രിടത്ത് കൂട്ടം കൂടാതെ, മനസ്സുകൊണ്ട് ലോകം മുഴുവന്‍ ഒത്തുചേരേണ്ട കാലമാണിത്. അകലം എന്നത് ശാരീരികമായി പാലിക്കുകയും മനസ്സുകൊണ്ട് ഒന്നായി ചേരുകയും വേണം. കോവിഡ് എന്ന പകര്‍ച്ചവ്യാധി സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിക്കാന്‍ അത് അനിവാര്യമാണ്. ഈ അസാധാരണമായ സാഹചര്യത്തിലാണ് ഏഴാമത് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നത്. സുസ്ഥിതിക്കായി യോഗ ('Yoga for well being') എന്നതാണ് ഇത്തവണത്തെ സന്ദേശം.  വീട് എന്ന സുരക്ഷിത സ്ഥലത്ത് കുടുംബത്തോടൊപ്പം യോഗ ചെയ്യാം. മനസ്സുകൊണ്ട് ഒന്നായി മാറാം.

ഭാരതത്തിന്റെ മഹത്തായ കണ്ടെത്തലുകളിലൊന്നാണ് യോഗ. അത് ഇതിനകം ലോകത്തിന്റെ അംഗീകാരം നേടിക്കഴിഞ്ഞു. അന്താരാഷ്ട തലത്തില്‍ യോഗാദിനം ആചരിക്കുന്നത് ആ അംഗീകാരത്തെയാണ് കാണിച്ചുതരുന്നത്.  2014 സെപ്റ്റംബര്‍ 27 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ വെച്ച യോഗദിന നിര്‍ദേശത്തെ 2014 ഡിസംബര്‍ 11 ന് ചേര്‍ന്ന 69-ാം അസംബ്ലി അംഗീകരിക്കുകയായിരുന്നു. 2015 ജൂണ്‍ 21 നാണ് ആദ്യമായി അന്താരാഷ്ട്ര തലത്തില്‍ യോഗാദിനത്തിന് തുടക്കം കുറിച്ചത്. 190 ലധികം രാഷ്ട്രങ്ങള്‍ അതില്‍ പങ്കുചേരുകയുമുണ്ടായി.

ശാരീരികവും മാനസികവുമായ ഉണര്‍വിന് യോഗ നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് ധാരാളം ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് 19 പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ യോഗയുടെ ഗുണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യം കൈവന്നിട്ടുണ്ട്. മുന്‍പ് പരിചയമില്ലാത്തവിധം രോഗം പടര്‍ന്നുപിടിക്കുമ്പോള്‍ ജനങ്ങളിലുണ്ടാകുന്ന മാനസിക സമ്മര്‍ദം കുറയ്ക്കാനും രോഗത്തെ ചെറുക്കാന്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും യോഗയുടെ പ്രസക്തിയെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്.
 
യോഗയും ശ്വസനക്രിയകളും ശീലമാക്കണമെന്ന് ലോകാരോഗ്യസംഘടന  ലോകത്തോട് നിര്‍ദേശിച്ചത് അതിന്റെ പ്രധാന്യം തിരിച്ചറിഞ്ഞാണ്. കോവിഡ് പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മാനസിക സമ്മര്‍ദം ഒഴിവാക്കാന്‍ യോഗയും ശ്വസനക്രിയകളും ശീലമാക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ഇന്റര്‍ ഏജന്‍സി സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. ദിവസവും 20 മിനിറ്റെങ്കിലും ഇതിനായി സമയം നീക്കിവെക്കാനും നിര്‍ദേശമുണ്ട്.

മറ്റൊരു പ്രധാന കാര്യം പ്രതിരോധശേഷി എങ്ങനെ വര്‍ധിപ്പിക്കാമെന്നതാണ്. അതിനെ സഹായിക്കുന്നതാണ് യോഗാസനങ്ങള്‍. പ്രാണായാമം ശരീരത്തിലേക്ക് എത്തുന്ന ഓക്സിജന്‍ അളവ് കൂട്ടാന്‍ സഹായിക്കുന്നുണ്ട്. ആവശ്യത്തിന് ഓക്സിജന്‍ ചേര്‍ന്ന രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തുമ്പോള്‍ അത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കും. അങ്ങനെ ശരീരത്തിന്റെ പ്രതിരോധ ശേഷിയെയും കൂട്ടും. ഇങ്ങനെ യോഗാസനങ്ങള്‍ ശാരീരികവും മാനസികവുമായ മെച്ചങ്ങള്‍ നല്‍കുന്നുണ്ട്.

Content Highlights: International Yoga Day 2021 theme Yoga for well-being