ഭാരതത്തില്‍ 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആവിര്‍ഭവിച്ചതാണ് യോഗാഭ്യാസം. രോഗചികിത്സയില്‍ സമഗ്രമായ ഒരു സമീപനം കൈക്കൊള്ളേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയ ആധുനിക ലോകം യോഗയ്ക്ക് വളരെയധികം പ്രചാരം നല്‍കിയിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് യോഗയെ ഒരു പാരമ്പര്യ ചികിത്സാരീതിയായി കണക്കിലെടുത്തിട്ടുണ്ട്.

ആസനങ്ങളും ശ്വസനനിയന്ത്രണവും ഉള്‍പ്പെടെ എട്ട് ഘടകങ്ങള്‍ അടങ്ങിയ ഒരു പരിശീലനരീതിയാണ് യോഗ. പേശികളുടെ വ്യായാമവും ശ്വാസോച്ഛാസത്തിന്റെ നിയന്ത്രണവും സ്വശരീരത്തിലേക്ക് കേന്ദ്രീകരിച്ച് ചെയ്യുന്ന ഒരു മാനസിക ശാരീരിക പരിശീലനമാണ് യോഗ. 

ആരോഗ്യപരമായ തലത്തില്‍ നോക്കുമ്പോള്‍ മറ്റേതൊരു വ്യായാമവും പോലെ യോഗ പരിശീലനവും ശരീരത്തിനും മനസ്സിനും ഒരുപോലെ പ്രയോജനപ്പെടുന്ന ഒന്നാണ്. മറ്റു വ്യായാമങ്ങളില്‍ ചിലത് പേശീബലവും കായികക്ഷമതയും വര്‍ധിപ്പിക്കുന്നവയാണെങ്കില്‍ യോഗ നല്ല മെയ് വഴക്കവും ശാരീരികക്ഷമതയും നല്‍കുന്നു. അതുപോലെ യോഗാ പരിശീലനത്തില്‍ ഒരു വ്യക്തി സ്വന്തം ശരീരത്തിലേക്കും തല്‍സമയം പ്രവര്‍ത്തിക്കുന്ന പേശികളിലേക്കും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതി വളരെയേറെ പ്രയോജനകരമാണ്. ഇത് ശരിയായ മാനസിക-ശാരീരിക ഏകോപനം (Physical- Mental Coordination) സാധ്യമാക്കുന്നു. കായികമല്‍സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത്തരം പരിശീലനം അവരുടെ ഏകാഗ്രതയും പ്രകടനപരതയും വര്‍ധിപ്പിക്കുവാന്‍ ഉപയോഗിക്കാവുന്നതാണ്. 

ആരോഗ്യപരമായ ഗുണങ്ങള്‍

1. മാനസിക സമ്മര്‍ദം കുറയുന്നു. വിഷാദരോഗമുള്ളവര്‍ മരുന്നുകള്‍ക്കും കൗണ്‍സിലിങ്ങിനും പുറമെ യോഗയും കൂടി അഭ്യസിക്കുന്നത് കൂടൂതല്‍ ആശ്വാസം പകരും. ശരീരത്തില്‍ സെറടോണിന്‍ അളവ് കൂട്ടുകയും മോണോഅമീന്‍ ഓക്സിഡേസ് എന്‍സൈമിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണം. 

2.ഹൃദ്രോഗത്തിന് കാരണമായ രക്തസമ്മര്‍ദം നിയന്ത്രിക്കുവാന്‍ മരുന്നുകളോടൊപ്പം യോഗവിദ്യ കൂടി അഭ്യസിക്കുന്നവര്‍ക്ക് കൂടുതല്‍ സാധിക്കുന്നു. ചില പഠനങ്ങള്‍ തെളിയിക്കുന്നത് യോഗ പരിശീലിക്കുന്ന ഹൃദ്രോഗികളില്‍ ആരോഗ്യമുള്ളവരിലും കൊളസ്ട്രോളിന്റെ അളവ് കൂടുതലായി നിയന്ത്രിക്കാന്‍ സാധിക്കുന്നു എന്നാണ്. ഇക്കാരണത്താല്‍ ഹൃദ്രോഗ പുനരധിവാസ ചികിത്സയില്‍ പല വിദഗ്ധരും യോഗ പരിശീലനം കൂടി ഉള്‍പ്പെടുത്തി വരുന്നു.

3. നാല് വര്‍ഷത്തോളം തുടര്‍ച്ചയായി ആഴ്ചയില്‍ 30 മിനിറ്റ് എങ്കിലും യോഗ പരിശീലിക്കുന്നവരില്‍ അമിതവണ്ണത്തെ തടയുന്നതായും അമിതവണ്ണമുള്ളവരില്‍ തന്നെ ഭാരം കുറയുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

4.വാതരോഗമുള്ളവരില്‍ സന്ധികളുടെ ചലനം വര്‍ധിപ്പിക്കുവാനും വഴക്കം നിലനിര്‍ത്തുവാനും യോഗ ഫലപ്രദമാണ്. പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ മരുന്നുകളോടൊപ്പം ഒരു വ്യായാമമുറയായി യോഗ അഭ്യസിക്കാവുന്നതാണ്.

ഓരോ വ്യക്തിയുടെയും ശാരീരികാവസ്ഥയ്ക്കനുസരിച്ച് ക്രോഡീകരിക്കുമ്പോഴാണ് ഏതൊരു വ്യായാമവും ഫലപ്രദമാകുന്നത്. യോഗയും അതുപോലെ തന്നെ. അതുകൊണ്ട് തന്നെ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ എന്ത്കൊണ്ടും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ യോഗ പരിശീലനം ആരംഭിക്കാവൂ. ഇതൊരിക്കലും ഒരു പൂര്‍ണമായ ചികിത്സാരീതിയല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്്. കാലങ്ങളായി നടുവേദനയോ ഡിസ്‌ക് പ്രശ്നങ്ങളോ ഉള്ളവര്‍, ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ എന്നിവര്‍ വിദഗ്ധോപദേശം തേടിയതിനു ശേഷം മാത്രം യോഗ അഭ്യസിക്കുക.

Content Highlights: International Yoga Day 2021 Yoga for Modern World