രോഗങ്ങള്‍ ആധുനിക മനുഷ്യന്റെ പിന്നാലെത്തന്നെയുണ്ട്. ഈ സാഹചര്യത്തിലാണ് രോഗപ്രതിരോധത്തിന്റെ പ്രസക്തി ഏറുന്നത്. ശരീരവും മനസ്സും സുസ്ഥിതി പ്രാപിക്കുകയാണ് രോഗ പ്രതിരോധത്തിനും നിവാരണത്തിനും വേണ്ട പ്രാഥമികമായ കാര്യം. ഇവിടെയാണ് യോഗയുടെ പ്രാധാന്യം.

ഹിരണ്യഗര്‍ഭന്‍ കണ്ടെത്തുകയും പതഞ്ജലി മഹര്‍ഷി ശാസ്ത്രീയവത്കരിക്കുകയും ചെയ്ത യോഗമുറകളില്‍ രോഗമുക്തിക്ക് ഏറെ പ്രധാന്യമുണ്ട്. 'രോഗങ്ങള്‍ക്കനുസരിച്ച് യോഗ' എന്നതിന് ഇപ്പോള്‍ ശാസ്ത്രീയ പരിശീലകര്‍ ഏറെ പ്രാമുഖ്യം നല്‍കുന്നു.

രോഗനിര്‍ണയം പ്രധാനം

എല്ലാ രോഗങ്ങള്‍ക്കും പൊതുവെ യോഗാഭ്യാസ മുറകള്‍ നിര്‍ദേശിക്കുന്നത് അപകടം ചെയ്യും. ഡോക്ടറുടെ വിദഗ്ധ ചികിത്സയില്‍ ഒരു വ്യക്തിക്ക് എന്തെല്ലാം അസുഖങ്ങളാണുള്ളത് എന്ന് കണ്ടെത്തുന്നത് പ്രധാനമാണ്. ഇക്കാര്യം യോഗ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്നയാളെ അറിയിച്ച് അഭികാമ്യമായവ പരിശീലിക്കുകയാണ് ഉത്തമം. ഉദാഹരണത്തിന് പ്രമേഹം മാത്രമുള്ള രോഗിക്ക് നിര്‍ദേശിക്കുന്ന യോഗമുറകള്‍ രക്തസമ്മര്‍ദംകൂടിയുള്ള മറ്റൊരു വ്യക്തിക്ക് യോജിക്കില്ല. അതുപോലെ, ചെറുപ്പക്കാര്‍ ചെയ്യുന്ന എല്ലാ ആസനങ്ങളും പ്രായമുള്ളവര്‍ ചെയ്യുന്നതും ഗുണകരമല്ല.

  • മനോജന്യരോഗങ്ങള്‍

ആധുനിക ലോകത്തില്‍ മനോജന്യരോഗങ്ങള്‍ കൂടി വരുന്നതായി കാണുന്നു. തളര്‍വാതം, അന്ധത, രക്തസമ്മര്‍ദം, തലവേദന, പെപ്പറ്റിക് അള്‍സര്‍, തളര്‍ച്ച, പേശികള്‍ കോച്ചിവലിക്കുന്ന തരത്തിലുള്ള അസ്വാസ്ഥ്യം , ദഹനക്കുറവ്, മറവി, വയറിളക്കം തുടങ്ങിയവയും മനോജന്യരോഗങ്ങളായി പ്രത്യക്ഷപ്പെടാം.

ധ്യാനവും യോഗനിദ്രയുമാണ് പൊതുവായി മനോജന്യരോഗങ്ങള്‍ക്ക് നിര്‍ദേശിക്കുന്നവ. രാവിലെയും വൈകിട്ടും 20 മിനിറ്റുവീതം ചെയ്താല്‍ രോഗശാന്തിയുണ്ടാകുമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

  • ആസ്ത്മ

ഈര്‍പ്പമുള്ള കാലാവസ്ഥ ആസ്ത്മയ്ക്ക് അനുകൂലമായ സാഹചര്യമാണ്. മറ്റു ചികിത്സകള്‍ക്കുപുറമേ ശരീരത്തിന്റെ പ്രതിരോഗം വര്‍ധിപ്പിക്കുന്നതും രോഗം ഇല്ലാതാക്കുന്നതിന് പ്രധാനമാണ്.

പൊതുവായ യോഗമുറകള്‍ക്കൊപ്പം പ്രാണായാമവും കൃത്യമായി ചെയ്യുന്നവര്‍ക്ക് ആസ്ത്മയില്‍ നിന്ന് മോചനം നേടാം. 15 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെ സമയമാണ് വേണ്ടത്.

