''ചൈനയില്‍ ഒരു പുതിയ വൈറസ് പടരുന്നുണ്ട്. പക്ഷേ നമുക്ക് നിലവില്‍ പേടിക്കാനൊന്നും ഇല്ല. എന്നാലും ഒന്നു ശ്രദ്ധിക്കണം.'' ഇത്രയുമാണ് ജനുവരി 25 ന് ആരോഗ്യവകുപ്പിലെ യോഗത്തിന്റെ ചുരുക്കം. ചൈനയില്‍ നിന്നുള്ള വൈറസൊക്കെ ഇവിടെ വരുമെന്നും വലിയ പ്രശ്‌നമുണ്ടാകുമെന്നും കരുതിയില്ല. എങ്കിലും ഒന്നു കരുതിയിരുന്നു. ആ കരുതലാണ് നമ്മുടെ നാടിനെ വലിയൊരു ദുരന്തത്തില്‍ നിന്ന് കരകയറാന്‍ സഹായിച്ചത്.'' തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലെ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് ഹെഡ് നഴ്‌സ് സിജി ജോസ് പറയുന്നു. 

ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഒരുക്കം തുടങ്ങി. വൈകാതെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡിനുളള സൗകര്യങ്ങള്‍ ഒരുക്കി. ജനുവരി 27 ന് ചൈനയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥിനി സസ്‌പെക്റ്റഡ് കേസായി എത്തി. മൂന്നു ദിവസത്തിനകം അവര്‍ക്ക് കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ചൈനയില്‍ പടരുന്ന വൈറസ് ഇന്ത്യയില്‍ ആദ്യമായി അങ്ങനെ തൃശ്ശൂരില്‍ സ്ഥിരീകരിച്ചു. രാജ്യ-രാജ്യാന്തര ശ്രദ്ധ കേരളത്തിലേക്കെത്തി. അന്നുതൊട്ട് ഇന്നോളം ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും പോരാടിക്കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിനെതിരെ. ഇനിയൊരാളെയും മരണത്തിന് വിട്ടുകൊടുക്കരുതെന്ന വാശിയോടെ, വൈറസ് വ്യാപനത്തിന്റെ ചങ്ങല പൊട്ടിക്കാന്‍. ബ്രേക്ക് ദ ചെയിന്‍. 

രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അര്‍ധരാത്രി തന്നെ ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും തൃശ്ശൂരില്‍ യോഗം ചേര്‍ന്നു. ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി പ്രത്യേക മുറികളോടു കൂടിയ ഐസൊലേഷന്‍ സൗകര്യം തയ്യാറാക്കി. ഇതിനായി ഡോ. സൂര്യകലയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പേവാര്‍ഡ് ഒഴിപ്പിച്ച് വളരെ പെട്ടെന്നു തന്നെ ഐസൊലേഷന്‍ സൗകര്യമൊരുക്കി. ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി ഹെഡ് നഴ്‌സ് ആയിരുന്നതിനാല്‍ കോവിഡ് വാര്‍ഡിന്റെ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് ചുമതലയും സിജി സിസ്റ്റര്‍ക്ക് ലഭിച്ചു. ആദ്യ കോവിഡ് പേഷ്യന്റുമായി നേരിട്ട് ബന്ധമുള്ളവരെയെല്ലാം (പ്രൈമറി കോണ്‍ടാക്റ്റ്‌സ്) ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ റൂട്ട്മാപ്പ് തയ്യാറാക്കി കണ്ടുപിടിച്ച് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ തന്നെ പ്രവേശിപ്പിച്ചു. സെക്കന്‍ഡറി കോണ്‍ടാക്റ്റ് മുതല്‍ അങ്ങോട്ടുള്ളവരെ ജില്ലാ ആശുപത്രിയിലേക്കും മറ്റും മാറ്റിയിരുന്നു. ആദ്യം പോസിറ്റീവായ കുട്ടിയെ ഫെബ്രുവരി 20 നാണ് ഡിസ്ച്ചാര്‍ജ് ചെയ്തത്. 

ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് റൂട്ട്മാപ്പ് തയ്യാറാക്കിയതോടെ കൂടുതല്‍ കേസുകള്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിത്തുടങ്ങി. ഒറ്റ ദിവസം 24 പേരൊക്കെ സസ്‌പെക്റ്റഡ് കേസായി വന്നു. കോവിഡ് പോസിറ്റീവായ 11 പേരൊക്കെ ഒറ്റ ദിവസം അഡ്മിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട് ഈ കാലയളവില്‍. 

അണുനശീകരണം എന്ന വലിയ ഉത്തരവാദിത്തം
വലിയ റിസ്‌ക്കുള്ള ജോലിയാണ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ യൂണിറ്റിന്റേത്. ഓരോ പേഷ്യന്റിനെയും ഡിസ്ച്ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ നിശ്ചിത സമയം ഇടവിട്ട് മൂന്നുതവണയെങ്കിലും ബ്ലീച്ചിങ് പൗഡറും മറ്റും ഉപയോഗിച്ച് അണുനശീകരണം നടത്തണം. തുമ്മലിലൂടെയും ചുമയിലൂടെയുമൊക്കെ പുറത്തുവരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വലിയ ശ്രദ്ധ വേണമായിരുന്നു. ഐസൊലേഷന്‍ റൂമില്‍ ഒന്നുപോലും വിട്ടുപോകാതെ എല്ലാം കര്‍ശനമായി അണുനശീകരണം നടത്തേണ്ടിയിരുന്നു. വൃത്തിയാക്കിയില്ലെങ്കില്‍ ദിവസങ്ങളോളം തങ്ങിനില്‍ക്കുന്ന വൈറസ് പക്ഷേ കൃത്യമായി വൃത്തിയാക്കിയാല്‍ വെറും 20 സെക്കന്‍ഡ് കൊണ്ട് നശിച്ചുപോകും എന്നതാണ് പ്രത്യേകത. അണുനശീകരണം നടത്തിക്കഴിഞ്ഞാല്‍ ജനലുകളും വാതിലുകളുമെല്ലാം തുറന്നിട്ട് സൂര്യപ്രകാശം നല്ലവണ്ണം ഉള്ളിലേക്ക് കയറ്റും. ഇതുമാത്രമല്ല, ഒരു പേഷ്യന്റിനെ ഡിസ്ച്ചാര്‍ജ് ചെയ്ത് അണുനശീകരണം നടത്തിക്കഴിഞ്ഞാല്‍ ആ റൂമിലേക്ക് അപ്പോള്‍ തന്നെ അടുത്ത പേഷ്യന്റിനെ പ്രവേശിപ്പിക്കില്ല. കുറച്ചു ദിവസം കഴിഞ്ഞേ ആ റൂമിലേക്ക് രോഗിയെ പ്രവേശിപ്പിക്കൂ. ഈ തരത്തില്‍ ഐസൊലേഷന്‍ റൂമുകളും റൊട്ടേഷന്‍ ചെയ്തിരുന്നു. 

സ്റ്റാഫിന്റെ പരിശീലനം
കോവിഡ് ഏരിയയില്‍ പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്(പി.പി.ഇ.) കിറ്റ് ധരിക്കണം. ഇത് ധരിക്കേണ്ടതിനെക്കുറിച്ച് സ്റ്റാഫുകള്‍ക്ക് പരിശീലനം നല്‍കേണ്ട ഉത്തരവാദിത്തവും ഉണ്ടായിരുന്നു. പി.പി.ഇ. കിറ്റിന്റെ ലഭ്യത ഉറപ്പുവരുത്തണം. ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്ക് ഭക്ഷണം, താമസം, കൃത്യമായ ഡ്യൂട്ടിഷെഡ്യൂള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഉറപ്പുവരുത്തണം. കോവിഡ് ഏരിയയില്‍ നിന്നുള്ളവരും നോണ്‍ കോവിഡ് ഏരിയയില്‍ നിന്നുള്ളവരും കൂടിക്കലരാതെ നോക്കണം. എപ്പോഴും മോണിറ്ററിങ് നിര്‍ബന്ധമാണ്. ഓരോ ദിവസവും റിവ്യൂ മീറ്റിങ്ങുകള്‍ ഉണ്ട്. പ്രശ്‌നങ്ങളും പ്രതിസന്ധികളും എല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കണം. 

