സിന്ധുനദീതട നാഗരികതയുടെ കാലത്തുപോലും ഭാരതത്തില്‍ യോഗ പ്രചരിച്ചിരുന്നു. അവിടെ നിന്ന് ഖനനം ചെയ്ത അവശിഷ്ടങ്ങള്‍ക്കിടയില്‍  പത്മാസനത്തിലിരിക്കുന്ന ഒരു യോഗിയുടെ കല്‍പ്രതിമ കണ്ടെടുത്തിട്ടുണ്ട്. ബുദ്ധമതാനുയായികളും ജൈനമതക്കാരും യോഗയ്ക്കും ധ്യാനത്തിനും പരമപ്രാധാന്യം നല്കിയിരുന്നു. യോഗാവസ്ഥയിലിരിക്കുന്ന ബുദ്ധനേയും മഹാവീരനേയുമാണ് നമുക്ക് കരിങ്കല്‍ പ്രതിമകളില്‍ ദര്‍ശിക്കാനാവുന്നത്. പുരാതന ക്ഷേത്രങ്ങളിലെ ശില്പങ്ങളിലും ചുമര്‍ച്ചിത്രങ്ങളിലുമൊക്കെ യോഗയുടെ സ്വാധീനം വെളിവാക്കപ്പെടുന്നുണ്ട്. ഗുരുകുല വിദ്യാഭ്യാസ കാലത്ത് യോഗ പാഠ്യപദ്ധതിയുടെ ഒരു പ്രധാന ഭാഗമായിരുന്നു.

ശ്വാസം നിയന്ത്രിക്കാം

Ashtanga Yogaമനസ്സില്‍ അടിഞ്ഞുകൂടുന്ന നെഗറ്റീവ് ചിന്തകളെ പുറം തള്ളി അവിടെ പോസിറ്റീവ് ചിന്തകള്‍ നിറയ്ക്കാന്‍ പ്രാണായാമം നമ്മെ പ്രാപ്തരാക്കും. പ്രാണായാമമെന്നാല്‍ ശ്വസനവ്യായാമങ്ങള്‍ എന്നാണ് അര്‍ഥം. ശ്വസന പ്രക്രിയയിലുണ്ടാകുന്ന താളപ്പിഴകളാണ് പലപ്പോഴും പല മാനസിക പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നത്. ശ്വസനവും മനസ്സും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്വസനത്തെ നിയന്ത്രിച്ചാല്‍ മനസ്സിനേയും മനസ്സിനെ നിയന്ത്രിച്ചാല്‍ ശ്വസനത്തേയും നിയന്ത്രിക്കാനാവും.

ശ്വസന പ്രക്രിയ ക്രമപ്പെടുത്തുന്നതിലൂടെ തലച്ചോറിലേക്ക് ഓക്‌സിജന്റെ പ്രവാഹം വര്‍ധിക്കുന്നു. തലച്ചോറിലെത്തുന്ന ഓക്‌സിജന്‍ തലച്ചോറിലെ രക്തപ്രവാഹം വര്‍ധിപ്പിക്കുകയും തലച്ചോറിനെ കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാക്കുകയും ചെയ്യും.

തലച്ചോറിന്റെ ഇടതുഭാഗം ഭാഷ, ശാസ്ത്രം, യുക്തിചിന്ത എന്നിവയെ ഉദ്ദീപിപ്പിക്കുമ്പോള്‍, വലതുഭാഗം കല, താളം, സര്‍ഗാത്മകത എന്നിവയെ പരിപോഷിപ്പിക്കുന്നു. ഇരുഭാഗങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോള്‍ പഠനത്തില്‍ ഉത്സാഹം വര്‍ധിക്കുകയും പഠന നിലവാരം മെച്ചപ്പെടുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. യോഗയിലും പ്രാണായാമത്തിലും ഏര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ മികച്ച പഠന നിലവാരത്തിലെത്തുമെന്ന് പറയുന്നത് ഇതുകൊണ്ടാണ്.

