പുരാണപ്രസിദ്ധമായ ഒരു പക്ഷിയുടെ പേരാണ് 'ഭേരുണ്ഡന്‍'. ഇരട്ടത്തലയുള്ള ശക്തനായ പക്ഷി... കൊക്കുകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും ആനകളെപ്പോലും റാഞ്ചാന്‍ ശക്തിയുള്ള പക്ഷി. കര്‍ണാടക ഗവണ്മെന്റിന്റെ ഔദ്യോഗിക ചിഹ്നത്തില്‍ ഈ പക്ഷിയുണ്ട്. ഈ പേരില്‍ ഒരു കര്‍ണാടക സിനിമയും ഉണ്ട്. അതിന്റെ പേരിലുള്ളതാണ് ഈ  ആസനം.

ചെയ്യുന്ന വിധം

കാല്‍ അല്പം അകത്തി നില്‍ക്കുക.  പിന്നോട്ടു വളഞ്ഞ് കൈകള്‍ പിന്നില്‍ നിലത്തു കുത്തുക ചക്രാസനം പോലെ. പിന്നെയും വളഞ്ഞ് തല നിലത്തു കുത്തി, കൈകള്‍ കാലുകളോടു  ചേര്‍ക്കുക. തല കാലുകള്‍ക്കിടയിലൂടെ മുന്നിലേക്കെടുത്ത്, കാലുകള്‍ക്കു മുന്നില്‍ നിലത്ത് പതിച്ചുവെച്ച  കൈപ്പത്തികളുടെ മേലെ താടി ചേര്‍ക്കുക. മുഖത്ത് പ്രസാദം.

ഗുണങ്ങള്‍

നല്ല മെയ്‌വഴക്കവും ബാലന്‍സും ഉള്ളവര്‍ക്കു മാത്രം സാധിക്കുന്ന ആസനമാണിത്. മത്സരങ്ങള്‍ക്ക് നല്ല മാര്‍ക്ക് വാങ്ങാന്‍ ഈ ആസനം ചെയ്യുന്നുണ്ട്. അരക്കെട്ടു മുതല്‍ കഴുത്തുവരെ നല്ല വലിവു കിട്ടുന്ന ആസനമാണിത്. നട്ടെല്ലിന് നല്ല വഴക്കം ഉണ്ടാവും. കാലുകള്‍ പിളര്‍ന്ന അവസ്ഥയിലാണ്.  അതേസമയം, അരക്കെട്ടിന് ഭാരമില്ല.

ലൈംഗികമായ അംഗങ്ങള്‍, മൂത്രസഞ്ചി മുതലായവയ്ക്ക് നല്ല വലിവു കിട്ടുന്നു, ലാഘവും കിട്ടും. ആ ഭാഗത്തുള്ള അസ്വാസ്ഥ്യങ്ങള്‍ ഇതുമൂലം കുറയും. നല്ല ഏകാഗ്രത ലഭിക്കും. ഓര്‍മശക്തിക്കും ആത്മവിശ്വാസത്തിനും നല്ലതാണ്.