ഒരു കോവിഡ് പേഷ്യന്റ് അഡ്മിറ്റാകാന്‍ വരുന്നുണ്ടെന്ന് അറിയിപ്പ് കിട്ടിയാല്‍ ഉടന്‍ അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. രാത്രിയോടെയാണ് മിക്ക കേസുകളും എത്താറുള്ളത്. ആ സമയത്ത് അവരെ ഐസൊലേഷനിലാക്കി വേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട ഉത്തരവാദിത്തവുമുണ്ടായിരുന്നു. ഇതിനുശേഷമാണ് മറ്റ് നഴ്‌സുമാര്‍ രോഗീപരിചരണത്തിന് അവിടേക്ക് പ്രവേശിക്കുക.  

കുടുംബത്തിന്റെ പിന്തുണ അത്യാവശ്യം
ഏഴു ദിവസം ഡ്യൂട്ടി പിന്നെ ഏഴു ദിവസം വിശ്രമം എന്നിങ്ങനെയായിരുന്നു ഡ്യൂട്ടി ഷെഡ്യൂള്‍. എന്നാല്‍ പോസിറ്റീവ് കേസുകള്‍ ഉള്ളപ്പോള്‍ ഡ്യൂട്ടി കഴിഞ്ഞാല്‍ രോഗിയെ പരിചരിച്ചവരെല്ലാം 14 ദിവസം ക്വാറന്റൈനില്‍ പോകേണ്ടി വരുമായിരുന്നു. ഇത് പല നഴ്‌സുമാരുടെയും കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നമുക്ക് നന്നായി ജോലി ചെയ്യണമെങ്കില്‍, പ്രത്യേകിച്ചും ഇത്തരമൊരു മഹാമാരിയെ നേരിടണമെങ്കില്‍ കുടുംബത്തിന്റെ പിന്തുണ കൂടിയേ തീരൂ. ചിലരുടെ വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായി. നഴ്‌സായ ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ അവരുടെ വസ്ത്രങ്ങള്‍ കത്തിക്കുന്ന ഭര്‍ത്താവുണ്ടായിരുന്നു. അവസാനം അദ്ദേഹത്തിന് കൗണ്‍സലിങ് നല്‍കേണ്ടി വന്നു. ഇത്തരം പ്രതിസന്ധികള്‍ നേരിട്ടാണ് പലരും പ്രവര്‍ത്തിക്കുന്നത്. 

സ്വന്തം കുടുംബത്തിന്റെ പിന്തുണ വളരെ വലുതായിരുന്നു. ബിസിനസ്സുകാരനായ ഭര്‍ത്താവ് വിനോദും മക്കളായ സാന്ദ്രയും സൗപര്‍ണികയും നല്ല പിന്തുണയാണ് നല്‍കിയത്. തൃശ്ശൂര്‍ നെടുപുഴയിലാണ് വീടെങ്കിലും മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഏതു രാത്രിയിലും ഓടിയെത്താന്‍ അതിനാല്‍ സാധിച്ചു. 

അമ്മ കോവിഡ് തിരക്കുകളിലായതോടെ നീറ്റ് എന്‍ട്രന്‍സിന് പഠിക്കുന്ന മൂത്തമകളും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഇളയമകളും വീട്ടിലെ കാര്യങ്ങളെല്ലാം സ്വയം ചെയ്യാന്‍ ശീലിച്ചു. അവരുടെ കൂടെ മുഴുവന്‍ സമയം എനിക്ക് ഉണ്ടാകാന്‍ സാധിക്കില്ല എന്നത് ഉള്‍ക്കൊണ്ട് എനിക്ക് പിന്തുണയേകാന്‍ അവര്‍ക്കായി. അല്ലെങ്കില്‍ എനിക്ക് ഒരിക്കലും നന്നായി ജോലി ചെയ്യാന്‍ സാധിക്കില്ലായിരുന്നു.- സിജി സിസ്റ്റര്‍ പറഞ്ഞു നിര്‍ത്തി.

Content Highlights: International Nurses Day 2020 Thrissur medical college nurse Siji Jose shares her experience, Health