യോഗാസനത്തിലേക്ക്

ശരീരത്തെ അയവുള്ളതാക്കി മാറ്റാനുള്ള ചില ശിഥിലീകരണ വ്യായാമങ്ങള്‍ക്കുശേഷം ലളിതമായ ആസനങ്ങളിലേക്ക് കടക്കുക. ആസനങ്ങളും പ്രാണായാമവും ധ്യാനവുമൊക്കെ ഒരു ഗുരുമുഖത്തുനിന്ന് അഭ്യസിക്കുന്നതാണ് നല്ലത്. പതിമൂന്നോളം ആസനങ്ങളെ സംയോജിപ്പിച്ച് ചിട്ടപ്പെടുത്തിയ സൂര്യനമസ്‌കാരം ആസനങ്ങളുടെ ചക്രവര്‍ത്തിയായാണ് ഗണിക്കപ്പെടുന്നത്. യോഗാസനങ്ങള്‍ക്ക് ശേഷം പ്രാണായാമത്തിലേയ്ക്കും ധ്യാനത്തിലേയ്ക്കും പ്രവേശിക്കുന്ന രീതിയാണ് ഉത്തമം.

മാറ്റം വരേണ്ട ചിന്ത

rogasanthikk yogaമനസ്സിന്റെയും ശരീരത്തിന്റെയും സമന്വയമാണ് യോഗ. ശരീരവും മനസ്സും;  മനസ്സും  പ്രപഞ്ചവും; പ്രപഞ്ചവും ആത്മാവും; ആത്മാവും പരമാത്മാവും തമ്മിലുള്ള ലയത്തിലൂടെ മനുഷ്യനിലെ സകല കഴിവുകളേയും ഉദ്ദീപിപ്പിക്കുകയാണ് യോഗയുടെ ലക്ഷ്യം. മനസ്സിന്റെ ദൗര്‍ബല്യങ്ങള്‍ അകറ്റി പൂര്‍ണമായ വ്യക്തിത്വത്തിന്റെ ഉടമകളാകാന്‍ യോഗ നമ്മെ പ്രാപ്തരാക്കുന്നു. നമ്മില്‍ എല്ലാ വികാരങ്ങളും രൂപപ്പെടുന്നത് ചിന്തയില്‍ നിന്നാണ്. ചിന്തകളെ നിയന്ത്രിച്ച് ശരിയായ ദിശയിലേക്ക് തിരിച്ചുവിടുമ്പോള്‍ അത് നമ്മെ ജീവിതവിജയത്തിലേക്ക് നയിക്കും.

ദിവസവും രാവിലെ ഉണരുന്നതു മുതല്‍ രാത്രി ഉറങ്ങുന്നതുവരെയുള്ള നമ്മുടെ പ്രവൃത്തികളും നമ്മുടെ വാക്കുകളും ചിന്തകളുമൊക്കെ ഒന്ന് സ്വയം അപഗ്രഥിച്ചു നോക്കൂ യമം എന്ന ഘട്ടം പിന്നിടാന്‍ ഇനി നമ്മുടെ ഏതൊക്കെ പ്രവൃത്തികളിലും വിചാരങ്ങളിലുമാണ് മാറ്റം വരുത്തേണ്ടത്? വീട്ടിലെ നല്ല കുട്ടിയാവാനും സ്‌കൂളിലെ നല്ല വിദ്യാര്‍ഥിയാവാനുമൊക്കെ നാം ഇപ്പോഴത്തെ എന്തെല്ലാം രീതികളിലാണ് മാറ്റം വരുത്തേണ്ടത്?

