യോഗ എന്നത് വെറും കായികാഭ്യാസം മാത്രമല്ല. അത് ശരീരത്തിന്റെ ആന്തരികലോകവുമായും മനസ്സുമായും മസ്തിഷ്കവുമായുമെല്ലാം ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ഇന്നത്തെ പല ജീവിതശൈലീരോഗങ്ങൾക്കും യോഗയിൽ പ്രതിവിധിയുണ്ട്. ചിട്ടയായി അത് ശീലിച്ചാൽപ്പിന്നെ മരുന്നുസഞ്ചി വേണ്ട എന്നും അഞ്ജനാ ശശിയുമായുള്ള മുഖാമുഖത്തിൽ പ്രമുഖ യോഗാചാര്യൻ  പി. ഉണ്ണിരാമൻ  പറയുന്നു.

 ജീവിതശൈലീ രോഗങ്ങൾ നാൾക്കുനാൾ വർധിച്ചുവരുന്നു. ഇതു നിയന്ത്രിക്കാൻ യോഗ എത്രമാത്രം പ്രായോഗികമാണ്?

ജീവിതരീതിക്കും പ്രത്യേകിച്ച് ഭക്ഷണരീതിക്കും മാറ്റംവന്നതോടെയാണ് ജീവിതശൈലീ രോഗങ്ങൾ ഇത്രയധികം വർധിച്ചത്. വീട്ടുവളപ്പിലെ പച്ചക്കറികളും വീട്ടിലുണ്ടാക്കുന്ന ഭക്ഷണവുമാണ് പണ്ടു നമ്മൾ കഴിച്ചിരുന്നത്. ശുദ്ധമായ അത്തരം ഭക്ഷണരീതിയിൽനിന്ന് ഫാസ്റ്റ്ഫുഡ് സംസ്കാരത്തിലേക്ക് നമ്മൾ എത്തിച്ചേർന്നു. ജീവിതം തിരക്കേറിയതോടെ ഭക്ഷണത്തിന് ശ്രദ്ധകൊടുക്കാൻ സമയമില്ലാതായിത്തീരുകയും ചെയ്തു.

വ്യായാമത്തിന്റെ അഭാവവും ജീവിതത്തിലുണ്ടായി. ഇതെല്ലാം ജീവിതശൈലീ രോഗങ്ങളുടെ അതിപ്രസരത്തിന് കാരണമായി. ഇന്ന് മനുഷ്യനെ നിയന്ത്രിക്കുന്നത് വിവിധതരത്തിലുള്ള സമ്മർദങ്ങളാണ്. ജോലിസംബന്ധമായും കുടുംബപരമായുമുള്ള നിരവധി സമ്മർദങ്ങൾ ആരോഗ്യത്തെ വലിയതോതിൽ ബാധിക്കും. ഇത് ജീവിതശൈലീ രോഗങ്ങൾ ഉണ്ടാവാൻ പ്രധാനകാരണമാണ്. ഇതിനെ മറികടക്കാൻ ഏറ്റവും പ്രധാനം യോഗതന്നെയാണ്. ശരിയായ ഭക്ഷണക്രമത്തോടൊപ്പം ശാസ്ത്രീയമായ യോഗയും ജീവിതശൈലീ രോഗങ്ങൾക്ക് കടിഞ്ഞാണിടുമെന്ന് ഉറപ്പാണ്. മരുന്നുകഴിക്കുക എന്ന പതിവ് പരിപാടി അവസാനിപ്പിക്കാനും ഇതു സഹായിക്കും. 

യോഗ ശീലിച്ചാൽ മരുന്നുവേണ്ട എന്നാണോ?

