കല്പറ്റ: ചെറുപ്പംമുതല്‍ കുഴപ്പിച്ച ആസ്ത്മയ്ക്ക് പരിഹാരമാകുമെന്ന് കരുതിയാണ് പാറക്കല്‍ പൂക്കോട് വീട്ടില്‍ ജെറീന യോഗ അഭ്യസിക്കുന്നത്. മൈസൂരിലുണ്ടായിരുന്ന സഹോദരന്‍ ജംഷീദിന്റെ നിര്‍ബന്ധമായിരുന്നു പിന്നില്‍. അസുഖംമാറാന്‍ അഭ്യസിച്ച വിദ്യ ഇന്ന് ജെറീനയ്ക്ക് ആരോഗ്യവും വരുമാനമാര്‍ഗവുംകൂടിയാണ്.

കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് ആര്‍ക്കേഡ് ബില്‍ഡിങ്ങില്‍ മൈ ലൈഫ് യോഗ സെന്റര്‍ എന്നപേരില്‍ സ്വന്തംസ്ഥാപനം നടത്തുന്ന ജെറീന ഇതിനകം 300-ഓളം പേരെ പരിശീലിപ്പിച്ചുകഴിഞ്ഞു. കുടുംബത്തിന്റെയും സമുദായത്തിന്റെയും പിന്തുണയാണ് തന്നെ ഇപ്പോഴും യോഗയില്‍ നിലനിര്‍ത്തുന്നതെന്ന് ജെറീന പറയുന്നു.

'മുസ്ലിം സമുദായത്തില്‍നിന്ന് യോഗ അഭ്യസിക്കുന്നവരും പഠിപ്പിക്കുന്നവരും കുറവാണ്. എന്നാല്‍ യാതൊരു എതിര്‍പ്പും നേരിട്ടിട്ടില്ല. സമുദായവും കുടുംബവും ഒപ്പംനിന്നു. ഇപ്പോള്‍ മുസ്ലിങ്ങളായ നിരവധിപേര്‍ യോഗ പഠിക്കാന്‍ വരുന്നുണ്ട്. നോമ്പ് സമയത്തും യോഗ മുടക്കേണ്ടതില്ല. ശാരീരികവും മാനസികവുമായ പൂര്‍ണാരോഗ്യമല്ലേ യോഗ ലക്ഷ്യമിടുന്നത്. നോമ്പ് സമയത്ത് അതുകൊണ്ട് യോഗ തുടരണം, ജെറീന പറയുന്നു.
 
 
rogasanthikk yogaഅഷ്ടാംഗയോഗവിന്യാസമാണ് ജെറീന പിന്തുടരുന്നത്. 2009-ലാണ് മൈസൂരുവിലെ യാദവഗിരി - നിത്യാനന്ദ വേദചൈതന്യയുടെ ആശ്രമത്തില്‍നിന്ന് യോഗ പഠിക്കുന്നത്.
 
ശരീരത്തിനൊപ്പം മനസ്സിനും പൂര്‍ണപ്രാധാന്യം നല്‍കുന്നതാണ് യോഗ. അഷ്ടാംഗയോഗയാവട്ടെ ഇതില്‍ അല്പംകൂടി കൂടുതല്‍ കരുതല്‍ നല്‍കും. അമ്പതോളം ആസനങ്ങളും പ്രാണായാമവും ധ്യാനവും ഇതിന്റെഭാഗമാണ്.
 
Ashtanga Yogaപിന്നീട് കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ശിവാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് യോഗയുടെ ക്ലാസിലും പങ്കെടുത്തു. ആചാര്യ സുരേന്ദ്രനാഥായിരുന്നു അവിടെ യോഗ അഭ്യസിപ്പിച്ചത്.
 
അഷ്ടാംഗയോഗയില്‍നിന്ന് വ്യത്യസ്തമാണ് ശിവാനന്ദ യോഗയുടെ രീതി. പന്ത്രണ്ട് ആസനങ്ങളും സൂര്യനമസ്‌കാരവുമൊക്കെയാണുള്ളത്. 
2014-ലാണ് മൈ ലൈഫ് യോഗ സെന്റര്‍ തുടങ്ങുന്നത്. രണ്ട് ബാച്ചുകളിലായാണ് പരിശീലനം. ഇതിനൊപ്പം സെയ്ന്റ് ജോസഫ്‌സ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലും പഠിപ്പിക്കുന്നുണ്ട്.
 
യോഗ ജീവിതചര്യയാക്കണമെന്നാണ് ജെറീനയുടെ അഭിപ്രായം. മാനസിക സമ്മര്‍ദം, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയ്ക്ക് യോഗയോളം വലിയ മരുന്നില്ലെന്ന് അവര്‍ സ്വന്തം അനുഭവങ്ങളെ സാക്ഷിയാക്കി പറയുന്നു. ഭര്‍ത്താവ് മുഷ്താഖും രണ്ട് മക്കളും എല്ലാത്തിനും പിന്തുണയുമായി ഒപ്പമുണ്ട്.