സീരിയലുകളിലുടെയും സിനിമകളിലുടെയുമൊക്കെ മലയാളികള്‍ക്ക് സുപരിചിതയാണ് ദേവിക നമ്പ്യാര്‍. മിനി സ്‌ക്രീനിലെ പ്രിയപ്പെട്ട 'ബാലാമണി'യുടെ ചുറുചുറുക്കിന്റെയും പ്രസരിപ്പിന്റെയും പിന്നില്‍ യോഗയുടെയും നൃത്തത്തിന്റെയും പോസിറ്റീവ് എനര്‍ജിയാണ്...ദേവികയുടെ യോഗ വിശേഷങ്ങള്‍. 

യോഗ ഒരു അനുഭവമാണ്

രാവിലെ ഉണരുക, നാമം ജപിക്കുക, തുടങ്ങിയ ചിട്ടകളൊക്കെ ചെറുപ്പത്തിലേ ഉണ്ടായിരുന്നു. വളര്‍ന്നപ്പോഴും സെലിബ്രിറ്റിയായപ്പോഴും അതിനൊന്നും മാറ്റംവന്നിട്ടില്ല. നൃത്തത്തോടായിരുന്നു ആദ്യ പാഷന്‍. ഇപ്പോഴും നൃത്തം ജീവിതത്തിന്റെ ഭാഗമാണ്. 2012 മുതലാണ് യോഗ അഭ്യസിക്കുന്നത്. ആദ്യം സീരിയസായിട്ടുള്ള പരിശീലനവും പഠനവും ഒന്നുമായിരുന്നില്ല. യോഗ എന്താണെന്നുതന്നെ വലിയ പിടിയില്ലായിരുന്നു. 2015-ല്‍ യോഗ ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് (വൈ.ഐ.സി) കിട്ടിയതോടെ യോഗയെ വളരെ ഗൗരവത്തോടെ കണ്ടുതുടങ്ങി.

പിന്നീട് പഠിച്ചതും പരിശീലിച്ചതുമെല്ലാം യോഗയെ ആഴത്തില്‍ മനസ്സിലാക്കിത്തന്നെയായിരുന്നു. അറിയുന്തോറുമാണ് യോഗയുടെ അദ്ഭുതങ്ങള്‍ മനസ്സിലാവുന്നത്. 'യോഗ തൊറാപ്പി'യില്‍ ഇപ്പോള്‍ എം.എസ്സി ചെയ്തു. യോഗ വഴിയുള്ള രോഗശമനമാണ് അതില്‍ പ്രധാനം. യോഗ തൊറാപ്പിയില്‍ യു.ജി.സി. നെറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പാണ്. ആ കടമ്പ കടന്നാല്‍ യോഗ അധ്യാപികയായി എന്നെ കാണാം. ഇപ്പോള്‍ എളമക്കര പതജ്ഞലി സെന്ററില്‍ അഡ്വാന്‍സ്ഡ് യോഗ ചെയ്യുന്നു

devika nambiarരോഗശമനത്തിന് യോഗ

മനുഷ്യന്റെയുള്ളില്‍ത്തന്നെയുള്ള 'ജീവശക്തി'യെ കണ്ടെത്തി സജീവമാക്കുന്നതോടെ യോഗവഴി രോഗ ശാന്തിയും സ്വായത്തമാകും. പ്രത്യേകിച്ച്, ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നാണ് യോഗ. ശാരീരികാവയവങ്ങളുടെ സന്തുലിതമായ എകോപനവും ലയനവുമാണ് സാധ്യമാകുന്നത്. പല രോഗങ്ങളുടെയും കാരണം മാനസികമാണ്. കൗണ്‍സലിങ്ങും യോഗ തൊറാപ്പിയും ചേര്‍ന്നാല്‍ പല രോഗങ്ങള്‍ക്കും ശമനമുണ്ടാക്കാനാവും.

വീട്ടില്‍ ചെറിയരീതിയില്‍ യോഗ ക്ലാസ് നടത്തുന്നുണ്ട്. പക്ഷേ, തിരക്കുമൂലം കൃത്യമായി കൊണ്ടുപോവാന്‍ കഴിയാറില്ല. വീടിനടുത്തുള്ള കുറച്ചുപേര്‍ക്ക് ഇപ്പോള്‍ യോഗയുടെ അടിസ്ഥാന പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നുണ്ട്. ചെറിയ ഇടത്തിലെ പരിമിതിക്കുള്ളില്‍ നിന്നാണ് ഇപ്പോഴത്തെ പഠിപ്പിക്കല്‍.

സ്വപ്നം യോഗ സ്‌കൂള്‍

യോഗയുടെ ഗുണഫലങ്ങള്‍ കൂടുതല്‍പേരിലേക്ക് എത്തിക്കണമെന്നുണ്ട്. 'ദേവിക ആര്‍ട്ടിസ്റ്റിക് സ്‌പേസ് ഫോര്‍ ഡാന്‍സ് ആന്‍ഡ് യോഗ' എന്ന പേരില്‍ ഒരു സ്ഥാപനമെന സ്വപ്നത്തിന് പിറകേയാണ് ഞാന്‍. നൃത്തവും യോഗയും കൗണ്‍സലിങ്ങും... അങ്ങനെ ഞാന്‍ പഠിച്ചത് പങ്കുവെയ്ക്കാനൊരിടമാണ് തേടുന്നത്. അതിനുള്ള സ്ഥലം നോക്കിക്കൊണ്ടിരിക്കുന്നു. പഠിപ്പിക്കാമോ എന്നു ചോദിച്ച് നിരവധിപേര്‍ വരുന്നുണ്ട്. നല്ല സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ പഠിപ്പിക്കലും പഠനവും സുഖകരമാവൂ...

മിതത്വം അതാണ് യോഗ

യോഗ എന്നില്‍ ഒരു പാട് മാറ്റങ്ങള്‍ വരുത്തി. നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും നിയന്ത്രണത്തിന്റെ കടിഞ്ഞാണ്‍ നമ്മള്‍തന്നെയായി മാറും... ദേഷ്യം, സങ്കടം. സന്തോഷം അങ്ങനെ ഒന്നിലും പരിധി വിടില്ല, മതിമറക്കില്ല. എന്തിലും മിതത്വം, ലാളിത്യം... അതാണ് യോഗ.

യോഗയില്‍ ഗുരുസ്ഥാനത്ത് ഒരുപാടുപേരുണ്ട്. വാസുദേവന്‍ നമ്പുതിതിരി മാഷ്, പതജ്ഞലി യോഗ സെന്ററിലെ മനോജ്, ശ്രീജിത്ത്, ജയേഷ്, ജി. അരുണ്‍ ഇവരൊക്കെ യോഗയില്‍ നേര്‍വഴി തെളിയിച്ചവരാണ്.

ഓരോ വ്യക്തിക്കും ഓരോ ശരീരപ്രകൃതിയാണ്, രീതികളാണ്. ആദ്യം നമ്മളെത്തന്നെ മനസ്സിലാക്കുക, അറിയുക. നിങ്ങള്‍ക്ക് വേണ്ടത് എന്താണോ അത് യോഗ തരും. യോഗയെ ശാരീരിക-ആത്മീയ വ്യായാമശൈലിയായി കാണുക... ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക.

Content Highlight: Serian Actress Devika Nambiar Yoga, International Yoga Day, Daily Yoga, Yoga for health