മരുന്ന് എന്നത് രോഗത്തെ നിയന്ത്രിക്കൽ ആണ്. യോഗ സ്ഥിരമായി പരിശീലിക്കുന്ന ഒരാൾക്ക് മരുന്ന് പൂർണമായും ഒഴിവാക്കാൻ പറ്റുമെന്ന് ഉറപ്പാണ്. ജീവിതശൈലീ രോഗങ്ങൾക്ക് മരണംവരെ മരുന്നു കഴിക്കുന്നവരാണ് നമ്മൾ. യോഗയിലൂടെ ഇതിനു പരിഹാരം ഉണ്ടാവുമെന്ന് ഉറപ്പുപറയുന്നതിന് അനുഭവംതന്നെയാണ് അടിസ്ഥാനം. രക്തസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ, മാനസികസംഘർഷം എന്നുവേണ്ട ഇന്നുള്ള എല്ലാ ജീവിതശൈലീ രോഗങ്ങൾക്കും യോഗ ഒരു പരിഹാരമാണ്. സാവധാനം മരുന്നുകൾ പൂർണമായും നിർത്താൻ യോഗയിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും സാധിക്കും.

ശരിയായി യോഗചെയ്യേണ്ട രീതികൾ എന്തെല്ലാമാണ്?

തിരക്കേറിയ ജീവിതമാണ് ഇന്നത്തേത്. അതുകൊണ്ടുതന്നെ മണിക്കൂറുകളോളം വ്യായാമത്തിനു ചെലവിടുകയെന്നത് സാധിക്കുന്ന കാര്യമല്ല. അരമണിക്കൂറാണ്‌ ലഭിക്കുന്നതെങ്കിൽ ആ സമയം ഫലപ്രദമായി ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. ഉദാഹരണത്തിന് പ്രമേഹം എന്ന രോഗം ശരീരത്തിലെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അംശം കൂട്ടുകയാണ് ചെയ്യുന്നത്. യോഗയുടെ കൃത്യമായ പ്രയോഗത്തിലൂടെ ഗ്ലൂക്കോസിനെ നേരിട്ട് ഉപയോഗിക്കാൻ സാധിക്കും. പാൻക്രിയാസിലെ ഇൻസുലിന്റെ കുറവ് നികത്താൻ ഇതിനാവും.

പാൻക്രിയാസിലെ കോശങ്ങളുടെ ക്ഷമതക്കുറവിനെ മസാജിങ്ങിലൂടെ മറികടക്കാൻ സാധിക്കും. ഉദാഹരണത്തിന് പവനമുക്താസനം എന്ന ആസനത്തിലൂടെ വയറിന്റെ ഉൾഭാഗത്ത് നല്ല മസാജിങ് ലഭിക്കും. ഇതിലൂടെ പ്രവർത്തനക്ഷമമല്ലാത്ത അല്ലെങ്കിൽ പ്രവർത്തനം കുറഞ്ഞുകൊണ്ടിരിക്കുന്ന ബീറ്റാ കോശങ്ങൾക്ക് ഉത്തേജനം ലഭിക്കും. ഇൻസുലിൻ പുറമേനിന്ന് എടുക്കാതെ ഉള്ളിൽനിന്നുതന്നെ കോശങ്ങൾക്ക് പ്രവർത്തനക്ഷമത ഉണ്ടാക്കിയെടുക്കാൻ സാധിക്കും. 

‘സ്ഥിരം സുഖം ആസനം’, സ്ഥിരതയോടുകൂടി സുഖമായി ലളിതമായി ചെയ്യുന്ന രീതിയാണ് യോഗയിലെ ആസനങ്ങളെന്ന് പതഞ്ജലി
തന്നെ എഴുതിയിട്ടുണ്ട്. കഠിനമായി ജോലിചെയ്യുന്നവർ എന്തിനാണ് പ്രത്യേകം വ്യായാമം ചെയ്യുന്നതെന്ന് സാധാരണയായി ചോദ്യംവരാറുണ്ട്. എന്നാൽ, അത്തരക്കാർക്കും പ്രമേഹവും രക്തസമ്മർദവുമുണ്ടാവാറുണ്ട്. ശാസ്ത്രീയമല്ലാത്തതിനാലാണത്. ഇരുപത് മിനിറ്റെങ്കിലും അത്തരക്കാർ ഒരുദിവസം യോഗചെയ്താൽ ഇത്തരം രോഗങ്ങളൊന്നും ഇവരെ ബാധിക്കാറില്ല.

picരക്തസമ്മർദം നിയന്ത്രിക്കുന്നതിൽ യോഗയുടെ പങ്കെന്താണ്?

