ഞങ്ങളെ ആര്‍ക്കും വേണ്ട
തന്റെ പ്രാഥമികാവശ്യം പോലും ചോദിച്ചറിയാന്‍ നേരമില്ലാത്ത അല്ലെങ്കില്‍ കഴിവില്ലാത്ത ഒരു പാരന്റിംഗ് സംവിധാനത്തില്‍ നിന്ന് വരുന്ന കുട്ടികളാണ് ഇന്ന് മയക്ക് മരുന്നിന്റെയും മറ്റ് ലഹരിയുടെയും വലയില്‍ പ്രധാനമായും പെട്ട് പോവുന്നതെന്ന് കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.കെ.സൗമ്യ ചൂണ്ടിക്കാട്ടുന്നു. തങ്ങളെ ആര്‍ക്കും വേണ്ടായെന്ന കുട്ടികളിലുണ്ടാകുന്ന ചിന്ത അവരെ മറ്റ് വഴികള്‍ തേടാന്‍ പ്രേരിപ്പിക്കും.
രാത്രി കിടക്കുമ്പോള്‍ വിശപ്പ് സഹിക്ക വയ്യാതെ ഉറക്കം കിട്ടാനുള്ള വഴിയായി സുഹൃത്തുക്കള്‍ തന്ന ലഹരി ഗുളിക കഴിച്ച് ആശ്വാസം കൊള്ളുന്ന വിദ്യാര്‍ഥികള്‍ വരെ ഇന്ന് നമ്മുടെ സ്കൂളിലെത്താറുണ്ട്. ആ യഥാര്‍ത്ഥ്യം തിരിച്ചറിയാതെ പോവുന്നുണ്ടെന്ന് കോഴിക്കോട് ജില്ലയിലെ സ്കൂള്‍ ജാഗ്രതാസമി കോഡിനേറ്ററും കൗണ്‍സിലറുമായ ആര്. അജി ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് ആദ്യം വേണ്ടത് കുട്ടികള്‍ക്ക് എന്താണ് താന്‍ ചെയ്ത് കൊടുക്കേണ്ടത് എന്ന ചിന്ത രക്ഷിതാക്കള്‍ക്കുണ്ടാവുക എന്നത് തന്നെയാണ്.
രാത്രിയായാല്‍ കുട്ടി മുറിയിലുണ്ടോയെന്ന് പോലും അറിയാത്ത രക്ഷിതാവ്
കഴിഞ്ഞമാസം ജോലി കഴിഞ്ഞ് രാത്രി വൈകി വീട്ടിലേക്ക് പോവുമ്പോള്‍ കോഴിക്കോട് നഗരത്തിലെ ഒരു പ്രധാന സ്കൂളിലെ അധ്യാപകന് കണ്ട കാഴ്ച നമ്മുടെ വിദ്യാര്‍ഥികള്‍ ഇന്ന് എത്രത്തോളം അപകടാവസ്ഥയിലാണ് എത്തിപ്പെട്ടിരിക്കുന്നത് എന്നതിന്റെ യഥാര്‍ത്ഥ നേരനുഭവമാണ്. അന്ന് രാത്രി ഒമ്പതരയോടെ സ്കൂളിലെ ഓഫീസ് ജോലിയും തീര്‍ത്ത് വെസ്റ്റ്ഹില്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ഈ അധ്യാപകന്. വെസ്റ്റ് ഹില്‍ ബാരക്സിനടുത്ത ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോള്‍ ഒരു പതിനെട്ട് വയസ് തോന്നിക്കുന്ന പെണ്‍കുട്ടി വരുന്ന വാഹനങ്ങള്‍ക്കൊക്കെ കൈ കാണിക്കുന്നു.
