നാല്‍ക്കാലികളായ മൃഗങ്ങളില്‍നിന്ന് ഇരുകാലികളായ മനുഷ്യരിലേക്കു പരിണമിച്ചപ്പോള്‍ നട്ടെല്ലുകളെ താങ്ങുകളില്ലാതെ നിവര്‍ത്തിനിര്‍ത്തുക എന്നതിനായിരുന്നു മുഖ്യമായ പ്രാധാന്യം. അതിനനുസൃതമായി പിന്‍ഭാഗത്തെ പേശികള്‍ ബലപ്പെട്ടു. എന്നാല്‍, ആധുനിക കാലഘട്ടത്തിലെ ബാക്‌റെസ്റ്റുകള്‍ പേശികളെ പ്രവര്‍ത്തനരഹിതമാക്കി. ഫലം പേശികളുടെ ബലക്ഷയം. ചെറുതായി പ്രയോഗിക്കുന്ന അധ്വാനംപോലും പേശികളുടെ ക്ഷതത്തിനും നട്ടെല്ലുകളുടെ സ്ഥാനചലനത്തിനും കാരണമാകുന്നു. തദ്ഫലമായി നടുവേദന അനുഭവപ്പെടുന്നു. ഈ വേദന ഇപ്പോള്‍ പ്രായഭേദമന്യേ സര്‍വരിലും കണ്ടുവരുന്നുണ്ട്. നട്ടെല്ലുരോഗങ്ങള്‍ക്കും നടുവേദനയ്ക്കും ഏറെ പ്രയോജനം ചെയ്യുന്ന ആസനമാണ് സുപ്ത ഉദരകര്‍ഷണാസനം.

സുപ്ത ഉദരകര്‍ഷണാസനം
മലര്‍ന്നുകിടന്നുകൊണ്ട് വയറിനെ ചുരുക്കുന്നതിനാലാണ് ഇതിനെ സുപ്ത ഉദരകര്‍ഷണാസനം എന്നു പറയുന്നത്.

സൂക്ഷ്മസൂചനകള്‍
ഈ ആസനം ചെയ്യുമ്പോള്‍ കണ്ണുകള്‍ അടച്ച് ശരീരത്തിലെ മാറ്റങ്ങളെ സൂക്ഷ്മമായി അനുഭവിച്ചറിയുക. എല്ലാ ചലനങ്ങളും സാവധാനത്തിലും താളാത്മകവുമായിരിക്കണം.

വലിഞ്ഞുമുറുകിയ പേശികളെ വിശ്രമവേളയില്‍ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് അവയെ തളര്‍ത്തിയിടുവാന്‍ പരിശീലിക്കുക.

പ്രയോജനം
ദീര്‍ഘനേരം ഉറങ്ങുന്നതുകൊണ്ടും ഒരേ ഇരിപ്പില്‍ അധികസമയം ഇരുന്നു ജോലി ചെയ്യുന്നതുകൊണ്ടും മറ്റും നട്ടെല്ലിനെ പിന്താങ്ങുന്ന പേശികള്‍ സങ്കോചിക്കാറുണ്ട്. തല്‍ഫലമായി പേശികളിലേക്കുള്ള രക്തപ്രവാഹം കുറയുകയും പേശികള്‍ക്കു വേദനയനുഭവപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പെട്ടെന്നുള്ള വലിച്ചില്‍ പേശീതന്തുക്കളെ മുറിപ്പെടുത്തുകയും നീര്‍ക്കെട്ടുകള്‍ക്കു കാരണമായിത്തീരുകയും ചെയ്യുന്നു.

ഇത്തരം അവസ്ഥയില്‍ സുപ്ത ഉദരകര്‍ഷണാസനം ചെയ്യുകയാണെങ്കില്‍ പേശികളുടെ പിരിമുറുക്കം ഇല്ലാതാകുകയും രക്തപ്രവാഹം വര്‍ധിക്കുകയും ചെയ്യുന്നു. ആവര്‍ത്തിച്ചു ചെയ്യുന്നതിലൂടെ പേശികളുടെ ശക്തി വര്‍ധിക്കുകയും ചെയ്യുന്നു.

കൂടാതെ, ഉദരപേശികള്‍ സങ്കോചിക്കുന്നതിലൂടെ കുടലുകള്‍ക്ക് ഉത്തേജനം ഉണ്ടാകുകയും പചനപ്രക്രിയയെയും മലനിഷ്‌കാസന പ്രക്രിയയെയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നടുവേദന, മലബന്ധം എന്നിവയ്ക്ക് വേഗത്തില്‍ ആശ്വാസം ലഭിക്കുന്നു.