നാം എത്രമാത്രം ശുചിത്വമുള്ളവരാണെന്ന് ചിന്തിക്കുക. മറ്റുള്ളവരെ സന്തോഷിപ്പിക്കാനും സ്വയം ആഹ്ലാദ ചിത്തരായിക്കഴിയാനും നാം എന്തെങ്കിലും ചെയ്യാറുണ്ടോ? എന്തൊക്കെ മാറ്റങ്ങളാണ് നമ്മുടെ ചിന്തയില്‍ വരുത്തേണ്ടത്. യമ-നിയമങ്ങള്‍ക്കനുസരിച്ച് നിത്യജീവിതത്തില്‍ ചില മാറ്റങ്ങളൊക്കെ വരുത്തിവേണം നാം യോഗാസനത്തിലേക്ക് പ്രവേശിക്കാന്‍.

യമവും നിയമവും

നാം ഇന്നറിയുന്ന രീതിയിലുള്ള യോഗാസനങ്ങളും പ്രാണായാമങ്ങളും ചിട്ടപ്പെടുത്തിയത് പതഞ്ജലി മഹര്‍ഷിയാണ്. അദ്ദേഹം യോഗശാസ്ത്രത്തിന്റെ ഒരു വിഭാഗമായ രാജയോഗത്തെ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ എട്ട് ചവിട്ടുപടികളായി ചിട്ടപ്പെടുത്തി. ഇത് അഷ്ടാംഗയോഗമെന്നും പതഞ്ജലി യോഗദര്‍ശനമെന്നും അറിയപ്പെടുന്നു.

അഷ്ടാംഗ യോഗത്തിലെ മൂന്നാമത്തെയും നാലാമത്തെയും പടവുകളാണ് യോഗാസനവും പ്രാണായാമവും. തൊട്ടുമുന്‍പുള്ള യമത്തിന്റെയും നിയമത്തിന്റെയും പടവുകള്‍ കയറിയിട്ടേ യോഗാസനത്തിനിറങ്ങാവൂ എന്ന് പതഞ്ജലി മഹര്‍ഷി അനുശാസിക്കുന്നുണ്ട്. മനുഷ്യരെല്ലാം അറിഞ്ഞിരിക്കേണ്ടതും ആചരിക്കേണ്ടതുമായ നിയമങ്ങളത്രെ യമ-നിയമങ്ങള്‍. അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നീ അഞ്ച് ഘടകങ്ങളാണ് യമത്തിലുള്ളത്.

യാതൊരു ജീവജാലങ്ങളെയും മനസ്സുകൊണ്ടോ, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഉപദ്രവിക്കാതിരിക്കുക, വാക്കിലും പ്രവൃത്തിയിലും ചിന്തയിലുമൊക്കെ സത്യത്തെ മുറുകെ പിടിക്കുക, അവനവന് അര്‍ഹിക്കാത്തതൊന്നിലും ആശ വെയ്ക്കാതിരിക്കുക, നമ്മുടെ ശക്തിയും ചൈതന്യവും ധൂര്‍ത്തടിച്ചും അനാവശ്യമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയും നശിപ്പിക്കാതിരിക്കുക, ഭൗതിക സുഖങ്ങളെല്ലാം നിയന്ത്രിതമായി മാത്രം ഉപയോഗിക്കാന്‍ മനസ്സിനെ പരുവപ്പെടുത്തുക എന്നിവയൊക്കെ ചെയ്താല്‍ യമത്തിന്റെ ഘട്ടം പിന്നിടും.

ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വര പ്രണിധാനം എന്നിവ അടങ്ങിയതാണ് നിയമം. ശൗചമെന്നാല്‍ ശുചിത്വം. ദൈനംദിന ജീവിതത്തില്‍ സന്തോഷവാനായിരിക്കാനും ശാന്തനായിരിക്കാനും എന്തൊക്കെ ചെയ്യുന്നുവോ അതൊക്കെ ചെയ്താല്‍ സന്തോഷവും തപസ്സുമായി. ദിവസവും കുറച്ച് നേരം നല്ല പുസ്തകം വായിക്കുക, മുതിര്‍ന്നവരില്‍ നിന്നും നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളുക, അധ്യാപകര്‍ പറയുന്ന നല്ല കാര്യങ്ങള്‍ അനുസരിക്കുക.  ഇതൊക്കെയായാല്‍ സ്വാധ്യായവുമായി.