antonyന്ത്രണ്ട് വയസ്സുള്ള മകളുടെ ആസ്ത്മ ഭേദമാക്കാനുള്ള വഴിതേടിയാണ് മുപ്പത്തടം ചെറുകടവില്‍ എസ്. ആന്റണിയും കുടുംബവും 'യോഗ' യുടെ മാര്‍ഗത്തിലേക്ക് എത്തിപ്പെട്ടത്. വെറുതെ ഒരു പരീക്ഷണം... അത്രയേ ചിന്തിച്ചുള്ളൂ. എന്നാല്‍, ഫലം അത്ഭുതാവഹമായിരുന്നു. ഒരൊറ്റ വര്‍ഷംകൊണ്ട് മകളുടെ ശ്വാസതടസ്സം പൂര്‍ണമായി മാറി, മറ്റു മരുന്നുകളൊന്നുമില്ലാതെ തന്നെ. ഇത് നിമിത്തമായതോ, ഒരു കുടുംബംതന്നെ യോഗയുടെ പ്രചാരകരായുള്ള മാറ്റത്തിനായിരുന്നു. 

1994ലായിരുന്നു സംഭവം... ഇളയമകള്‍ സി.എ. സീമയ്ക്ക് ചെറുപ്പം മുതല്‍ ശ്വാസതടസ്സമുണ്ടായിരുന്നു. പരിശോധനയില്‍ ആസ്ത്മയാണെന്ന് തിരിച്ചറിഞ്ഞു. പലയിടങ്ങളില്‍നിന്നും ചികിത്സ നല്‍കി. എന്നാല്‍ പൂര്‍ണമായൊരു പരിഹാരം എങ്ങുനിന്നും ലഭിച്ചില്ല. ആന്റണിക്കാണെങ്കില്‍ ചെറുപ്പംമുതലേ 'യോഗ'യോട് ഏറെ താത്പര്യവുമായിരുന്നു. അതുകൊണ്ടുതന്നെ മകളുടെ അസുഖം ഭേദമാക്കാന്‍ യോഗകൊണ്ട് കഴിയുമെന്ന് ഉറച്ച് വിശ്വസിച്ചു. അങ്ങനെയാണ് തൃപ്പൂണിത്തുറയിലെത്തിച്ച് വാസുദേവന്‍ നമ്പൂതിരിയുടെ 'വസിഷ്ഠ യോഗ കേന്ദ്ര'ത്തില്‍ പരിശീലനം നല്‍കാന്‍ തുടങ്ങിയത്. ഇതിനോടുള്ള കമ്പമുണ്ടെന്നറിഞ്ഞപ്പോള്‍ മൂത്തമകള്‍ സി.എ. വാണിയേയും യോഗാസനം പരിശീലിപ്പിക്കാന്‍ തുടങ്ങി. രണ്ടുപേരും പഠിച്ച് ഓള്‍ ഇന്ത്യ യോഗ ഫെഡറേഷന്റെ പരിശീലക സര്‍ട്ടിഫിക്കറ്റ് വരെ നേടി. അണ്ണാമലൈ സര്‍വകലാശാലയില്‍നിന്ന് ഡിപ്ലോമയും സ്വന്തമാക്കി.

അതോടെ ആന്റണിയും മനസ്സില്‍ ഒളിച്ചുവച്ച തന്റെ ആഗ്രഹം പുറത്തെടുത്തു. 'ഇടപ്പള്ളി ലൈഫ് യോഗ കേന്ദ്ര'ത്തില്‍ ചേര്‍ന്ന് യോഗ പരിശീലിച്ചു. പതുക്കെ ഭാര്യ കെ.ഡി. വാസന്തിയേയും അതേ വഴിയിലേക്ക് കൊണ്ടുവന്നു.ഇപ്പോള്‍ ഈ കുടുംബംതന്നെ അറിയപ്പെടുന്ന യോഗ പരിശീലകരായി മാറി. 

ആന്റണിയും ഭാര്യയും മുഴുവന്‍ സമയവും യോഗയുടെ പ്രചാരണത്തിനായാണ് വിനിയോഗിക്കുന്നത്. തന്റെ മകളുടെ അസുഖത്തിന് ഭേദമുണ്ടായതുപോലെ കൃത്യമായ പരിശീലനം നല്‍കി പലരുടേയും രോഗപീഡയ്ക്ക് ആശ്വാസം നല്‍കിയ സംതൃപ്തിയുണ്ടെന്നാണ് ആന്റണി പറയുന്നത്.

ഇതിനിടെ യോഗ മത്സരങ്ങളിലും ഇവര്‍ പങ്കെടുക്കുന്നുണ്ട്. ഫെഡറേഷന്‍ നടത്തുന്ന സംസ്ഥാനതല വെറ്ററന്‍സ് യോഗ മത്സരത്തില്‍ നാലുവര്‍ഷമായി ഒന്നാം സ്ഥാനക്കാരനാണ് ആന്റണി. ഈവര്‍ഷം ഫരീദാബാദില്‍ നടന്ന ദേശീയ മത്സരത്തില്‍ നാലാം സ്ഥാനക്കാരനുമായി ഈ എഴുപതുകാരന്‍. ഇപ്പോള്‍ കേരള യോഗ അസോസിയേഷന്റെ 'യോഗ ശിരോമണി' പദവിയും ആന്റണിയെ തേടിയെത്തിയിട്ടുണ്ട്.