നിഷേധിച്ചിരിക്കുന്നവര്‍: നട്ടെല്ലിനു ക്ഷതം, സ്ഥാനചലനം, ഡിസ്‌ക് തള്ളിയിരിക്കുന്ന അവസ്ഥ, ഉദരരോഗങ്ങള്‍ക്കോ വൃക്കരോഗങ്ങള്‍ക്കോ അടുത്തകാലത്തു ചെയ്ത ശസ്ത്രക്രിയ എന്നീ സാഹചര്യങ്ങളില്‍ ഈ ആസനം പരിശീലിക്കാവുന്നതല്ല.

Yoga

സമയക്രമം
ഈ ആസനം ചെയ്യുന്നതിന് സമയനിഷ്‌കര്‍ഷ ഇല്ല. രാവിലെ ഉറക്കമുണര്‍ന്നയുടനെയോ ഏറെനേരം നടന്നുവന്നതിനുശേഷമോ ജോലിയോ യാത്രയോ കഴിഞ്ഞശേഷമോ ഒക്കെ സുപ്ത ഉദരകര്‍ഷണാസനം ചെയ്യാം. നടുവേദനയുള്ളപ്പോള്‍ ശ്രദ്ധയോടെ ഈ ആസനം ചെയ്താല്‍ പെട്ടെന്ന് ആശ്വാസം ലഭിക്കും. മലബന്ധമുള്ളവര്‍ മൂന്നു ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ചുകൊണ്ട് ഈ ആസനം 10-15 പ്രാവശ്യം ആവര്‍ത്തിക്കുന്നത് നല്ലതാണ്.

വയര്‍ കുറയ്ക്കാം

അടിസ്ഥാനനില
തറയില്‍ മലര്‍ന്നുകിടന്ന് കാലുകള്‍ നീട്ടിവെയ്ക്കുക. കൈകള്‍ ഇരുവശങ്ങളിലായി ശരീരത്തില്‍നിന്ന് അല്പം അകത്തിവെയ്ക്കുക.

ഒന്നാമത്തെ പടി
കൈകള്‍ ഇരുവശങ്ങളിലേക്കും നീട്ടിവെയ്ക്കുക. കാല്‍മുട്ടുകള്‍ മടക്കി പാദങ്ങള്‍ അരക്കെട്ടിനോടു ചേര്‍ത്തുവെയ്ക്കുക.

രണ്ടാമത്തെ പടി
ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കാലുകള്‍ വലതുവശത്തേക്കു താഴ്ത്തി മുട്ടുകള്‍ തറയില്‍ പതിപ്പിക്കുവാന്‍ ശ്രമിക്കുക. തല ഇടതുവശത്തേക്കു തിരിക്കുക. ഈ സ്ഥിതിയില്‍ അല്പസമയം നിലനില്ക്കുക (ശ്വാസം സാധാരണനിലയില്‍).

മൂന്നാമത്തെ പടി
സാവധാനം ശ്വാസം ഉള്ളിലേക്കെടുത്ത് കാല്‍മുട്ടുകള്‍ ഉയര്‍ത്തുക.

നാലാമത്തെ പടി
കാലുകള്‍ നീട്ടിവെച്ച് കൈകള്‍ ഇരുവശങ്ങളിലുമായി വിശ്രമിക്കുക.
ഇതേപ്രകാരം ഇടതുവശത്തും ചെയ്യുക. അഞ്ചു പ്രാവശ്യം ആവര്‍ത്തിക്കുക.

മറ്റൊരു രീതി
ഒന്നാമത്തെ പടിയില്‍ കാല്‍മുട്ടുകള്‍ മടക്കി പാദങ്ങള്‍ അരക്കെട്ടിനോടു ചേര്‍ത്തുവെച്ച് വലതുകാല്‍ ഉയര്‍ത്തി ഇടതുതുടയുടെ മുകളില്‍ വെച്ചുകൊണ്ട് ആസനം പരിശീലിക്കാവുന്നതാണ്.

യോഗയും ആഹാരശീലവും
പൊതുവില്‍ യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ വയറ് ശൂന്യമായിരിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ മുഖ്യ ആഹാരത്തിനുശേഷം മൂന്നു മണിക്കൂറെങ്കിലും കഴിഞ്ഞു മാത്രമേ യോഗാസനങ്ങള്‍ പരിശീലിക്കാവൂ. ലഘുഭക്ഷണത്തിനുശേഷമാണെങ്കില്‍ അര മണിക്കൂര്‍ കഴിഞ്ഞ് യോഗപരിശീലനം ചെയ്യാവുന്നതാണ്.