നെടുംകുന്നം: സുജയ്ക്കും മകന്‍ അനയ്യ്ക്കും യോഗ ഒരു ജീവിതശൈലിയാണ്. ദിവസവും മുടങ്ങാതെയുള്ള പരിശീലനം ഇരുവരെയും യോഗ അഭ്യാസികളും പരിശീലകരുമാക്കി. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സുജയ്ക്ക് പരിമിതികളുണ്ടെങ്കിലും അമ്മയുടെ പിന്തുണയോടെ യോഗ പരിശീലിച്ച മകന്‍ അടുത്തമാസം നടക്കുന്ന ഫെഡറേഷന്‍ കപ്പ് ദേശീയ യോഗ മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടി കഠിന പരിശ്രമത്തിലാണ്.

നെടുംകുന്നം നെടുമണ്ണി സ്വദേശി ആറ്റുകുഴിയില്‍ സുജ(41) യും മകന്‍ അനയ് (12) യുമാണ് യോഗ ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റിയത്. കങ്ങഴ ബസേലിയസ് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ അനയ് ഒന്നാംക്ലാസ് മുതല്‍ മാന്തുരുത്തി സ്വദേശി ജോമോന്‍ സ്‌കറിയയുടെ കീഴിലാണ് യോഗ അഭ്യസിക്കാന്‍ തുടങ്ങിയത്. സ്പോര്‍ട്സ് യോഗ, ആര്‍ട്ടിസ്റ്റിക് യോഗ എന്നീ വിഭാഗങ്ങളാണ് പരിശീലിക്കുന്നത്. സുജയുടെ അച്ഛന്‍ വിജയ ശര്‍മ യോഗ ചെയ്യുമായിരുന്നു. അച്ഛനില്‍നിന്ന് യോഗയുടെ ആദ്യപാഠങ്ങള്‍ പഠിച്ച സുജയ്ക്കും യോഗയോട് വലിയ താത്പര്യമായി. ഇതോടെ മകനൊപ്പം അമ്മയും ഒരേ ഗുരുവിനുകീഴില്‍ യോഗ പരിശീലിച്ചുതുടങ്ങി. രാവിലെയും വൈകീട്ടും മുടങ്ങാതെയുള്ള പരിശീലനം ഇരുവരെയും തികഞ്ഞ അഭ്യാസികളാക്കി മാറ്റി. ഇതോടെ സുജ യോഗ പരിശീലിപ്പിക്കാനും. നെടുംകുന്നം കേന്ദ്രീകരിച്ച് ഒരു യോഗ പരിശീലനകേന്ദ്രവും ആരംഭിച്ചു.

2017-ല്‍ 35 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ പങ്കെടുത്ത് സുജ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. 2018-ലും 2019-ലും അനയ് ജില്ലാ മത്സരങ്ങളില്‍ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തില്‍ അഞ്ചും നാലും സ്ഥാനം നേടിയിരുന്നു. 2020-ല്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അനയ് ഒന്നാം സ്ഥാനം നേടി. ജനുവരി 12-ന് നടന്ന ദേശീയതല ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയിച്ചതോടെയാണ് ഫെഡറേഷന്‍ കപ്പ് യോഗ മത്സരത്തിലേക്ക് അനയ് തിരഞ്ഞെടുക്കപ്പെട്ടത്. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാന്‍ ഇനിയുള്ള കാലം എല്ലാ വീടുകളിലും യോഗ പരിശീലിക്കണമെന്നാണ് യോഗ ദിനത്തില്‍ ഈ അമ്മയ്ക്കും മകനും പറയാനുള്ളത്.

Content Highlights: Son Practice Yoga under mother for  National Federation yoga championship