ന്യൂഡല്‍ഹി: കോവിഡ് കാലത്ത് പട്ടിണിയിലായ പാവങ്ങളുടെ വിശപ്പകറ്റാന്‍ ഇറങ്ങിത്തിരിച്ചതാണ് എയിംസിലെ ഒരുകൂട്ടം മലയാളി നഴ്സുമാര്‍. മഹാമാരിക്കെതിരേ പോരാടാന്‍ രോഗപരിചരണം മാത്രം മതിയാവില്ലെന്ന് മനസ്സിലാക്കിയാണ് ഭക്ഷണപ്പൊതികളുമായി അവര്‍ ഇറങ്ങിത്തിരിച്ചത്. എന്നാല്‍, തങ്ങളുടെ അതേ ജോലിചെയ്യുന്ന മറ്റൊരുകൂട്ടം മാലാഖമാര്‍ തന്നെ കടുത്ത ദാരിദ്ര്യത്തെ നേരിടുകയാണെന്നറിഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരുടെ മനസ്സൊന്നു പിടച്ചു. വിവിധ ഏജന്‍സികള്‍ വഴി ഡല്‍ഹിയില്‍ എത്തിപ്പെട്ട് വീടുകളിലും മറ്റും സ്വകാര്യസേവനം നല്‍കുന്ന നഴ്സുമാരാണ് ഇപ്പോള്‍ കടുത്ത ദുരിതം നേരിടുന്നത്.

എയിംസ് നഴ്സസ് അസോസിയേഷന്‍ നേതാവ് വിപിന്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ ഏഴുപേരാണ് പാവങ്ങള്‍ക്ക് ഭക്ഷണപ്പൊതികള്‍ നല്‍കാനാരംഭിച്ചത്. കോവിഡ് അടച്ചിടല്‍ ആരംഭിച്ച് ആദ്യ പത്തു ദിവസങ്ങളിലായിരുന്നു ഭക്ഷണവിതരണം. എയിംസിലും പരിസരത്തുമുള്ള തൊഴിലാളികള്‍ക്കായി ദിവസവും നൂറുകണക്കിന് ഭക്ഷണപ്പൊതികള്‍ എത്തിച്ചുനല്‍കി. എന്നാല്‍, കോവിഡ് സേവനം നടത്തുന്ന നഴ്സുമാര്‍ പുറത്തുപോകുന്നതിന് നിയന്ത്രണം വന്നതോടെ നേരിട്ട് ഭക്ഷണം നല്‍കുന്നത് നിര്‍ത്തി. പകരം പാവങ്ങള്‍ക്ക് പലചരക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനാരംഭിച്ചതോടെ പലയിടത്തുനിന്നും ആവശ്യക്കാര്‍ വിളിതുടങ്ങി.

ഭക്ഷണസാധനങ്ങളുടെ വിതരണം പുരോഗമിക്കവേയാണ് നഗരത്തില്‍ പലയിടത്തും സ്വകാര്യ സേവനം നടത്തുന്ന നഴ്സുമാര്‍ ദുരിതത്തിലാണെന്ന വിവരമറിയുന്നത്. ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പോകുന്ന രോഗികള്‍, പ്രായമായവര്‍ തുടങ്ങിയവരെ വീട്ടില്‍പ്പോയി പരിചരിക്കുന്ന ഒട്ടേറെ മലയാളി നഴ്സുമാരാണ് ഡല്‍ഹിയിലുള്ളത്. ദിവസക്കൂലിക്ക് ജോലിചെയ്യുന്ന അവരില്‍ പലരും കോവിഡ് അടച്ചിടലിനെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായി.

ഇത്തരം നഴ്സുമാരില്‍നിന്നും ഭക്ഷണസാധനങ്ങള്‍ ആവശ്യപ്പെട്ട് വിളിയെത്തുമ്പോള്‍ ഏറെ വിഷമം തോന്നുന്നതായി വിപിന്‍ പറഞ്ഞു. വിപിനെക്കൂടാതെ എയിംസിലെ മറ്റു നഴ്സുമാരായ ടി.എം. ജെന്നി, പ്രശാന്ത്, പ്രതീഷ്, ശ്രീവല്‍സന്‍, ശശാന്ത് എസ്. ചന്തു, സുഗീഷ്, ജിനേഷ്, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ആവശ്യക്കാര്‍ക്ക് സഹായമെത്തിക്കുന്നത്.

നിരവധിപേരുടെ വിശപ്പകറ്റാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെങ്കിലും തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ചിലര്‍തന്നെ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നതാണ് സങ്കടമെന്ന് ഇവര്‍ പറയുന്നു.

Content Highlights: Nurses in AIIMS hospital helps other nurses by providing food, International Nurses Day 2020, Corona Outbreak, Lockdown