തെറ്റായ ജീവിതശൈലികൊണ്ട് ഉണ്ടാകുന്ന വളരെ പ്രധാനപ്പെട്ട ഒന്നാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. അമിതകൊഴുപ്പ് അടിഞ്ഞുകൂടുന്നതുവഴി നമുക്ക് സുഖമായി ജോലിചെയ്യാനോ നടക്കാനോ ഓടാനോ ഇരിക്കാനോ സാധിക്കാതെ വരുന്നു. അമിതവണ്ണം മിക്ക രോഗങ്ങള്‍ക്കും ഇടയാകുന്നു. അല്പം വേഗത്തിലുള്ള പരിശീലനം ഗുണംചെയ്യുന്നു. ഹലാസനം വളരെ പ്രയോജനപ്രദമാണ്.

ഹലാസനം ചെയ്യുന്നവിധം

മലര്‍ന്ന്കിടക്കുക. കാലുകള്‍ ചേര്‍ത്ത് കൈപ്പത്തി കമഴ്ത്തി ശരീരത്തിനടുത്ത് തറയില്‍ പതിക്കുക. ശ്വാസമെടുത്ത് കാലുകളും അരക്കെട്ടും ഉയര്‍ത്തി തല പിന്നിലേക്കുനീക്കി പാദം തറയില്‍ പതിക്കുക. കാല്‍മുട്ട് മടക്കാതെ ശ്വാസംവിട്ടുകൊണ്ട് പൂര്‍വസ്ഥിതിയിലെത്തുക. പത്തോ പതിനഞ്ചോ തവണ പരിശീലിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: അധികം പ്രായംകൂടിയവര്‍ ഗുരുവിന്റെ കീഴിലേ പരിശീലിക്കാവൂ. കടുത്ത നടുവേദനയുള്ളവര്‍ പരിശീലിക്കരുത്.
പ്രയോജനം: അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഉപയോഗപ്പെടുത്താനും പുറംതള്ളാനും സാധിക്കുന്നു. പ്രത്യേകിച്ച് വയറിന്റെ ഉള്‍വശത്തും അരക്കെട്ടിന് മുകളില്‍ ഊരയുടെ ഭാഗത്തും ഫാറ്റിലിവര്‍ അസുഖമുള്ളവര്‍ക്കും ഇത് ഏറെ ഫലംചെയ്യുന്നു. അതുവഴി കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കുന്നു.

content highlight: Halasana, Yoga for health, Simple yogasanas