ശിവമോഗ (കര്‍ണാടക): കൊവിഡ് 19 എന്ന മഹാമാരിയോടു പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം കൈകോര്‍ത്ത് ഈ ഗര്‍ഭിണിയും. ഒന്‍പതുമാസം ഗര്‍ഭിണിയായ രൂപ പ്രവീണ്‍ റാവു ആണ് സ്വന്തം സുരക്ഷയും ശാരീരീക ബുദ്ധിമുട്ടുകളും മാറ്റിനിര്‍ത്തി കൊറോണ വൈറസ് ഭീതിക്കിടയിലും നിസ്വാര്‍ഥമായി സേവനം ‌ചെയ്യുന്നത്. 

ശിവമോഗയ്ക്കടുത്ത് ഗജനാരു ഗ്രാമത്തിലാണ് രൂപ താമസിക്കുന്നത്. അവിടെ നിന്നും ജോലി ചെയ്യുന്ന ജയചമരാജേന്ദ്ര ആശുപത്രിയിലേക്ക് എന്നും യാത്ര ചെയ്ത് രൂപയെത്തും. അവധിയെടുത്തു വീട്ടിലിരിക്കാന്‍ സഹപ്രവർത്തകർ നിര്‍ബന്ധിക്കുമ്പോഴും പറ്റുന്നിടത്തോളം ജോലി ചെയ്യുമെന്ന തീരുമാനത്തിലാണ് രൂപ. ദിവസവും ആറു മണിക്കൂര്‍ ആണ് ഇപ്പോള്‍ രൂപയുടെ ജോലിസമയം. 

രൂപയുടെ ഈ നിസ്വാര്‍ഥമായ സേവനത്തില്‍ അഭിമാനം കൊണ്ട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയടക്കം ഒട്ടനവധിപേർ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

Content Highlights : corona virus nine moths pregnant roopa praveen rao karnataka nurse serves patients