പ്രകൃതിയുടെ ഊര്‍ജസ്രോതസ്സായ സൂര്യന് അഭിമുഖമായി നിന്നു നമസ്‌കരിക്കുന്നതാണ് സൂര്യനമസ്‌കാരം. രാവിലെ സൂര്യന്‍ ഉദിച്ചുവരുമ്പോഴും വൈകുന്നേരം അസ്തമനവേളയിലും പ്രകൃതിയുടെ ഊര്‍ജസ്രോതസ്സായ സൂര്യനെ മുഴുവന്‍ ശരീരം കൊണ്ടും നമസ്‌കരിക്കുകയാണിവിടെ. പ്രകൃതിയോടും പ്രപഞ്ചചൈതന്യത്തോടുമുള്ള വിനീതമായ ആദരമായിക്കൂടി സൂര്യനമസ്‌കാരത്തെ കാണാം.

ആദിത്യസ്യ നമസ്‌കാരാഃ
യേ കുര്‍വന്തി ദിനേദിനേ
തസ്യരോഗാഃ ന ജായന്തേ
ജരാ മൃത്യു കൃതാനി ച

എന്നാണ് ആയുര്‍വേദാചാര്യന്മാര്‍ സൂര്യനമസ്‌കാരത്തെക്കുറിച്ചു പറയുന്നത്. നിത്യവും സൂര്യനമസ്‌കാരം ചെയ്യുന്നവരെ രോഗങ്ങളോ ജരാനരകളോ ബാധിക്കുകയില്ല എന്നര്‍ത്ഥം. എല്ലാ സന്ധികള്‍ക്കും മാംസപേശികള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഒരു സമ്പൂര്‍ണ വ്യായാമമാണ് സൂര്യനമസ്‌കാരം.

മാനസിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക വഴി വ്യക്തിത്വ വികാസത്തില്‍ സ്വാധീനം ചെലുത്താന്‍ സൂര്യനമസ്‌ക്കാരം പരിശീലിക്കുന്നത് സഹായിക്കും. എന്നാല്‍, നടുവേദന, രക്താതിസമ്മര്‍ദം, ഹെര്‍ണിയ തുടങ്ങിയ രോഗങ്ങളുള്ളവര്‍ യോഗാചാര്യന്റെ നേരിട്ടുള്ള ഉപദേശപ്രകാരമേ ഇത് പരിശീലിക്കാവൂ. നിലത്ത് കട്ടിയുള്ള തുണി വിരിച്ച് അതിന്റെ അറ്റത്ത് നില്‍ക്കുക. കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞു നില്‍ക്കുന്നതാണ് നന്ന്. കൈകള്‍ ശരീരത്തിനിരുവശത്തും തൂക്കിയിട്ട് കണ്ണുകളടച്ച് ശരീരത്തിന്റെ രൂപം പൂര്‍ണമായി മനസില്‍ സങ്കല്‍പ്പിക്കുക. സാധാരണ ശ്വാസഗതി. ഉള്ളംകാലിലൂടെ ശരീരത്തിലാകമാനം ഒരു ജീവശ്ശക്തി ഭൂമിയില്‍ നിന്ന് ഇരച്ചുകയറുന്നതായി മനസില്‍ കാണുക. 

സൂര്യാനമസ്കാരം ചെയ്യേണ്ട വിധം

നിവര്‍ന്നു നില്‍ക്കുക. കാലുകള്‍ ചേര്‍ത്തുവയ്ക്കുക, കൈകള്‍ ഹൃദയഭാഗത്തായി കൂപ്പിവയ്ക്കുക. ഹൃദയത്തിന്റെയും കൈകളിലെയും ശാന്തമായ അവസ്ഥ ശ്രദ്ധിക്കുക. അല്‍പ്പനേരം ഈ അവസ്ഥയില്‍ സാധാരണ ശ്വാസഗതിയോടെ നില്‍ക്കുക. മനസും ശരീരവും ശാന്തമായി വരുന്നതില്‍ വേണം ശ്രദ്ധിക്കാന്‍. പിന്നീട്, ശ്വാസം നന്നായി ഉള്ളലേക്കെടുത്തുകൊണ്ട് കൈകള്‍ തലയക്ക് മീതെ ഉയര്‍ത്തുകയും പിന്നിലേക്ക് അല്‍പ്പം വളയുകയും ചെയ്യുക. മുകളിലേക്ക് നോക്കുക. (ബലം പ്രയോഗിച്ച് വളയാന്‍ ശ്രമിക്കരുത്). 

