തിരുവനന്തപുരം: 'അമ്മേ, അമ്മ കൊറോണയെ പായിക്കാനാണോ പോയത്.' കോവിഡ് ഡ്യൂട്ടിയും നിരീക്ഷണവും കഴിഞ്ഞ് ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം അമ്മയെ കണ്ടപ്പോഴുള്ള ചാരുവിന്റെ നിഷ്‌കളങ്ക ചോദ്യം. അതെ എന്ന് ചിരിച്ചുകൊണ്ട് തലയാട്ടിയപ്പോള്‍ കുഞ്ഞുമുഖത്ത് അദ്ഭുതവും സന്തോഷവും വിരിഞ്ഞത് എനിക്കു കാണാമായിരുന്നു.

അടുത്തുവന്ന് കൊഞ്ചിപ്പറയുന്ന മകളെ എടുത്ത് മടിയിലിരുത്തി ലാളിക്കാനും ഉമ്മ വയ്ക്കാനും കൊതിയുണ്ട്. പക്ഷേ... നിരീക്ഷണ കാലയളവ് തീരാത്തതിനാല്‍ അകറ്റിനിര്‍ത്താനേ നിവൃത്തിയുള്ളൂ.

ഒറ്റയ്ക്ക് ഒരു മുറിയില്‍ കഴിയണം. കുഞ്ഞ് പുറംതിരിഞ്ഞ് നടന്നപ്പോള്‍ ഒന്ന് കൈയെത്തി തൊടാന്‍പോലും ആഗ്രഹിച്ചു. മാതൃത്വത്തിന്റെ മുന്നില്‍ തന്റെ സകല ധൈര്യവും ചോര്‍ന്നുപോവുകയായിരുന്നു. എങ്കിലും അതിജീവനമാണ്. ഈ രാത്രിയും കടന്നുപോകും. കടന്നുപോവുകതന്നെ ചെയ്യും...' ലോക നഴ്‌സസ് ദിനത്തില്‍ മന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ചെറുതാഴം കുടുംബാരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് ഷീനയുടെ കുറിപ്പ് അഡീ. ഡയറക്ടര്‍ നഴ്‌സിങ് എം.ജി.ശോഭന പങ്കുവച്ചപ്പോള്‍ നിറഞ്ഞ ൈകയടിയായിരുന്നു.

നഴ്‌സുമാരോടുള്ള ആദരവ് കൂടിയതായി മന്ത്രി കെ.കെ.ശൈലജ നഴ്‌സുമാരെ അഭിസംബോധനചെയ്തുകൊണ്ട് പറഞ്ഞു. സ്വകാര്യമായ പല ദുഃഖങ്ങളും മറച്ചുവച്ചാണ് ഓരോ നഴ്‌സുമാരും കോവിഡിനെതിരേ പൊരുതുന്നത്. ഓരോരുത്തര്‍ക്കും ഇതുപോലെ പല കഥകളും പറയാനുണ്ടാകും. ആരോഗ്യപ്രവര്‍ത്തകര്‍ വീണുപോയാല്‍ അവരെ രക്ഷിക്കാന്‍ ആരാണുണ്ടാകുക. ഓരോ നഴ്‌സിനും ബിഗ് സല്യൂട്ട്. അകാലത്തില്‍ പൊലിഞ്ഞ നഴ്‌സുമാരായ ലിനി, എ.എ.ആഷിഫ്, ഡോണ വര്‍ഗീസ് എന്നിവരെ ഈയവസരത്തില്‍ ഓര്‍ക്കുന്നതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നൂറോളം ആശുപത്രികളില്‍നിന്നായി 800ഓളം നഴ്‌സുമാരാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. മലപ്പുറം കുറ്റിപ്പുറം താലൂക്കാശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ബെറ്റ്‌സി കോവിഡ്19 പ്രതിരോധത്തെപ്പറ്റി പാടി ഹിറ്റായ ഗാനം ആലപിച്ചു.

ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ.റംലാ ബീവി, അഡീ. ഡയറക്ടര്‍ നഴ്‌സിങ് എം.ജി.ശോഭന എന്നിവര്‍ നഴ്‌സസ്ദിന ആശംസകള്‍ നേര്‍ന്നു.

Content Highlights: nurses sharing experience with minister shailaja teacher on nurses day