കൊച്ചി: ഏഴു മുതല്‍ 82 വയസ്സുവരെയുള്ള ശിഷ്യരുണ്ട് മായയ്ക്ക്. ഇവരില്‍ മലയാളികളും മറ്റു രാജ്യക്കാരുമുണ്ട്. കോവിഡാണ് ഓണ്‍ലൈന്‍ ക്ലാസെന്ന വലിയ ലോകത്തേക്ക് മായ എന്ന ട്രാന്‍സ്ജെന്‍ഡറിനെ എത്തിച്ചത്. യോഗ ട്രെയിനറായ മായയെയും കോവിഡ് ആദ്യമൊന്നുലച്ചെങ്കിലും പതറാതെ മുന്നോട്ടു പോകാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴിതുറന്നു.

യോഗ പരിശീലന ക്ലാസുകളുമായി മുമ്പുള്ളതിനെക്കാള്‍ തിരക്കിലാണ് മായ ആന്‍ ജോസഫ് എന്ന ഫോര്‍ട്ട്കൊച്ചിക്കാരി. കേരളത്തില്‍ മാത്രമല്ല, അങ്ങ് കാലിഫോര്‍ണിയ വരെയുണ്ട് മായയുടെ ശിഷ്യര്‍.

ജോലി വിട്ട് യോഗയിലേക്ക്

മൂത്ത സഹോദരി യോഗ ട്രെയിനറായിരുന്നു. ഇവരുടെ താത്പര്യപ്രകാരമാണ് പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ യോഗ പഠിച്ചു തുടങ്ങിയത്. മഹാരാജാസ് കോളേജില്‍ ഇംഗ്ലീഷ് സാഹിത്യം പഠിക്കാന്‍ ചേര്‍ന്നപ്പോഴും, അവധി ദിവസങ്ങളില്‍ യോഗ പരിശീലിച്ചു. 2006-ല്‍ യോഗാ ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സും മായ പാസായി.

2011-ല്‍ ക്വാളിറ്റി അനലിസ്റ്റായി ജോലി ചെയ്യുമ്പോഴാണ് അതവസാനിപ്പിച്ചു പൂര്‍ണമായും യോഗാ ട്രെയിനറായി മായ മാറുന്നത്. പനമ്പിള്ളി നഗര്‍, തേവര, ഫോര്‍ട്ട്കൊച്ചി എന്നിവിടങ്ങളിലെ ക്ലബ്ബുകളിലായിരുന്നു മായയുടെ യോഗാ ക്ലാസ്. മേക്കപ്പ് ആര്‍ട്ടിസ്റ്റായും ജോലി ചെയ്തു.

ഫുള്‍ടൈം പരിശീലനം

5.15-ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഒരേ സമയം ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ ഗ്രൂപ്പ് കോള്‍ ചെയ്തു ക്ലാസ് നല്‍കും. ഇതിനിടെ ഒരു മണിക്കൂര്‍ വീതം ഇടവേളയെടുത്ത് വിശ്രമിക്കും.

വൈകീട്ട് നാലിന് അമേരിക്കയിലെ കാലിഫോര്‍ണിയ, വിര്‍ജീനിയ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈനില്‍ എത്തും. രാത്രി 8.30-ഓടെ രാവിലെ തുടങ്ങിയ യോഗാഭ്യാസത്തിന് തിരശ്ശീലയിടും. 30 പേര്‍ സ്ഥിരമായി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നു. വര്‍ക്ക് അറ്റ് ഹോം തുടങ്ങിയതോടെ ആളുകള്‍ക്ക് ആരോഗ്യ പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധ വന്നിട്ടുണ്ട്. അതിനാല്‍ എല്ലാവരും മുടങ്ങാതെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്നും മായ പറയുന്നു.

Content Highlights: International yoga day 2021 , Transgender Yoga trainer Maya, Online yoga class