മൈസൂരു: അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് മൈസൂരുവില്‍ 54,101 പേര്‍ പങ്കെടുത്ത യോഗാ പ്രദര്‍ശനം അരങ്ങേറി.

നഗരത്തിലെ റേസ് കോഴ്‌സില്‍ ബുധനാഴ്ച രാവിലെ ഏഴരമുതല്‍ ഒമ്പതരവരെയായിരുന്നു പ്രദര്‍ശനം. ഒരുസ്ഥലത്ത് ഏറ്റവും കൂടുതല്‍പ്പേരെ അണിനിരത്തിയുള്ള യോഗാ പ്രദര്‍ശനം നടത്തി ഗിന്നസ് റെക്കോഡ് കരസ്ഥമാക്കാന്‍ മൈസൂരു ജില്ലാ ഭരണകൂടമാണ് പരിപാടി ആസൂത്രണം ചെയ്തത്. പ്രദര്‍ശനത്തില്‍ പങ്കെടുത്തവര്‍ 19 തരം യോഗാസനങ്ങള്‍ കാഴ്ചവെച്ചു.

വേദിയായ റേസ് കോഴ്‌സ് മൈതാനത്തേക്ക് പങ്കെടുക്കുന്നവരുടെ ഒഴുക്ക് രാവിലെ അഞ്ചിന് ആരംഭിച്ചിരുന്നു. പ്രവേശനത്തിനായി ഏഴു കവാടങ്ങളാണ് സജ്ജീകരിച്ചിരുന്നത്. പ്രദര്‍ശനത്തില്‍ പങ്കെടുത്തവര്‍ക്ക് ബാര്‍ കോഡ് ഉള്ള ടിക്കറ്റ് നല്‍കിയിരുന്നു. ഇതുവഴിയാണ് പങ്കെടുത്തവരുടെ കൃത്യമായ എണ്ണം അധികൃതര്‍ മനസ്സിലാക്കിയത്. ഗിന്നസ് റെക്കോഡ് ലഭിച്ചോ എന്ന് ഔദ്യോഗികമായി അറിയാന്‍ പത്തുദിവസത്തോളമെടുക്കും. ഡ്രോണില്‍ ഘടിപ്പിച്ച ക്യാമറകള്‍ ഉപയോഗിച്ച് പ്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി ഗിന്നസ് ബുക്ക് അധികൃതര്‍ക്ക് ജില്ലാ ഭരണകൂടം കൈമാറിയിട്ടുണ്ട്.

സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍, യോഗാ വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. അഞ്ഞൂറോളം വിദേശികളും പങ്കാളികളായി. ഡല്‍ഹിയിലെ രാജ്പഥില്‍ 2015-ല്‍ 35,985 പേര്‍ പങ്കെടുത്ത പ്രദര്‍ശനമാണ് ഈ വിഭാഗത്തില്‍ നിലവിലെ റെക്കോഡ്. യോഗാ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനായി 50 ലക്ഷം രൂപയാണ് മൈസൂരു ജില്ലാ ഭരണകൂടം ചെലവിട്ടത്.

കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, മൈസൂരു ജില്ലാ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, മൈസൂരു-കുടക് എം.പി. പ്രതാപസിംഹ, മൈസൂരു മേയര്‍ എം.ജെ. രവികുമാര്‍, മൈസൂരു കൊട്ടാരത്തിലെ യെദുവീര്‍ കൃഷ്ണദത്ത ചാമരാജ വോഡയാര്‍, കന്നഡ സാഹിത്യകാരന്‍ എസ്.എല്‍. ഭൈരപ്പ തുടങ്ങിയവര്‍ പങ്കെടുത്തു.