തൃശ്ശൂര്‍: ദേശീയ യോഗാഭ്യാസ മത്സരങ്ങളില്‍ താരമായി പ്ലസ്ടു വിദ്യാര്‍ഥി ഹിബ മറിയം. യോഗാ അസോസിയേഷന്‍ ഓഫ് കേരള കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തിവരുന്ന മത്സരങ്ങളില്‍ വിജയിയാണ് ഈ പതിനേഴുകാരി. കഴിഞ്ഞ അഞ്ചുവര്‍ഷവും യോഗാ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയമത്സരത്തിന് കേരളത്തിനുവേണ്ടി പങ്കെടുത്തിരുന്നു.

2018-ല്‍ പാട്യാലയില്‍ നടന്ന ദേശീയമത്സരത്തില്‍ സബ് ജൂനിയര്‍ യോഗാസന വിഭാഗത്തില്‍ വെങ്കലമെഡല്‍ നേടി. ഏഷ്യന്‍ യോഗാമത്സരത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ നാലാം സ്ഥാനത്തെത്തി. സോളില്‍ നടന്ന ഇന്റര്‍നാഷണല്‍ യോഗാ മത്സരത്തിന് യോഗ്യത നേടിയെങ്കിലും പ്രളയം കാരണം പങ്കെടുക്കാന്‍ സാധിച്ചില്ല.

2018-ല്‍ എന്‍.സി.ഇ.ആര്‍.ടി. നടത്തിയ യോഗ ഒളിമ്പ്യാഡില്‍ കേരളത്തില്‍നിന്നുള്ള വിജയിയായിരുന്നു. കോവിഡ് മഹാമാരിക്കിടെ കഴിഞ്ഞ വര്‍ഷം യോഗാ ഫെഡറേഷന്‍ ഓഫ് ഇന്ത്യ നടത്തിയ ഫെഡറേഷന്‍ കപ്പ് ഓണ്‍ലൈന്‍ യോഗാമത്സരത്തില്‍ ആര്‍ട്ടിസ്റ്റിക് സോളോ യോഗാമത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ നാലാംസ്ഥാനം ലഭിച്ചിരുന്നു. ഹിബ മറിയം എട്ടുവയസ്സുമുതല്‍ യോഗ പരിശീലിക്കുന്നുണ്ട്.

ചാവക്കാട് രാജാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യോഗാ അധ്യാപകരായ ബിനീത, ഷീബാ എന്നിവരാണ് ആദ്യപരിശീലകര്‍. ഇപ്പോള്‍ യോഗാ അധ്യാപകനായ ബെന്നി കൊള്ളന്നൂരിന്റെ കീഴിലാണ് മുഖ്യപരിശീലനം. കേരള ടീം കോച്ചുമാരായ കൃഷ്ണദാസ്, ഗോപന്‍ എന്നിവരുടെ പരിശീലനം നേടാറുണ്ട്.

അഭിഭാഷകനായ ചൊവ്വല്ലൂര്‍ കറുപ്പം വീട്ടില്‍ കെ.എച്ച്. ഹക്സറുടെയും ചങ്ങമ്പള്ളി ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറായ കെ.പി. സുബൈദയുടെയും മൂത്തമകളാണ് ഹിബ. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ഇളയസഹോദരി ഹവ്വ സോഫിയ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു.

Content Highlights: International Yoga Day 2021, Yoga Champion Hiba Mariyam