ഷാര്‍ജ: അകമേ നൊന്തുപൊള്ളുമ്പോഴും ഒരുതുള്ളിപോലും നോവ് പുറമേ കാണിക്കാതെ ജീവന്‍ ഭദ്രമായി തിരികെത്തരുന്ന മാലാഖമാര്‍. ഈ നഴ്‌സസ് ദിനത്തില്‍ പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനിയായ സുനി ഡേവിഡ് എന്ന നഴ്‌സ് ആതുരസേവനം സമര്‍പ്പിക്കുന്നത് ഷാര്‍ജ ഓള്‍ഡ് പീപ്പിള്‍ ഹോം എന്ന വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കാണ്. ആ വൃദ്ധസദനത്തില്‍ ജീവിത സായാഹ്നത്തിലെത്തിയ 35 പേരുണ്ട്. 80 വയസിന് മുകളില്‍ പ്രായമായവര്‍. 22 പുരുഷന്മാരും 13 സ്ത്രീകളും. അവരുടെ സ്നേഹവും വാത്സല്യവും 14 വര്‍ഷമായി അനുഭവിക്കുകയാണ് സുനി ഡേവിഡ്. ഷാര്‍ജ സാമൂഹിക സേവന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിലെ ജീവനക്കാരിയായതില്‍ സന്തോഷം മാത്രമേയുള്ളൂവെന്ന് സുനി ഡേവിഡ് പറയുന്നു. 

നഴ്‌സസ് പഠനം തിരഞ്ഞെടുക്കുമ്പോള്‍ ഇത്രയും സ്നേഹവും വാത്സല്യവും നുകരാന്‍ സാധിക്കുമെന്ന് കരുതിയതേയില്ല. ദേശവും ഭാഷയും അതിരുകള്‍ ഭേദിച്ച് അവരെ പരിചരിക്കാന്‍ സാധിക്കുമ്പോള്‍ ആരോടാണ് ഹൃദയംകൊണ്ട് കടപ്പെടേണ്ടതെന്ന് സുനിയ്ക്ക് അറിയില്ല. അത്രയും അഗാധമാണ് ആ വൃദ്ധമനസ്സുകളുടെ സ്നേഹവും കരുതലും. ഒരുദിവസം കണ്ടില്ലെങ്കില്‍ ചെറുമകളെപോലെ സ്നേഹിക്കുന്ന സുനി ഡേവിഡിനെ അവര്‍ അന്വേഷിക്കും, വരുന്നതും നോക്കി വാതില്‍ക്കലുണ്ടാവും. മരുന്നും ഭക്ഷണവും സ്നേഹത്തിന്റെ കൈകളിലൂടെ പകരുമ്പോള്‍ ജീവിതത്തിലെ ഏറ്റവും ആനന്ദം അനുഭവിക്കുകയാണെന്ന് സുനി ഡേവിഡ് പറയുന്നു. ഈ ജീവിതത്തില്‍ അവരുടെ സ്നേഹം അനുഭവിക്കാന്‍ കഴിയുമ്പോള്‍ നഴ്‌സ് എന്ന തൊഴിലല്ല അതൊരു ജീവിത നിയോഗമാണെന്ന് സുനി ഡേവിഡ് തിരിച്ചറിയുന്നു. അന്തേവാസികളായല്ല, അപ്പൂപ്പനും അമ്മൂമ്മയുമാണ് അവര്‍ ഓരോരുത്തരും. പ്രായാധിക്യത്തില്‍ പുറമേ ചുളിവ് വീണെങ്കിലും ആ ഹൃദയങ്ങള്‍ ചുളിവ് വീഴാത്ത സ്നേഹത്തിന്റെ പത്തരമാറ്റാണ്. നിലാവുപോലെ വാത്സല്യം തരുന്നവര്‍, ഈ മാലാഖ ജന്മം പുണ്യമാണെന്ന് സുനി വിശ്വസിക്കുന്നു. ഭംഗിവാക്കല്ല, ഹൃദയംകൊണ്ടാണ് പറയുന്നത്. ഷാര്‍ജയില്‍ സ്വന്തമായി ബിസിനസ് ചെയ്യുന്ന റെജി ഫിലിപ്പ് ആണ് സുനിയുടെ ഭര്‍ത്താവ്. വിദ്യാര്‍ഥികളായ ക്രിസ്റ്റി, ക്രിസ് എന്നിവര്‍ മക്കളാണ്.