യോഗയ്ക്ക് പഴയകാലത്തിനേക്കാളും സ്വീകാര്യത നല്‍കുന്ന ഒരു സമൂഹം ഇന്ന് വളര്‍ന്ന് വരുന്നുണ്ട്. അത് യോഗയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. പക്ഷെ പലര്‍ക്കും എങ്ങനെ തുടങ്ങണമെന്നതില്‍ വലിയ ആശങ്കയുണ്ട്. ക്ഷമയാണ് ആദ്യം വേണ്ടത്. ശരീരം നന്നായി വഴങ്ങിക്കിട്ടാന്‍ കുറച്ചു ദിവസമെടുക്കുമെന്ന് ഓര്‍മിക്കുക.  തുടക്കകാര്‍ക്ക് വേണ്ടി ഇതാ ചില യോഗാ ടിപ്‌സ്.

  • സന്ധികളില്‍ വേദനയുണ്ടാവുന്നത് ആദ്യമൊക്കെ സ്വാഭാവികം. അതിന് പ്രത്യേകം ചികില്‍സയ്ക്കു പോകേണ്ടതില്ല.
  • ഓരോ ദിവസവും ഓരോ യോഗാസനം വീതം കൂട്ടിച്ചെയ്യുക. ശരീരം വഴക്കമുള്ളതാക്കാനുള്ള ലഘു വ്യായാമങ്ങള്‍ ചെയ്യുക.
  • ശ്വാസകോശം നിറയെ ശ്വാസമെടുത്തു പരിശീലിക്കുക. ശ്വസനക്രിയ യോഗാനങ്ങളില്‍ വളെര പ്രധാനപ്പെട്ടതാണ്.
  • യോഗ ചെയ്യുന്നതിനായി ശാന്തമായ ഒരു ഇടം തിരഞ്ഞെടുക്കുക. മറ്റു ശബ്ദങ്ങളോ ബഹളങ്ങളോ നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കരുത്.
  • തീവ്രത കുറഞ്ഞ പ്രകാശവും ശാന്തമായ സംഗീതവുമുള്ള അന്തരീക്ഷം നിങ്ങള്‍ക്കൊരു പൊസിറ്റീവ് എനര്‍ജി നല്‍കും.
  • എല്ലാ ദിവസവും ഒരേ സമയം തന്നെ തിരഞ്ഞെടുക്കണം യോഗ ചെയ്യാന്‍. ഇത് നിങ്ങളുടെ ശരീരത്തിലെ ക്ലോക്കിന് കൃത്യത നല്‍കും.
  • യോഗയെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ വായിക്കുന്നതും യോഗാസനങ്ങളുടെ വീഡിയോ കാണുന്നതും യോഗയോടുള്ള നിങ്ങളുടെ താല്‍പര്യം വര്‍ധിപ്പിക്കും.
  • ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍ യോഗാ സമയത്ത് ഒഴിവാക്കുക. വയറുനിറയെ ആഹാരം കഴിച്ച ഉടന്‍ യോഗ ചെയ്യാതിരിക്കുക.
  • കഴിവതും തറയില്‍ പായ് വിരിച്ചുവേണം യോഗ അഭ്യസിക്കാന്‍. കിടക്ക ഒഴിവാക്കുക.
  • ഗുരുമുഖത്തു നിന്ന് യോഗ അഭ്യസിക്കുന്നതാണ് അത്യുത്തമം