യോഗ എന്നാല്‍ ഒരു പരിശീലനമല്ല. ഒരു പ്രത്യേക പ്രവൃത്തിയോ സ്ഥിതിയോ അല്ല-അത് നമ്മള്‍ 'ആയിരിക്കുന്ന' ഒരു അവസ്ഥയാണ്. 'യോഗ' എന്ന വാക്ക് അടിസ്ഥാനപരമായി അര്‍ഥമാക്കുന്നത് 'കൂടിച്ചേരല്‍' എന്നാണ്. ഒരു വ്യക്തി എല്ലാറ്റിനെയും തന്റെതന്നെ ഭാഗമായി കാണാന്‍ തുടങ്ങിയാല്‍, അയാള്‍ യോഗയിലാണ്. യോഗയെന്നാല്‍ എന്താണെന്ന് വാക്കുകളാല്‍ പറയാന്‍ കഴിയില്ല. എന്നാല്‍, ഒരു വ്യക്തി തത്പരനാണെങ്കില്‍ യോഗയെ അനുഭവിക്കുകയെന്നത് തികച്ചും സാധ്യമാണ്.

യോഗയുടെ ശാരീരികമായ തലത്തെക്കുറിച്ച് പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍, മനുഷ്യന്റെ ശരീരഘടന പ്രപഞ്ചത്തിന്റെ ജ്യാമിതിയുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്നുള്ളതായിരുന്നു. കൂടുതലും വിശദമാക്കപ്പെട്ടിരുന്നത്. അതിനെ നമ്മള്‍ പരിപൂര്‍ണമായും പൊരുത്തപ്പെടുത്തിയാല്‍ എല്ലാ സംഘര്‍ഷവും എടുത്തുമാറ്റപ്പെടും. ആന്തരികമായ സംഘര്‍ഷമെന്നാല്‍, നിങ്ങള്‍ നിങ്ങളോടുതന്നെ യുദ്ധത്തിലാണ്. നിങ്ങള്‍ സ്വയം ഒരു പ്രശ്‌നമാണ്. അപ്പോള്‍ മറ്റൊരു പ്രശ്‌നത്തെ നിങ്ങള്‍ എങ്ങനെയാണ് കൈകാര്യംചെയ്യുക? നിങ്ങളുടെ മനസ്സും ശരീരവും വികാരങ്ങളും ഊര്‍ജവുമെല്ലാം നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം. അല്ലാതെ, അവ നിങ്ങളുടെ ജീവിതത്തില്‍ ഒരു തടസ്സമായി നില്‍ക്കരുത്. അത് സംഭവിക്കാനുള്ള ഒരേയൊരു വഴി യോഗയാണ്.

ശരീരവും മനസ്സും വികാരങ്ങളും ഊര്‍ജവും ശരിയായ രീതിയില്‍ ക്രമപ്പെട്ടാല്‍, പെട്ടെന്ന് ഈ ശരീരത്തിനും മനസ്സിനും നിങ്ങളുടെ വിദൂര സ്വപ്നത്തില്‍പ്പോലുമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. നിങ്ങളൊരു അമാനുഷികനാണെന്ന് ആളുകള്‍ വിചാരിക്കും. നിങ്ങള്‍ എന്തുതന്നെ ചെയ്താലും അതിലൊരു പ്രത്യേക വൈദഗ്ധ്യവും കണിശതയുമുണ്ടാവും. അതിനുകാരണം, ബോധപൂര്‍വമോ അല്ലാതെയോ അസ്തിത്വത്തിന്റെ ജ്യാമിതിയെ നിങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു എന്നതാണ്.

Content Highlights: International Yoga Day 2020 Sadhguru Jaggi Vasudev