സംശയം തോന്നിയ ഇദ്ദേഹം തന്റെ വാഹനം നിര്‍ത്തി കുട്ടിയെ കയറ്റിയപ്പോള്‍ തന്നെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ടിന്റെ ഭാഗത്ത് ഇറക്കാന്‍ ആവശ്യപ്പെട്ടു. അവിടെയുള്ള ആളൊഴിഞ്ഞ ഭാഗത്തേക്ക് പോയ പെണ്‍കുട്ടിയുടെ പിറകെ ബൈക്കിലെത്തിയ ഒരാള്‍ എന്തോ ഒരു പൊതി കൊടുത്തു. അത് വായിലിട്ട പെണ്‍കുട്ടി അതേ ബൈക്കില്‍ തിരിച്ച് പോരുകയും നേരത്തെ നിന്ന സ്ഥലത്തെത്തി വീണ്ടും വണ്ടിക്ക് കൈകാണിക്കാന്‍ തുടങ്ങുകയും ചെയ്തു. സംഭവത്തില്‍ ദുരൂഹത തോന്നിയ ഇദ്ദേഹം വണ്ടി തിരിച്ച് വീണ്ടും പെണ്‍കുട്ടിയെ തന്റെ വണ്ടിയില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുവിട്ടു.
മെഡിക്കല്‍ കോളേജ് ഭാഗത്താണ് വീടെന്നും അടയാളവും പെണ്‍കുട്ടി പറഞ്ഞിട്ടുണ്ടായിരുന്നു. വീട്ടിലെത്തുമ്പോഴേക്കും ലഹരി തലയ്ക്ക് പിടിച്ച ഈ പെണ്‍കുട്ടി കാറില്‍ ബോധമില്ലാതെ അവസ്ഥയിലുമായി. വീട് അന്വേഷിച്ച് വീട്ടിലെത്തിയ അധ്യാപകന് അമ്മയോട് കുട്ടിയെ പറ്റി ചോദിച്ചപ്പോള്‍ അവള് മുകളിലത്തെ മുറിയില്‍ ഇരിക്കുന്നുണ്ടെന്നായിരുന്നു പറഞ്ഞത്. ഒന്ന് വിളിക്കാന്‍ പറഞ്ഞപ്പോള്‍ അന്വേഷിച്ച് മുകളിലെത്തിയപ്പോള്‍ മാത്രമാണ് കുട്ടി അവിടെ ഇല്ലെന്ന ബോധം അവര്ക്കുമുണ്ടായത്. തന്റെ മകള്‍ മാരകമായ ലഹരിക്ക് അടിമപ്പെട്ട് പോയി എന്ന തിരിച്ചറിവും അവര്‍ക്കുണ്ടായത് അന്നുമാത്രമാണ്. ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടികളിലും മറ്റും സജീവമായി പങ്കെടുക്കുന്ന ഒരാള്‍ കൂടിയായ ഈ അധ്യാപകന് ഇതുപോലെയുള്ള ഞെട്ടിപ്പിക്കുന്ന നിരവധി നേരനുഭവങ്ങളും പറഞ്ഞ് തരാനുണ്ട്.
ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെ എക്സൈസ് രജിസ്റ്റര്‍ ചെയ്ത കോട്പ, എന്‍.ഡി.പി.എസ് കണക്ക്
നിങ്ങളുടെ കുട്ടിയും തെറ്റ് ചെയ്യും
എന്റെ കുട്ടി ഒരു തെറ്റും ചെയ്യില്ലെന്ന് എനിക്കറിയാം. ഞാന്‍ അവനെ അങ്ങനെയാണ് വളര്‍ത്തിയത്. വിദ്യാര്‍ഥികള്‍ എന്തെങ്കിലും കുഴപ്പത്തില്‍ ചെന്ന് ചാടിയ ശേഷം രക്ഷിതാക്കളെ വിളിപ്പിച്ചാല്‍ മിക്ക രക്ഷിതാക്കളുടെയും പ്രതികരണം ഇങ്ങനെയായിരിക്കുമെന്ന് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ.സൗമ്യ പറയുന്നു. പക്ഷെ ഇപ്പോഴത്തെ കൗമാരവും യുവത്വവും വലിയ തോതില്‍ മാറിപ്പോയെന്നും തന്റെ കുട്ടി ഏത് നിമിഷവും വഴിമാറിപ്പോവാമെന്ന ചിന്ത എല്ലാ രക്ഷിതാക്കള്‍ക്കും ഉണ്ടാവണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സ്വന്തം കുട്ടികള്‍ക്ക് വേണ്ടി ഒരു മണിക്കൂര്‍ പോലും തിരക്കുള്ള ജീവിതത്തിനിടെ രക്ഷിതാക്കള്‍ക്ക് മാറ്റിവെക്കാനാവാത്ത ഒരു കാലഘട്ടത്തിലൂടെയാണ് സമൂഹം കടന്ന് പോവുന്നത്. അതില്‍ പലപ്പോഴും രക്ഷിതാക്കള്‍ ദുഖിതരുമാണ്. കുട്ടികള്‍ ചോദിക്കുമ്പോള്‍ എന്തും നടത്തിക്കൊടുത്ത് കൊണ്ടാണ് അവര്‍ അതിനെ മറികടക്കുന്നത്. പണമായാലും ബൈക്കായാലും വിലകൂടിയ മൊബൈല്‍ ഫോണായാലും കുട്ടികള്‍ പറയുമ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ നടത്തിക്കൊടുക്കുന്ന ഒരു നൂതന പേരന്റിംഗ് സംവിധാനം. അതിലൂടെ തങ്ങളുടെ കടമ നിര്‍വഹിച്ചു കഴിഞ്ഞുവെന്ന് ചിന്തിക്കുന്ന രക്ഷിതാക്കള്‍. ഇത് കുട്ടികളുടെ ഇടയ്ക്ക് ആരെയും പേടിയില്ലാത്തെ എന്തിനെയും സ്വീകരിക്കുന്ന ഒരു സമ്പ്രദായം ഉണ്ടാക്കിയെടുത്തിട്ടുമുണ്ട്.