അതിന് ശേഷം ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് ശരീരം അരക്കെട്ടിന്റെ ഭാഗത്തുനിന്ന് വളയ്ക്കുക. സുഖകരമായ വിധത്തില്‍ മുന്നോട്ടു വളയുക. ഉള്ളംകൈകള്‍ കാല്‍പ്പാദങ്ങള്‍ക്ക് ഇരുവശത്തുമായി നിലത്ത് പതിച്ചുവെയ്ക്കുക. ഇത് ബലം പ്രയോഗിച്ച് പാടില്ല. ശരീരം സുഖകരമായി എത്രത്തോളം വളയുന്നുവോ ആ അവസ്ഥയില്‍ മാത്രം നിര്‍ത്തുക. 

ആ അവസ്ഥയില്‍ നിന്ന് ഇടതുകാല്‍മുട്ടു മടക്കുകയും വലതുകാല്‍ പുറകോട്ടു നീട്ടിവയ്ക്കുകയും ചെയ്യുക. വലതുകാല്‍മുട്ട് നിലത്തു മുട്ടിയിരിക്കണം. നട്ടുല്ലു പിന്നോട്ടു വളച്ച് തല മുകളിലേക്കായി കഴിയുന്നത്ര മുകളിലേക്കു നോക്കുക. അതോടൊപ്പം ശ്വാസം സുഖകരമായി ദീര്‍ഘമായി ഉള്ളിലേക്കെടുക്കുക. ആ അവസ്ഥയില്‍ നിന്ന് കാല്‍മുട്ടുകള്‍ മടക്കി നിലത്തു തൊടുക. അരക്കെട്ടിന്റെ ഭാഗം അല്‍പ്പം ഉയര്‍ത്തുക. നെഞ്ചു താഴ്ത്തി നിലത്തു തൊടുവിക്കുക. 

അതിനു ശേഷം നാഭിഭാഗം നിലത്തോടു ചേര്‍ത്തുകൊണ്ടുവരികയും കൈകളുടെ സഹായത്തോടെ നെഞ്ചുയര്‍ത്തി തല പിന്നോട്ടു വളച്ച് മുകളിലേക്കു നോക്കുകയും ചെയ്യുക. ഒപ്പം ശ്വാസം ഉള്ളിലേക്കെടുക്കുക. കൈപ്പത്തികള്‍ നലത്തു പതിപ്പിച്ചുകൊണ്ടുതന്നെ അരക്കെട്ടിന്റെ ഭാഗം മേല്‍പ്പോട്ടുയര്‍ത്തുക. തല തൂക്കിയിടുക, ശ്വാസം പുറത്തേക്കു വിടുക. ഇടതു കാല്‍പ്പാദം രണ്ടു കൈപ്പത്തികള്‍ക്കിടയിലും സമാന്തരമായി വരും വിധം വയ്ക്കുക. വലത്തെ കാല്‍മുട്ട് നിലത്ത് തൊടുവിക്കുക. തലയുടെയും നെഞ്ചിന്റെയും ഭാഗങ്ങള്‍ പിന്നിലോട്ടു വളച്ചു കഴിയുന്നത്ര മുകളിലേക്കു നോക്കുക. ഒപ്പം ശ്വാസം ഉള്ളിലേക്കെടുക്കുക. 

അതിന് ശേഷം വലതുകാല്‍ ഇടതുകാലിന് സമാന്തരമായി വയ്ക്കുക. കാലുകള്‍ നിവര്‍ത്തിവയ്ക്കുക. (കാല്‍മുട്ട് മടങ്ങരുത്). തല കാല്‍മുട്ടിനടുത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുക (ബലം പ്രയോഗിക്കരുത്). കൈപ്പത്തികള്‍ കാല്‍പ്പാദങ്ങള്‍ക്ക് ഇരുവശത്തുമായി നിലത്ത് പതിച്ചു വെയ്ക്കുക (കഴിയും വിധം). ശ്വാസം പുറത്തേക്കു വിടുക. അതിനു ശേഷം തലയും കൈകളും ഉയര്‍ത്തി ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് കൈകള്‍ തലയ്ക്കു മീതെ ഉയര്‍ത്തുകയും പിന്നിലേക്ക് അല്‍പ്പം വളയുകയും ചെയ്യുക. അതിന് ശേഷം കൈകള്‍ കൂപ്പി ആദ്യ അവസ്ഥയിലേക്ക് തിരിച്ചെത്തുക. 

ഇത്രയുമായാല്‍, സൂര്യനമസ്‌ക്കാരം പകുതിയായി. ബാക്കി പകുതി കൂടിയാകുമ്പോഴേ പൂര്‍ത്തിയാകൂ.

Content Highlight: benefits of surya namaskar, Daily Yoga, Yoga for beginners,