പുരാതനവും അമൂല്യവുമായ നിരവധി ശാസ്ത്രചിന്താധാരകളെയും ലോകസമക്ഷം സമര്‍പ്പിച്ച് കൃതാര്‍ത്ഥയായ ഭാരതാംബയുടെ നിധിശേഖരത്തിലെ ഉത്തമരത്‌നഹാരമായ യോഗവിദ്യ, അന്തര്‍ദേശീയതലത്തില്‍ ആചരിക്കുന്ന ഈ വേളയില്‍ ചില ചിന്താശകലങ്ങള്‍ പങ്കുവെയ്ക്കുന്നു. 

'ശരീരമാദ്യം ഖലു ധര്‍മ്മസാധനം' എന്ന കാളിദാസവചനം പറയുന്നതുപോലെ ശരീരത്തെ നമ്മള്‍ ആദ്യമേ സംരക്ഷിക്കേണ്ടതാണ്. കാരണം ആരോഗ്യമുള്ള മനസ്സ് ആരോഗ്യമുള്ള ശരീരത്തില്‍ നില്‍ക്കുമ്പോഴേ ഒരു പൂര്‍ണ മനുഷ്യന്‍ ആകുന്നുള്ളൂ. പോഷകാഹാരത്തിനോടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം മനസ്സിന്റെ സുസ്ഥിതി കൂടി ഉണ്ടെങ്കിലേ പൂര്‍ണാരോഗ്യം കൈവരൂ. യോഗ ഇതിന് സിദ്ധൗഷധമാണ്.

'കശ്ചാഹം കാനിഭൂതാനി (ഞാന്‍ ആരാണ്, എന്റെ ചുറ്റുമുള്ളവര്‍ ആരാണ്) എന്ന ആയുര്‍വേദ സംഹിതയിലെ ചോദ്യത്തിന് യോഗവിദ്യയിലൂടെ പോകുന്ന വ്യക്തിക്ക് ഉത്തരം കണ്ടെത്താന്‍ സാധിക്കും.

ജീവിതത്തെ സുഖകരമാക്കുന്നതോടുകൂടിത്തന്നെ രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിലും നിയന്ത്രിക്കുന്നതിലും യോഗവിദ്യ അത്ഭുതാവഹമായി പ്രവര്‍ത്തിക്കുന്നു. സഹജവും (ജീവിതശൈലീ രോഗങ്ങള്‍) ആഗന്തുകവുമായ രോഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ആധുനികവൈദ്യത്തോടും ആയുര്‍വേദത്തോടും യോഗവിദ്യ കൂടി തോളുരുമ്മി നിന്നാല്‍ അതിശയകരമായ ഫലപ്രാപ്തി ഉണ്ടാകുന്നു എന്ന് മുപ്പത്തഞ്ച് വര്‍ഷത്തോളമുള്ള ചികിത്സാനുഭവങ്ങളില്‍ നിന്നും ലേഖികയ്ക്ക് നിസ്സംശയം പറയാന്‍ കഴിയും. ഹൃദ്രോഗം, അമിതരക്തസമ്മര്‍ദ്ദം, പ്രമേഹം, സന്ധിവാതരോഗങ്ങള്‍, ഗ്യാസ്ട്രബിള്‍, മലബന്ധം, അമിതവണ്ണം, ലൈംഗികപ്രശ്‌നങ്ങള്‍, ഉറക്കമില്ലായ്മ, ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍, തലവേദന, ആസ്തമ, മാനസികസംഘര്‍ഷം എന്നീ രോഗാവസ്ഥകളില്‍ യോഗവിദ്യയുടെ പ്രഭാവം സ്വാനുഭവത്തില്‍ നിന്നുതന്നെ മനസ്സിലാക്കണം.

കൃത്യമായ ദിനചര്യ, മിതവും ഹിതവുമായ ഭക്ഷണശീലം, യോഗയിലൂടെ ലഭിക്കുന്ന വ്യായാമം, മനഃശ്ശാന്തി, ആത്മീയതയിലേക്കുള്ള ആഭിമുഖ്യം എന്നിവ വഴി യോഗവിദ്യ എല്ലാ പ്രായത്തിലുള്ളവരെയും ഒരുപോലെ പരിപോഷിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളടങ്ങുന്ന യുവതലമുറയെ സംബന്ധിച്ച് യോഗവിദ്യ അഭ്യസിക്കുന്നത് സല്‍സ്വഭാവം, ശാന്തശീലം, ബുദ്ധികൂര്‍മ്മത, ഊര്‍ജ്ജസ്വലത, ആരോഗദൃഢമായ ശരീരത്തിന്റെയും മനസ്സിന്റെയും ഉടമയാകല്‍, പരസ്പരബഹുമാനം, സൗഹാര്‍ദ്ദം എന്നീ ഗുണങ്ങള്‍ നേടി ഉത്തമജീവിതത്തിനുതകുന്നു. വ്യക്തിജീവിതത്തിലെ അച്ചടക്കവും മനോനിയന്ത്രണവും കുടുംബഭദ്രത, തദ്വാരാ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉല്‍ക്കര്‍ഷത്തിനും വഴിവെയ്ക്കും.

അത്യാര്‍ത്തി, ലഹരി, അനിയന്ത്രിതമായ ആവേശങ്ങള്‍, അപഥസഞ്ചാരം, അസാന്മാര്‍ഗിക കൂട്ടുകെട്ടുകള്‍, കാരുണ്യം, ദയ തുടങ്ങിയ സദ്്ഗുണങ്ങളുടെ അഭാവം, ലൈംഗിക വൈകൃതങ്ങള്‍, ലൈംഗിക പീഢനം, അസഹിഷ്ണുത തുടങ്ങിയ ആസുരപ്രകൃതികളുടെ വിളയാട്ടം കാരണം പൊറുതിമുട്ടിയിരിക്കുന്ന സമകാലിക സാമൂഹ്യവ്യവസ്ഥിതിയെ നേര്‍വഴി നടത്താനും ചിന്താശീലവും മാനവികതയുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനും യോഗവിദ്യ നന്നെ ബാല്യത്തില്‍ തന്നെ ശീലമാക്കുന്നതാണ് ഉചിതം.

പൂര്‍ണ്ണ ജീവിതത്തിലേക്കുള്ള സാങ്കേതിക മാര്‍ഗ്ഗവും ഭാരതത്തിന്റെ പൈതൃകസ്വത്തുമായ യോഗവിദ്യ ദശാബ്ദങ്ങള്‍ക്കുമുമ്പെ പാശ്ചാത്യ രാജ്യങ്ങളില്‍ പ്രചുരപ്രചാരത്തിലായെങ്കിലും നമ്മള്‍ ഭാരതീയര്‍ ഭംഗിയായി അതിനെ അവഗണിച്ചുപോന്നു. പക്ഷേ സമീപകാലത്ത് നമുക്കുണ്ടായ തിരിച്ചറിവില്‍ അതിന്റെ പുനരുജ്ജീവനം ഏതൊരു ആത്മാന്വേഷിയെയും മനുഷ്യസ്‌നേഹിയേയും സന്തോഷിപ്പിക്കും.