ഭീഷണിപ്പെടുത്തിയോ മര്‍ദിച്ചോ ഉപദേശിച്ചോ ശകാരിച്ചോ ഇത്തരത്തിലുള്ള ശീലം മാറ്റാന്‍ കഴിയില്ല. അതിന് മനഃശാസ്ത്ര വിദഗ്ദ്ധന്റെയോ കൗണ്‍സലിങ് വിദഗ്ദ്ധന്റെയോ സഹായവും മരുന്നുകളും വേണം. ഒപ്പംതന്നെ, എന്തു സംഭവിച്ചാലും ഞങ്ങള്‍ കൂടെയുണ്ടാവും എന്ന വിശ്വാസം കുട്ടിയിലുണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. തങ്ങളുടെ ആവശ്യങ്ങള്‍ നടക്കുന്നില്ല എന്ന് തോന്നുമ്പോള്‍ അവര്‍ അവര്‍ക്ക് കഴിയാവുന്ന മറ്റ് വഴികള്‍ നോക്കും. പ്രധാനമായും പണത്തിന്റെ കാര്യത്തില്‍. ഇത്തരക്കാരെ നോട്ടമിട്ട് വലയില്‍ കുടുക്കാനായി പുറത്ത് വലിയ സംഘങ്ങളുമുണ്ട്.
തുടക്കത്തിലേ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ലഹരി ഉപയോഗമെന്ന ആപത്കരമായ ദുശ്ശീലത്തില്‍ നിന്ന് കുട്ടിയെ പിന്തിരിപ്പിക്കാന് സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്
പെട്ടെന്നൊരു ദിവസം തുടങ്ങുന്നതല്ല
ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. അറിയാനുള്ള ആഗ്രഹം, കിട്ടുമെന്ന് കേട്ടിട്ടുള്ള ഉന്മാദാവസ്ഥ, സമപ്രായക്കാരുടെ പ്രേരണ, ബോറടി മാറ്റാന്‍, വിഷാദം മാറ്റാന്‍, വീട്ടിലെ പ്രശ്നങ്ങള്‍ മറക്കാന്‍, ക്ഷീണം മാറ്റാന്‍, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നവര്‍. എന്നിങ്ങനെ ലഹരിവസ്തുക്കളിലേക്ക് ശ്രദ്ധ മാറാന്‍ കാരണങ്ങള്‍ നിരവധിയാണ്. തുടക്കത്തിലേ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഈ ആപത്കരമായ ദുശ്ശീലത്തില്‍ നിന്ന് കുട്ടിയെ പിന്തിരിപ്പിക്കാന് സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ലക്ഷണങ്ങള്‍
സ്കൂളില്‍ മുടങ്ങുക, സ്കൂളില്‍ പോവുകയാണെന്ന ഭാവത്തില്‍ മറ്റെവിടെയെങ്കിലും പോവുക, കുട്ടിയുടെ ശരീരത്തില്‍ നിന്നോ, വസ്ത്രങ്ങള്‍, മുറി എന്നിവിടങ്ങളില്‍ നിന്നോ സിഗററ്റിന്റെയോ പുകയുടെയോ മണം വരിക, പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങള്‍. ദേഷ്യം, അമര്‍ഷം, പൊട്ടിത്തെറി, നിരാശ എന്നിവ അനിയന്ത്രിതമാവുക. വിക്കല്, സംസാരിക്കുമ്പോള്‍ തപ്പിത്തടയല്‍ എന്നിവ ഉണ്ടാവുക. ആവശ്യങ്ങള്‍ ഏറിവരിക, ആവശ്യത്തിന് പണം കിട്ടിയില്ലെങ്കില്‍ ചോദിക്കാതെ എടുത്തുകൊണ്ടു പോകുക, പോക്കറ്റിലോ ബാഗിലോ മുറിയിലോ ആവശ്യത്തില്‍ കൂടുതല്‍ പണം കാണപ്പെടുക, ചോദിച്ചാല്‍ കള്ളം പറയുക.