ഇന്ന് പ്രായഭേദമെന്യേ കണ്ടുവരുന്ന ജീവിതശൈലീ രോഗമാണ് രക്തസമ്മർദം. പ്രായത്തിനനുസരിച്ച് രക്തസമ്മർദത്തിൽ അല്പം വ്യത്യാസമുണ്ടാകും. എന്നാൽ, അതിലും കൂടിയാൽ മരുന്ന് വേണ്ടിവരും. ജീവിതകാലം മുഴുവൻ മരുന്നു കഴിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാവുമെന്നുറപ്പാണ്. രക്താതിസമ്മർദത്തിന് മരുന്നു കഴിക്കുകതന്നെവേണം. എന്നാൽ, മരുന്നിനൊപ്പം യോഗ ശീലിച്ചുവന്നാൽ ഒരുഘട്ടം കഴിയുമ്പോൾ മരുന്ന് പൂർണമായി ഉപേക്ഷിക്കാൻ സാധിക്കും. മാനസികസംഘർഷമാണ് പലപ്പോഴും രക്തസമ്മർദത്തിന് കാരണമാകുന്നത്. രക്തസമ്മർദം കൂടുകയോ കുറയുകയോ ആണ് ഇതിന്റെ ഫലം. ഇതിന് യോഗതന്നെയാണ് ഏറ്റവും നല്ല മരുന്ന്. 

രാത്രിസമയം ജോലിചെയ്യേണ്ടിവരുന്നവരിലാണ് വളരെയധികം മാനസികസമ്മർദം കണ്ടുവരുന്നത്. ആസനത്തിലൂടെയും പ്രാണായാമത്തിലൂടെയും ധ്യാനത്തിലൂടെയും രക്തസമ്മർദത്തെ നമുക്ക് നേരിട്ട് നിയന്ത്രിക്കാവുന്നതാണ്. പ്രാണായാമം മനസ്സിനെ നിയന്ത്രിക്കുന്നതിൽ വളരെ സഹായിക്കുന്ന ഒന്നാണ്. മനസ്സിനെ ശാന്തമാക്കാൻ ഏറ്റവും മികച്ച രീതികളിലൊന്നാണിത്.

രക്തസമ്മർദത്തിനെ വരുതിയിലാക്കാൻ മറ്റൊരു നല്ലമാർഗം യോഗനിദ്രയാണ്. ശവാസനം എന്ന് പൊതുവേ അറിയപ്പെടുന്ന യോഗനിദ്ര പരിശീലിച്ചാലുണ്ടാകുന്ന മാറ്റം പെ​െട്ടന്നുതന്നെ അറിയാനാവും. നടത്തംപോലെ തുടർച്ചയായ പ്രക്രിയയല്ല യോഗ. ഇടയ്ക്കിടെ വിശ്രമം നല്കിയാണ് യോഗ നൽകുന്നത്. ഈ വിശ്രമമാണ് സമ്മർദം കുറയ്ക്കാൻ ഏറ്റവും മികച്ച മാർഗം. യോഗയിൽ ഊർജം നഷ്ടപ്പെടുന്നില്ല. മറ്റേതു വ്യായാമത്തിലും സമ്മർദവും ഊർജനഷ്ടവും ഉണ്ടാവും.

ധ്യാനം രോഗനിയന്ത്രണത്തെ സഹായിക്കുന്നത് എങ്ങനെയാണ് ? 