  • സ്‌പോണ്ടിലൈറ്റിസും പുറംവേദനയും

ഒരേ ഇരിപ്പില്‍ ഏറെനേരം ഇരുന്ന്‌ജോലിചെയ്യുന്നവരില്‍ ഇത്തരം രോഗങ്ങള്‍ കണ്ടുവരുന്നു. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നവരാണ് ഈ രോഗാവസ്ഥ ഏറെ നേരിടുന്നത്. പ്രാണായാമം, യോഗനിദ്ര, ധ്യാനം എന്നിവ പൊതുവായി പറയാമെങ്കിലും ഈ രോഗങ്ങള്‍ക്ക് യോഗ തെറാപ്പിസ്റ്റ് പ്രത്യേകം നിര്‍ദേശിക്കുന്ന ആസനങ്ങളേ പരിശീലിക്കാവൂ

  • പ്രമേഹം

അടിസ്ഥാന യോഗാസനമുറകളെല്ലാം പ്രമേഹരോഗികള്‍ക്ക് ചെയ്യാവുന്നതാണ്. ധനുരാസനം, ഭുജംഗാസനം, വക്രാസനം, അര്‍ധമത്സ്യേന്ദ്രാസനം, ഭസ്ത്രിക പ്രാണായാമം, ധ്യാനം, യോഗനിദ്ര എന്നിവ ഇതില്‍പ്പെടും. എന്നാല്‍ പ്രമേഹത്തിനൊപ്പം രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍ എന്നിവയുണ്ടെങ്കില്‍ യോഗ പരിശീലകന്റെ പ്രത്യേക നിര്‍ദേശപ്രകാരമേ പരിശീലനം തുടങ്ങാവൂ. യോഗാസനമുറകള്‍ മുടങ്ങാതെ ചെയ്യുകയാണ് പ്രമേഹത്തെ വരുതിയിലാക്കാനുള്ള മാര്‍ഗം.

  • പൊണ്ണത്തടി

കേരളത്തില്‍ പൊണ്ണത്തടിയുള്ളവരുടെ എണ്ണം ഏറിവരുന്നു. മാറിയ ജീവിതശൈലിയില്‍ ഭക്ഷണരീതിയും വ്യായാമക്കുറവും പൊണ്ണത്തടിയന്മാരുടെ സംഖ്യ കൂടാന്‍ കാരണമാകുന്നു.

സൂര്യനമസ്‌കാരമാണ് അമിതവണ്ണമുള്ളവര്‍ക്ക് യോജിച്ച യോഗാസനമുറ. എന്നാല്‍ രക്തസമ്മര്‍ദം, പുറംവേദന, ഹൃദയസംബന്ധമായ അസുഖം തുടങ്ങിയവയുള്ളവര്‍ ഇതു ചെയ്യാന്‍ പാടില്ല.

  • ഏകാഗ്രതക്കുറവ്

വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്നാണ് പാഠ്യവിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള വൈഷമ്യം. യോഗാസനം ഇതിനൊരു പരിഹാരമായി നിര്‍ദേശിക്കാറുണ്ട്. യോഗനിദ്ര പോലുള്ള ലളിതവും കുട്ടികള്‍ക്ക് സ്വയം പരിശീലിക്കാവുന്നതുമായ യോഗമുറകള്‍ ഏകാഗ്രത വര്‍ധിപ്പിക്കാന്‍ സഹായിക്കും.

  • നേത്രയോഗ

ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി തുടങ്ങിയ കാഴ്ച വൈകല്യങ്ങള്‍ വരാതിരിക്കാന്‍ നേത്രയോഗ പരിശീലിക്കാം. കൂടാതെ, നേത്രയോഗ കണ്ണുകളുടെ സൗന്ദര്യവും അത് പ്രസരിപ്പിക്കുന്ന ആജ്ഞാശക്തിയും വര്‍ധിപ്പിക്കും.

മനുഷ്യന്‍ നിത്യവും കുളിക്കുന്നു. എന്നാല്‍, ശരീരം പോലെതന്നെ ദൈനംദിന മാലിന്യമടിയാന്‍ സാധ്യതയുള്ള മനസ്സിന്റെ ശുദ്ധീകരണത്തിന് നമ്മള്‍ എന്താണ് ചെയ്യുന്നത്? ഇവിടെയാണ് യോഗാസനത്തിന്റെ പ്രസക്തി. മനസ്സിനെ ഏകാഗ്രമാക്കി മാലിന്യ മുക്തമാക്കുന്നതോടൊപ്പം ശരീരത്തിന്റെ മികച്ച പ്രവര്‍ത്തനക്ഷമതയും യോഗമുറകള്‍ ഉറപ്പുവരുത്തുന്നു. രോഗങ്ങളെ സുഖപ്പെടുത്താനും പ്രതിരോധിക്കാനും ഇതുവഴി സാധ്യമാവുകയും ചെയ്യുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്: യോഗാചാര്യ എന്‍. വിജയരാഘവന്‍