കാല്‍മുട്ടിന് സംസ്‌കൃതത്തില്‍ 'ജാനു' എന്നു പറയും. 'ശിരസ്സ്' എന്നാല്‍ തല. കാല്‍മുട്ടില്‍ തല ചേര്‍ക്കുന്ന ആസനം 'ജാനുശിരാസനം'. പശ്ചിമോത്താനാസനത്തിനു മുമ്പായി ചെയ്യാവുന്ന ആസനമാണിത്. 

ചെയ്യുന്ന വിധം

  • കാല്‍ നീട്ടിയിരിക്കുക.
  • ഇടതുകാല്‍ മടക്കി, കാലിന്റെ മടമ്പ് ഗുദത്തിനു മേലെയായി, ലിംഗത്തിനു താഴെയായി ചേര്‍ത്തുവെക്കുക. കാല്‍പ്പത്തി വലതു തുടയില്‍ പതിഞ്ഞിരിക്കും.
  • ശ്വാസമെടുത്തുകൊണ്ട്, കൈകളുയര്‍ത്തി മേലോട്ടു വലിയുക.ശ്വാസം വിട്ടുകൊണ്ട് മുന്നോട്ടു കുനിഞ്ഞ്, കൈകള്‍ കൊണ്ട് വലതു കാലിന്റെ പെരുവിരലില്‍ പിടിക്കുക. കൈമുട്ടുകള്‍ അതതു വശത്ത് നിലത്തു പതിഞ്ഞിരിക്കും. നെറ്റി മുട്ടില്‍ പതിയണം. അല്‍പ്പസമയം ഈ സ്ഥിതിയില്‍ തുടരുക. അപ്പോള്‍ ഗുദത്തെ ഉള്ളോട്ടു വലിക്കുകയും ഉദരവും നാഭിയും അകത്തേക്ക് ആകര്‍ഷിച്ച് നട്ടെല്ലോടടുപ്പിക്കാന്‍ ശ്രമിക്കുകയും വേണം.ശ്വാസമെടുത്തു കൊണ്ട് ഉയരുക.മറുകാലിലും ആവര്‍ത്തിക്കുക.

ഗുണങ്ങള്‍

നട്ടെല്ലിനു ബലം കിട്ടും. വയറു കുറയും. മലബന്ധവും സ്വപ്നസ്ഖലനവും കുറയും. വയറുവേദന, ദഹനക്കുറവ് ഇവ പരിഹരിക്കപ്പെടും. ഉദരാന്തര്‍ഭാഗത്തുള്ള ഗ്രന്ഥികള്‍ക്കും അവയവങ്ങള്‍ക്കും ഗുണമാണ്. മൂലബന്ധം വരുന്നതുകൊണ്ട് അര്‍ശസിന് ശമനം വരും.