ന്യൂഡല്‍ഹി: യോഗ ലോകത്തെ ഒന്നിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സാര്‍വത്രിക സാഹോദര്യത്തിന്റെ ദിവസമാണ്. യോഗ എല്ലാവരേയും ബന്ധിപ്പിക്കുന്നതിനാല്‍ ഇത് ഐക്യത്തിന്റെ ദിവസമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യാന്തര യോഗാദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'വീട്ടില്‍ യോഗ, കുടുംബത്തിനൊപ്പം യോഗ' എന്നതാണ് ഈ വര്‍ഷത്തെ യോഗാദിനത്തിന്റെ വിഷയം. ഇന്ന് നമ്മളെല്ലാവരും എല്ലാ പൊതുപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയും കുടുംബത്തിനൊപ്പം യോഗ ചെയ്യുകയും വേണം. കുടുംബാംഗങ്ങള്‍ ഒന്നിച്ച് യോഗ ചെയ്യുമ്പോള്‍ വീട്ടിലാകെ അത് ഊര്‍ജ്ജം നിറയ്ക്കും', പ്രധാനമന്ത്രി പറഞ്ഞു. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ യോഗ കൂടുതല്‍ ഗൗരവമായി പരിശീലിക്കേണ്ടതിന്റെ ആവശ്യകത ലോകം ഏറ്റെടുക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ധാരാളം ആസനങ്ങള്‍ യോഗയിലുണ്ട്. ഈ ആസനങ്ങള്‍ നമ്മുടെ പേശികളെയും ഉപാപചയ പ്രവര്‍ത്തനങ്ങളെയും ശക്തിപ്പെടുത്തുന്നു. കാറോണ വൈറസ് നമ്മുടെ ശ്വസനവ്യവസ്ഥയെയാണ് ആക്രമിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി സ്വയം സുരക്ഷിതരായി ഇരിക്കുന്നതിനുള്ള ഏറ്റവും നല്ല വ്യായാമമാണ് പ്രാണായാമമെന്നും പറഞ്ഞു. 

ആരോഗ്യകരമായ ഒരു ശീലത്തിനായുള്ള അന്വേഷണം യോഗ വര്‍ദ്ധിപ്പിക്കുന്നു. അതില്‍ യാതൊരുവിധ വിവേചനവുമില്ല. നിറം, വംശം, വിശ്വാസം, രാഷ്ട്രങ്ങള്‍ എന്നിവയ്ക്ക് അതീതമാണത്. ആര്‍ക്കും യോഗ സ്വീകരിക്കാന്‍ കഴിയും. അതിനായി നിങ്ങള്‍ക്ക് വേണ്ടത് കുറച്ച് സമയവും സ്ഥലവുമാണ്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Contnt Highlights: ‘Yoga brings people together’: PM Modi on International Yoga Day