ശാന്തിയും സമാധാനവും എന്തെന്നറിയാന്‍ സമാധാനമില്ലായ്മ എന്തെന്നറിയണം. എന്തുകൊണ്ടാണ് നാം സമാധാനം ആഗ്രഹിക്കുന്നത്? അതൊരു സ്വാഭാവിക സ്ഥിതിയാണോ?

ഒരിക്കല്‍ ലണ്ടനില്‍വെച്ച് ഒരു പ്രൊഫസര്‍ സ്വാമി വിവേകാനന്ദനോട് ചോദിച്ചു: ''അറിവു പകരുന്ന മഹദ്ഗ്രന്ഥവും കുറെ പണവും മുന്നില്‍വെച്ചാല്‍ താങ്കള്‍ ഏതെടുക്കും?'' സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: ''ഞാന്‍ പണം എടുക്കും.'' അറിവിനെ വിലമതിക്കാനാവാത്ത സ്വാമിജിയെ പ്രൊഫസര്‍ പരിഹസിച്ചു. വിവേകാനന്ദന്റെ മറുപടി ഇങ്ങനെ ആയിരുന്നു: ''സര്‍, നമുക്കില്ലാത്തതാണല്ലോ നാം സ്വീകരിക്കുന്നത്.'' പ്രൊഫസര്‍ പിന്നെയും പറഞ്ഞു, ''ഞാനാണെങ്കില്‍ അറിവു പകരുന്ന പുസ്തകം എടുക്കും.'' വീണ്ടും സ്വാമി പറഞ്ഞു: ''അതെ, നമുക്കില്ലാത്തതാണ് നാം വേണമെന്നുവെച്ചു സ്വീകരിക്കുന്നത്.''

പലരും ഇന്ന് യോഗ ചെയ്യുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനക്ഷമത കൈവരിക്കാനാണ്. ആചാര്യന്മാര്‍ പറയുന്നത്, യോഗയ്ക്ക് ദുഃഖങ്ങളും ദുരിതങ്ങളും ആവിര്‍ഭവിക്കുന്നതിനുമുന്‍പേ അവയെ തടയാന്‍ കഴിയുന്നു എന്നാണ്. ശ്രീകൃഷ്ണന്‍ ഗീതയില്‍ പറയുന്നതു പോലെ യോഗ കര്‍മകുശലത പ്രദാനംചെയ്യുന്നു. ഹൃദയങ്ങള്‍ തമ്മിലും ആത്മാവുകള്‍ തമ്മിലും വാക്കുകള്‍ക്കതീതമായി ആശയവിനിമയം സാധ്യമാകുന്നു. നീണ്ടരണ്ടുമണിക്കൂര്‍ ഒരാള്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്ന വിഷയം ഗ്രഹിക്കാന്‍ കഴിയണമെന്നില്ല. എന്നാല്‍, ഒരു കൊച്ചുകുഞ്ഞിന് കേവലം ഒരു നോട്ടംകൊണ്ട് അതേ ആശയം സന്ദേശമായി നമ്മെ അനുഭവിപ്പിക്കാന്‍ കഴിയുന്നു. യോഗയിലൂടെ ആശയവിനിമയം സാധ്യമാകുന്നു.

യോഗയിലൂടെ, ജ്ഞാനത്തിലൂടെ, ശരിയായ ആശയവിനിമയത്തിലൂടെ ശാന്തിയും സന്തോഷവും മനസ്സുകളില്‍ നിറയ്ക്കണം. വളര്‍ന്നുവരുന്ന തലമുറയ്ക്ക് നാം പകര്‍ന്നുനല്‍കുന്ന നല്ലപാഠം അതാകട്ടെ.

Content Highlights: International Yoga Day 2021, Sri Sri Ravi Shankar message