മെഡിറ്റേഷൻ അഥവാ ധ്യാനം യോഗയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. എല്ലാ രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് ധ്യാനം എന്നും പറയാം. മനസ്സിനെ ശാന്തതയിലെത്തിക്കാൻ ഇതിനു സാധിക്കും. 
മനസ്സിന്റെ പ്രവർത്തനങ്ങളെ യോഗയിലൂടെ നിയന്ത്രിച്ച് ധ്യാനാവസ്ഥയിലെത്തിക്കാൻ സാധിക്കും. മനസ്സിനെ നിയന്ത്രിക്കാനായാൽത്തന്നെ എല്ലാരോഗങ്ങളെയും നിയന്ത്രിക്കാൻ സാധിക്കും.

ഇത് സാധാരണക്കാർക്ക് ചെയ്യാൻ സാധിക്കുമോ?

സാധാരണ ഒരു മനുഷ്യനെ സംബന്ധിച്ച് ഇത് എളുപ്പത്തിൽ സ്വായത്തമാക്കാനാവില്ല. അതിനാൽ ചില ആചാര്യൻമാർ നമ്മുടെ ശരീരചലനത്തിലൂടെ മനസ്സിനെ നിയന്ത്രിച്ച് ധ്യാനാവസ്ഥയിൽ എത്തിക്കാനുള്ള രീതിയിലേക്ക് യോഗയെ മാറ്റി. അതാണ് ഹഠയോഗം എന്നറിയപ്പെടുന്നത്. പതഞ്ജലി മഹർഷി രാജയോഗയാണ് നിഷ്കർഷിച്ചത്. യോഗ അഭ്യാസം ഹഠയോഗവും രാജയോഗവും ചേർന്നതാണ്. ഇത് അഭ്യസിക്കുന്നതിലൂടെ സാധാരണക്കാരനും ധ്യാനം സ്വായത്തമാക്കാൻ എളുപ്പമാണ്. 

യോഗ ചെയ്യുന്നത് മുക്തിക്കുവേണ്ടിയാണ് എന്ന് പറയാറുണ്ടല്ലോ?

മുക്തിയാണ് യോഗയുടെ ലക്ഷ്യം. എന്നാൽ, ഇന്ന് 99 ശതമാനം ആളുകളും രോഗമുക്തിക്കുവേണ്ടിയും ആരോഗ്യസംരക്ഷണത്തിനുവേണ്ടിയുമാണ് യോഗ ചെയ്യുന്നത്. ഇന്നത്തെ ജീവിതരീതിയിൽ അവരെ കുറ്റംപറയാനുമാവില്ല. 

ആസനങ്ങൾ, പ്രാണായാമം, യോഗനിദ്ര എന്നിവയിലൂടെ ധ്യാനത്തിലെത്തിയാൽ ചിന്തകൾ കുറയുകയും സമ്മർദമുണ്ടാക്കുന്ന ഹോർമോണുകളുടെ അമിത പ്രവർത്തനത്തെ തടഞ്ഞ് കൃത്യതവരുത്തുകയും ചെയ്യും. അതോടെ ശാന്തമായ അവസ്ഥ ശരീരത്തിനുലഭിക്കും. അത് ചിന്തകളെ നിയന്ത്രിക്കാനും ഏകാഗ്രതവരുത്താനും കാരണമാവും. ഇതുവഴി ശരീരത്തിലെ ഓരോ ഭാഗങ്ങളെയും ശരിയാംവിധം പ്രവർത്തിപ്പിച്ച് രോഗങ്ങളെ പൂർണമായും നിയന്ത്രിക്കാൻ സാധിക്കും. മരുന്നുപയോഗിക്കാതെ ജീവിതശൈലീ രോഗങ്ങളെ എന്നത്തേക്കുമായി അകറ്റിനിർത്താൻ കൃത്യമായ യോഗപരിശീലനത്തിലൂടെ സാധിക്കുമെന്ന് ഉറപ്പാണ്. 

(പുനഃപ്രസിദ്ധീകരിക്കുന്നത്)