നുവരി 31-നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി അനുപമ ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററില്‍ നഴ്സായി ജോലിയില്‍ പ്രവേശിക്കാന്‍ വിമാനമിറങ്ങിയത്. മൂന്നുമാസം പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ടില്‍ കോവിഡിനെതിരായ മുന്നണിപ്പോരാളികളില്‍ ഒരാളായി അനുപമയെ തിരഞ്ഞെടുത്തിരിക്കുകയാണിപ്പോള്‍.

ടെല്‍ഫോര്‍ഡിലെ പ്രിന്‍സസ് റോയല്‍ എന്‍.എച്ച്.എസ്. ആശുപത്രിയിലാണിവര്‍. ഇംഗ്ലണ്ടിലെ മാധ്യമങ്ങളില്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം അനുപമയുടെയും ചിത്രവും ഉള്‍പ്പെടുത്തി വാര്‍ത്തയും വന്നു. കോവിഡിനെതിരായ ഇംഗ്ലണ്ടിന്റെ പോരാട്ടത്തില്‍ പങ്കാളിയാകാനായതില്‍ സന്തോഷമുണ്ട്. തന്റെ നാടായ ഇന്ത്യയിലും കോവിഡ് ഭീതിയുണ്ട്. അതില്‍ ആശങ്കയുണ്ടെന്നുമാണ് അനുപമ ഇംഗ്ലണ്ടിലെ മാധ്യമത്തോടു പ്രതികരിച്ചത്.

nurse
അനുപമയടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനത്തെ അംഗീകരിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ മാധ്യമത്തില്‍ വന്ന വാര്‍ത്ത

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു അനുപമ. ഇംഗ്ലണ്ടില്‍ ദേശീയ ഹെല്‍ത്ത് സര്‍വീസില്‍ ജോലിയില്‍ പ്രവേശിക്കുംമുന്‍പ് അവിടെ നടത്തുന്ന പരീക്ഷ ജയിക്കണം. അതിനായി തയ്യാറെടുപ്പിലായിരുന്നു. അതിനിടയില്‍ കോവിഡ് വൈറസിന്റെ വ്യാപനംകാരണം പരീക്ഷ മാറ്റിവെച്ചു.

രോഗവ്യാപനം വര്‍ധിക്കുകയും മരണം കൂടുകയും ചെയ്തതോടെ നഴ്സുമാരുടെ കുറവ് ഇംഗ്ലണ്ടിന് വെല്ലുവിളിയായി. തുടര്‍ന്ന്, പരിശീലനത്തിലുള്ള നഴ്സുമാരോട് സേവനത്തിനു തയ്യാറാണോയെന്ന് അന്വേഷിച്ചു. അനുപമയടക്കമുള്ളവര്‍ അങ്ങനെ താത്കാലിക പാസുമായി ജോലിയില്‍ പ്രവേശിച്ചു.

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ സേവനപരിചയവും ഒഡിഷയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റിന്റെ ഭാഗമായ ആശുപത്രിയിലെ സേവനപരിചയവുമൊക്കെ അനുപമയ്ക്ക് മുതല്‍ക്കൂട്ടായി. ആദ്യഘട്ടത്തില്‍ സുരക്ഷാ സംവിധാനങ്ങളൊക്കെ കുറവായിരുന്നു. ഇപ്പോള്‍ അതെല്ലാം പരിഹരിച്ചെന്ന് അനുപമ അറിയിച്ചതായി ഭര്‍ത്താവ് ഗോപകുമാര്‍ പറഞ്ഞു. നീണ്ടകര സര്‍ക്കാര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ് ഗോപകുമാര്‍.

Content Highlights: Malayalee nurse in England praised her service by hospital on Covid19 Corona Virus, Health, International Nurses Day 2020