എടപ്പാള്‍: കോവിഡ്മൂലം കൂട്ടംകൂടലും കായിക-ആയോധന പരിശീലനങ്ങളടക്കമുള്ളവയും നിലച്ചതോടെ തങ്ങളുടെ യോഗാഭ്യാസനമോഹവും പൊലിഞ്ഞെന്നാണ് ഇരട്ടകളായ മമതയും ബാലഭാസ്‌കറും കരുതിയത്. എന്നാല്‍ സ്ഥിരോത്സാഹവും പഠിക്കാനുള്ള മനസ്സുമുണ്ടായാല്‍ കൂട്ടംകൂടാതെയും ആചാര്യനെ നേരില്‍ക്കാണാതെയും യോഗ പഠിക്കാമെന്ന് തെളിയിക്കുകയാണിവര്‍.

വട്ടംകുളം പുരമുണ്ടേക്കാട് വലക്കലായിക്കല്‍ ഷെര്‍ലിയുടെ മക്കളായ മമതയും ബാലഭാസ്‌കറുമാണ് കോവിഡ്കാലം യോഗാസനകലയ്ക്കായി നീക്കിവെച്ച് അദ്ഭുതപ്രകടനം കാഴ്ചവെക്കുന്നത്.

യോഗപരിശീലനം തുടങ്ങി അധികം കഴിയുംമുന്‍പാണ് കോവിഡെത്തിയത്. ഇതോടെ പരിശീലനംനിലച്ചു. യോഗ പഠിക്കണമെന്ന കലശലായ ആഗ്രഹം ആചാര്യനായ വട്ടംകുളത്തെ എം.പി. വിജയനുമായി പങ്കുവെച്ചു. കോവിഡ് കഴിയാതെ ക്ലാസുകള്‍ക്കൊന്നും മാര്‍ഗമില്ലെന്ന് നിരാശപ്പെട്ടിരുന്ന അദ്ദേഹം കുട്ടികളുടെ ആഗ്രഹം കണ്ടപ്പോഴാണ് സൂമില്‍ പഠിപ്പിക്കാനാകുമോയെന്ന് ചിന്തിച്ചത്.

യോഗയിലെ പല ആസനങ്ങളും അത്യന്തംശ്രദ്ധിച്ച് ഗുരുനാഥന്റെ സാന്നിധ്യത്തില്‍ ചെയ്യേണ്ടതാണ്. പലതും വീഴാനും പരിക്കുപറ്റാനുമെല്ലാം സാധ്യതയുള്ളവ. എന്നാലും ഒരുകൈ നോക്കാമെന്ന തീരുമാനത്തില്‍ ഇദ്ദേഹം വട്ടംകുളത്തെ വീട്ടിലും കുട്ടികള്‍ അവരുടെ വീട്ടിലുമിരുന്ന് പരിശീലനമാരംഭിച്ചു.

ആദ്യഘട്ടത്തില്‍ പല പ്രശ്നങ്ങളുമുണ്ടായെങ്കിലും തികഞ്ഞ ക്ഷമയോടെ തരണംചെയ്തു. ഇരട്ടകളായതിനാല്‍ പരസ്പരം സഹകരിച്ച് ഓരോരുത്തരായി ചെയ്തുപഠിച്ചു. പിന്നീട് ആചാര്യനെ കാണിച്ചും വീഡിയോ അയച്ച് തെറ്റുതിരുത്തിയും ശരിയാക്കി. ഒരുവര്‍ഷംകൊണ്ട് പ്രാഥമിക പാഠങ്ങളെല്ലാം പഠിച്ചു. ഏറെ പ്രയാസമുള്ള ആസനങ്ങളായ യോഗ നിദ്രാസനം, പിഞ്ച മയൂരാസനം, അധോമുഖ വൃക്സാസനം, അധോമുഖ വൃശ്ചികാസനം തുടങ്ങിയവയെല്ലാം ഇവര്‍ അഭ്യസിച്ചു. ഇവരുടെ അഭ്യാസപ്രകടനം കാണുമ്പോള്‍ ഇപ്പോള്‍ ഗുരുവിന്റെ മുഖത്തും അമ്പരപ്പ്. പൂക്കരത്തറ സ്‌കൂളില്‍ എട്ടാംക്‌ളാസ് വിദ്യാര്‍ഥികളാണ് ഇരുവരും.

Content Highlights: International Yoga Day 2021, Online Yoga Class