നൃത്തമാണോ യോഗയാണോ പ്രിയപ്പെട്ടതെന്ന് ആരേലും ചോദിച്ചാല്‍ ഞാനൊന്ന് പരുങ്ങും. കാരണം, രണ്ടും ഒരേപോലെ പ്രിയപ്പെട്ടതാണല്ലോ. കുഞ്ഞുന്നാളിലേ കാലില്‍ ചിലങ്കയണിഞ്ഞതാണ്. സ്‌കൂള്‍പഠന കാലയളവില്‍ ഇടയ്ക്ക് കൂടെക്കൂടിയതാണ് യോഗ. സ്‌കൂളില്‍ യോഗ ക്ലാസുണ്ടായിരുന്നു. അന്ന് ചുമ്മാതെ ചേര്‍ന്നതാണ് യോഗയ്ക്ക്. പിന്നീട് മെല്ലെ ഇഷ്ടപ്പെട്ടുതുടങ്ങി. യോഗ ചെയ്യാന്‍ തുടങ്ങിയത് മുതല്‍ നൃത്തത്തിലെ പല പൊസിഷനുകളും എളുപ്പമായിത്തുടങ്ങി. അന്ന് ഉറപ്പിച്ചതാണ് ഇനി നൃത്തത്തിന് ഒരു കൂട്ടായി എനിക്കൊപ്പം യോഗയും കാണുമെന്ന്. പക്ഷേ സ്‌കൂള്‍ കഴിഞ്ഞതോടെ ചെറുതായിട്ട് യോഗയോട് കൂട്ടുകൂടാതെ മടിച്ചുനിന്നിരുന്നു.

എന്റെ ഏറ്റവും ഇഷ്ടപ്പെട്ട യോഗ പൊസിഷന്‍ ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു, 'ശലഭാസനം'. ഈ ബട്ടര്‍ഫ്‌ളൈ ചിറകിട്ടടിക്കുന്ന പോലെ കാലുകള്‍ രണ്ടുമിങ്ങനെ വച്ചിട്ടുള്ളതില്ലേ, അതുതന്നെ. നൃത്തത്തിലെ അരമണ്ഡലം പോസ് ചെയ്യാന്‍ ഏറ്റവും സഹായകമായത് ശലഭാസനം ചെയ്യുന്നതുകൊണ്ടുകൂടിയാണ്.

niranjanaകാലുകള്‍ നന്നായി സ്ട്രെച്ച് ചെയ്യാന്‍ യോഗ ഗുണംചെയ്തിട്ടുണ്ട്. അതുപോലെതന്നെ യോഗയിലെ ശ്വസനവ്യായമവും നൃത്തത്തെ സഹായിക്കും. പരീക്ഷസമയമായാല്‍ യോഗ മുടക്കത്തേയില്ല. കാരണം ഭയങ്കര ഏകാഗ്രതയും മനഃസുഖവും കിട്ടും. അതേപോലെതന്നെ മനസ്സെപ്പോഴും ശാന്തമായിരിക്കും.

പിന്നെ, ചിന്നുചേച്ചി (സംയുക്ത മേനോന്‍) യോഗ ചെയ്യുന്നത് കാണുമ്പോള്‍ അസൂയതോന്നും. ചേച്ചി യോഗയ്ക്കുവേണ്ടി ജീവിക്കുകയാണെന്ന് തോന്നിപ്പോകും ചിലപ്പോള്‍. അതേപോലെയൊക്കെ ചെയ്യാന്‍ കൂടുതല്‍ മനസ്സിരുത്തി യോഗ പഠിക്കണമെന്ന് ആഗ്രഹമുണ്ടാകാറുണ്ട്.

Content Highlight: Niranjana Anoop Yoga and Dance , Yoga Day, Niranjan Anoop Fitness, Daily Yoga