തിമൂന്നുകാരി ഹിമ ഓരോ യോഗാസനങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കാഴ്ചക്കാര്‍ അമ്പരന്നുപോവും, ഇത്രയും മെയ്‌വഴക്കമോ എന്ന് ആശ്ചര്യപ്പെടും. ആറ് വര്‍ഷം കൊണ്ട് യോഗയില്‍ അസാമാന്യ പ്രാഗത്ഭ്യം നേടിക്കഴിഞ്ഞു ഈ പെണ്‍കുട്ടി. 

കോട്ടയം കങ്ങഴ ബസേലിയസ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ഹിമ രണ്ടാ ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സ്‌കൂള്‍ ആക്ടിവിറ്റിയുടെ ഭാഗമായി യോഗാപഠനം ആരംഭിച്ചത്. എന്നാല്‍ സമപ്രായക്കാരായ മറ്റ് കുട്ടികളേക്കാള്‍ താല്‍പര്യവും മെയ് വഴക്കവും ഹിമയ്ക്ക് ഉണ്ടെന്ന് മനസ്സിലായതോടെ യോഗയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മത്സരാടിസ്ഥാനത്തില്‍ യോഗ പരിശീലിക്കാന്‍ അധ്യാപകര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെ സ്‌കൂള്‍ ആക്ടിവിറ്റി കാലം കഴിഞ്ഞപ്പോഴും ഹിമ യോഗപരിശീലനം വിടാതെ പിന്തുടര്‍ന്നു. 

ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലുമടക്കം നിരവധി മത്സരവേദികളിലാണ് ഹിമ തന്റെ അസാമാന്യ പ്രകടനം കാഴ്ചവെച്ച് സമ്മാനങ്ങള്‍ വാരിക്കൂട്ടിയത്. യോഗ ഫെഡറേഷന്‍ സംഘടിപ്പിച്ച ദേശീയ മത്സരത്തില്‍ ആദ്യമായി കേരളം പങ്കെടുത്തപ്പോള്‍ ടീമില്‍ ഹിമയും ഇടം നേടിയിരുന്നു. യോഗാസനങ്ങളിലാണ് തുടക്കമെങ്കിലും ആര്‍ട്ടിസ്റ്റിക് റിഥമിക് യോഗ, സ്‌പോര്‍ട്‌സ് യോഗ എന്നിവയാണ് ഇപ്പോള്‍ ഹിമയുടെ തട്ടകങ്ങള്‍. യോഗാധ്യപകന്‍ വികെ ഷാബുവിന്റെ കീഴിലാണ് ഇപ്പോള്‍ ഹിമ യോഗ പരിശീലിക്കുന്നത്. 

യോഗയില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കണമെന്നാണ് ഹിമയുടെ ആഗ്രഹം. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയാല്‍ യോഗപഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് മികച്ച യോഗപരിശീലകയാവണമെന്നാണ് ഹിമയുടെ ആഗ്രഹം. ഹിമയുടെ സ്വപ്‌നങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കിക്കൊണ്ട് കുടുംബവും കൂടെയുണ്ട്.

Content Highlight: Hima Jacob, International Yoga Day, Yoga Performer, Daily Yoga, Rhythmic Yoga, Sports Yoga