യോഗധ്യാന വ്യായാമചികിത്സയ്ക്ക് അത്യാവശ്യം വേണ്ടുന്ന ഭൗതികഘടകമാണ് ശുദ്ധ 'പ്രാണവായു'. പൗരാണികകാലത്ത് യോഗികളില്‍മാത്രം പരിമിതപ്പെട്ടിരുന്ന ചികിത്സാരീതി പില്‍ക്കാലത്ത് സാധാരണക്കാരന്റെ ദൈനംദിനചര്യയായി മാറുമ്പോഴേക്കും ചികിത്സയ്ക്കാവശ്യമായ പ്രാണവായുവിന്റെ ചൈതന്യം കുറഞ്ഞുപോയി.
തൊണ്ണൂറുകളില്‍ ആരംഭിച്ച സ്വകാര്യവത്കരണവും കമ്പോളവത്കരണവും പ്രാണവായുവിന്റെ ജീവന്‍ കവര്‍ന്ന് മുന്നേറാന്‍ തുടങ്ങിയപ്പോള്‍ നഷ്ടപ്പെട്ടത് യോഗചികിത്സയ്ക്കുള്ള സാധ്യതയാണ്.

വില്ലന്‍ ആര്?

ദീര്‍ഘശ്വസനപ്രക്രിയയില്‍ സൂക്ഷ്മകണങ്ങള്‍, ശരീരത്തിനകത്തേക്ക് കയറുക മാത്രമല്ല, അവ പുറത്തുപോകുകയും ചെയ്യുന്നുണ്ടെങ്കിലും നിരന്തരം പരിക്രമണം നടത്തുന്ന ഈ വാതക പൊടിപടലങ്ങള്‍ ശരീരത്തിനെയും മനസ്സിനെയും ദുഷിപ്പിക്കുകയും ചെയ്യുന്നു. ദുഷിച്ച പ്രാണവായു മാരകമായ, കരള്‍രോഗം, ഹൃദ്രോഗം, ആസ്ത്മ, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ എന്നിവയുണ്ടാക്കുന്നു. വായുമലിനീകരണത്തിന്റെ അളവ് കൂടുതലുള്ള, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, കൊച്ചി, ചെന്നൈ തുടങ്ങിയ സിറ്റികളില്‍, അവ ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന രാവിലെ, പൊതുസ്ഥലത്തുനിന്ന് യോഗ ചെയ്യുന്നത് ഹാനികരമായിരിക്കും.

പ്രാണായാമം വിഷലിപ്തമാകുമ്പോള്‍

യോഗചികിത്സാരീതിയുടെ ഒരു പ്രധാനഭാഗമാണ് 'പ്രാണായാമം' പ്രാണവായുവിന്റെ സഹായത്തോടെ ശരീരത്തില്‍ നടത്തുന്ന ശുദ്ധീകരണ പ്രക്രിയയാണത്. ശ്വാസകോശം ശുദ്ധീകരിക്കുന്നതിനും കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുന്നതിനും യോഗയിലെ പ്രാണായാമം ഉപകരിക്കും. ഓരോ ശ്വാസോച്ഛ്വാസ പ്രക്രിയയിലും ശ്വാസകോശം വികസിക്കുകയു ചുരുങ്ങുകയും ചെയ്യുന്നു. പ്രാണവായു അശുദ്ധമാകുമ്പോള്‍ അവ കടന്നുപോകുന്ന എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനക്ഷമത കുറയ്ക്കുന്നതാണ് യോഗചികിത്സ നിഷ്ഫലമാകാന്‍ കാരണം. വളരെ ഗാഢമായി ശ്വസിക്കുന്ന ശീലം ദൈനംദിന ജീവിതത്തില്‍ ഇല്ല. എന്നാല്‍, യോഗ ചെയ്യുമ്പോള്‍ നാം വളരെ ഗാഢമായി ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായുമലിനീകരണം നടക്കുന്ന ഡല്‍ഹിയില്‍ പ്രഭാതത്തില്‍ അന്തരീക്ഷം പുകമൂടിയതു പോലെയാകും. പ്രസ്തുത സ്ഥലത്ത് യോഗചെയ്യുകയാണെങ്കില്‍ വിപരീതഫലം ഉണ്ടാകുമെന്ന് യോഗാചാര്യന്മാര്‍തന്നെ പറഞ്ഞിട്ടുണ്ട്. ആഗ്ര, കാണ്‍പുര്‍, അമൃത്സര്‍ തുടങ്ങിയ നഗരങ്ങളിലും സ്ഥിതി മറിച്ചല്ല. ശുദ്ധമായവായു ശുദ്ധമായ ചിന്തയും ആത്മവിശ്വാസവും കരുത്തും ഉണ്ടാകുന്നു എന്ന് യോഗാചാര്യന്മാര്‍ പറയുന്നതുപോലെ, അശുദ്ധവായു ശ്വസിക്കുന്നതുകാരണം വിപരീതചിന്തകള്‍ ഉണ്ടാകുകയും അതുവഴി, കൂടുതല്‍ മലിനമായ രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായും കാണാം. യോഗപരിശീലനംവഴി ഇവ നേരേയാക്കുന്നതിന് ശുദ്ധമായ വായു അത്യാവശ്യമാണ്.മുതലാളിത്ത കമ്പോളവ്യവസ്ഥ നമ്മുടെ ജീവിതശൈലിയെയും വീക്ഷണത്തെയും ബാധിക്കുന്നതുപോലെത്തന്നെ അവ ഉണ്ടാക്കുന്ന വായുമലിനീകരണം 5000 വര്‍ഷം പഴക്കമുള്ള യോഗചികിത്സാമുറയെയും താളം തെറ്റിച്ചിരിക്കയാണ്.

(പരിസ്ഥിതി പഠനത്തിന് ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്രീന്‍ ആപ്പിള്‍ പുരസ്‌കാരം 2014 നേടിയയാളും ഗ്രന്ഥകാരനുമാണ് ലേഖകന്‍)