെ, ബുദ്ധിയുടെ, ചിന്തയുടെ, കര്‍മത്തിന്റെ, വാക്കിന്റെ ശുദ്ധിയാണിത്. പഞ്ചകര്‍മചികിത്സയിലൂടെ ശരീരത്തെ ശുദ്ധീകരിക്കാം.

ഭൂമിയും ജലവും അഗ്‌നിയും വായുവും ആകാശവും ജനപദങ്ങളും മനുഷ്യമനസ്സും മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ശുദ്ധി എന്ന ഉദാത്തമായ സങ്കല്പം മനുഷ്യന് ഏറെ പ്രിയങ്കരമായിത്തീരുന്നതും. നിര്‍വിഷീകരണം (Detoxification) ആയുര്‍വേദത്തിന്റെ അടയാളവാക്യമാണ്.

പഞ്ചകര്‍മം ശാസ്‌ത്രോക്തമായ രീതിയില്‍ ചെയ്താല്‍ ശരീരത്തിനും മനസ്സിനും ബുദ്ധിക്കും ഇന്ദ്രിയങ്ങള്‍ക്കും (കണ്ണ്, മൂക്ക്, ചെവി മുതലായവ) തെളിച്ചം ലഭിക്കുന്നു. ആരോഗ്യം യൗവനയുക്തമായി ദീര്‍ഘകാലം നില്ക്കും. പഞ്ചകര്‍മ്മം ആയുര്‍വേദചികിത്സയുടെ പര്യായമായി മാറിയതിനുകാരണം ഇതിന്റെ ഉത്കൃഷ്ട ഫലസിദ്ധിയെക്കുറിച്ചുള്ള പൗരാണികാചാര്യന്മാരുടെ പ്രഖ്യാപനങ്ങളാകുന്നു.

പഞ്ചകര്‍മ്മങ്ങള്‍ എന്നാല്‍ അഞ്ച് പ്രവൃത്തികള്‍ എന്നര്‍ഥം. ശരീരത്തെ ശുദ്ധീകരിക്കുവാനുള്ള അഞ്ച് മാര്‍ഗങ്ങളാണിവ. ഛര്‍ദിപ്പിക്കല്‍ (വമനം), വയറിളക്കല്‍ (വിരേചനം), എനിമപോലെ ഗുദത്തിലൂടെ ഔഷധം ശരീരത്തിനകത്തേക്ക് കടത്തിവിടുന്ന വസ്തി, മൂക്കിലൂടെ മരുന്നു പ്രയോഗിക്കുന്ന നസ്യം, തൊലിയില്‍ ഉണ്ടാക്കുന്ന മുറിവുകളിലൂടെ അശുദ്ധരക്തം സ്രവിപ്പിച്ചുകളയുന്ന രക്തമോക്ഷം എന്നിവയാണ് പഞ്ചകര്‍മങ്ങള്‍. ഒന്നുമാത്രമായോ ഒന്നിലധികമായോ എല്ലാം ചേര്‍ന്നോ മാലിന്യനിര്‍മാര്‍ജനത്തിന് ഉപയോഗപ്പെടുത്തുന്നു. ഇപ്രകാരം മാലിന്യനിര്‍മാര്‍ജനം ചെയ്യുന്നതിനുമുമ്പ് ശരീരത്തെ ഒരുക്കേണ്ടതുണ്ട്.

ഇതിനുവേണ്ടി ചെയ്യുന്ന രണ്ടു കര്‍മങ്ങളാണ് സ്‌നേഹനം, സ്വേദനം എന്നിവ. സ്‌നേഹനമെന്നതിന് 'മെഴുക്കിടല്‍' എന്നും, സ്വേദനത്തിന് 'വിയര്‍പ്പിക്കല്‍' എന്നും വളരെ ലളിതമായി അര്‍ഥം പറയാം. ശരീരകോശങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മാലിന്യങ്ങളെ ഇളക്കിയെടുത്ത് ദ്രവീകരിച്ച് നിര്‍ഹരണത്തിനുതക്ക രൂപത്തിലാക്കി മാറ്റുവാനാണ് മെഴുക്കിടലും വിയര്‍പ്പിക്കലും നടത്തുന്നത്. സ്‌നേഹനവും സ്വേദനവും യഥാവിധി ചെയ്തശേഷമാണ് പഞ്ചകര്‍മം ചെയ്യുന്നത്. ഇതു കഴിയുന്നതോടെ ശരീരം സൂക്ഷ്മതലത്തില്‍ ശുദ്ധമാകുന്നു.

വൃത്തിയായ വസ്ത്രധാരണം, പാദരക്ഷകളുടെ ഉപയോഗം എന്നിവ ശരീരശുദ്ധിയുടെ ഭാഗമാകുന്നു. വീടും പരിസരവും വൃത്തിയാക്കുന്നത് ജീവിതപരിസരത്തിന്റെ ശുദ്ധിയാകുന്നു. നല്ല വാക്കുകളും അവയുടെ ഉറവിടമായ മനസ്സും വാഗ്ശുദ്ധിയുടെ സാന്നിധ്യമാണ്. നിര്‍മലമായ മനസ്സും വാക്കും സച്ചരിതശ്രവണത്തിനും കീര്‍ത്തനത്തിനും മനനത്തിനും സജ്ജമാകുന്നു.

ഇതിനെല്ലാറ്റിനുമപ്പുറത്ത് ഇരുട്ടിനോടും ശൈത്യത്തോടുമൊപ്പം കര്‍ക്കടരാവുകളില്‍ നിറയുന്ന വിഷാദത്തെക്കൂടി നീക്കം ചെയ്യുവാനുള്ള ഉപാധികളാണ് ഇവ.

നാനാപ്രകാരേണ ശുദ്ധീകരിച്ച ശരീരത്തെ ആഹാരക്രമീകരണത്തിലൂടെയും സാന്ത്വനകര്‍മങ്ങളിലൂടെയും സാധാരണനിലയില്‍ എത്തിച്ചശേഷം പുനരുജ്ജീവനത്തിനുള്ള ഔഷധങ്ങളും ആഹാരവും സേവിപ്പിക്കുന്നു.

വിമലീകരണത്തെക്കുറിച്ചുള്ള ഉദാത്തമായ ആര്‍ഷസങ്കല്പമാണ് അഗ്‌നിശുദ്ധി. ഊതിക്കാച്ചുമ്പോള്‍ പൊന്നും ചുട്ടുരാകുമ്പോള്‍ ഇരുമ്പും കൂടുതല്‍ ചൈതന്യപൂര്‍ണമാകും. അഗ്‌നിശുദ്ധിക്ക് ആയുര്‍വേദം വേറിട്ടൊരു അര്‍ഥതലം കല്‍പിക്കുന്നുണ്ട്. അതിലേക്ക് ഒന്നെത്തിനോക്കുന്നത് വര്‍ഷകാലരോഗങ്ങളുടെ പശ്ചാത്തലം വ്യക്തമാകുവാന്‍ സഹായകമാകും.