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്
ആവശ്യത്തിലധികം പോക്കറ്റ് മണി കുട്ടികള്‍ക്ക് നല്‍കരുത്. എന്നു കരുതി ന്യായമായ ആവശ്യങ്ങള്‍ക്ക് നല്‍കാതിരിക്കുകയുമരുത്. ലഹരി മരുന്നുകള്‍ക്ക് അടിമപ്പെട്ടു എന്നുറപ്പായാല്‍ എത്രയും പെട്ടെന്ന് കൗണ്‍സലിങ് നല്‍കണം. പുറത്തറിയുമെന്നോ നാണക്കേടാണെന്നോ കരുതരുത്. കുട്ടിയുടെ ഭാവിയുടെയും ജീവിതത്തിന്റെയും കാര്യമാണെന്നോര്‍ക്കുക.
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് വലിയ പങ്കാണ് പേരന്റിംഗിനുളളത്. അതിലെ പാളിച്ച കുട്ടികളുടെ ഭാവി ജീവിതത്തെ തന്നെ അപകടാവസ്ഥയിലാക്കും. ലഹരിമരുന്നിന്റെയും മയക്ക് മരുന്നിന്റെയും പിടിയില്‍ വിദ്യാര്‍ഥികള്‍ എത്തിപ്പെടുന്നതിന്റെയും പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് പേരന്റിംഗിലെ പാളിച്ച തന്നെയാണ്. താന്‍ എങ്ങനെയുള്ള രക്ഷിതാവാകണം എന്ന ധാരണ ഓരോ അച്ഛനും അമ്മയ്ക്കും ഉണ്ടാവണമെന്നാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും നാല് തരത്തിലാണ് പാരന്റിംഗ് സംമ്പ്രദായമുള്ളത്.
1-അതോറിറ്റേറിയന്‍ പാരന്റിംഗ്
2-അതോറിറ്റേറ്റീവ് പാരന്റിംഗ്
3-പെര്‍മിസീവ് പാരന്റിംഗ്
4-അണ് ഇന്‍വോള്‍വ്ഡ് പാരന്റിംഗ്
1-അതോറിറ്റേറിയന്‍ പാരന്റിംഗ്
കുട്ടികളുടെ മേല്‍ അമിതമായ അധികാരം അടിച്ചേല്‍പ്പിക്കുന്ന പാരന്റിംഗ് രീതിയെ ആണ് അതോറിറ്റേറിയന്‍ പാരന്റിംഗ് എന്ന് പറയുന്നത്. അവരുടെ സങ്കല്പ്പങ്ങള്ക്കോ അഭിപ്രായങ്ങള്‍ക്കോ യാതൊരു വിലയും കൊടുക്കാത്ത ഇത്തരം പാരന്റിംഗ് രീതി കുട്ടികളെ പലപ്പോഴും അപകടത്തിലേക്ക് തള്ളിവിടുമെന്ന് മനശാസ്ത്ര വിദഗ്ധര്‍ ചുണ്ടിക്കാട്ടുന്നു. കുട്ടികള്‍ സ്വന്തമായി അഭിപ്രായം പറയുന്നതും, പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതും ഇവിടെ രക്ഷിതാക്കള്‍ ഇഷ്ടട്ടപ്പെടുന്നില്ല. ഇത് കുട്ടികള്‍ക്ക് രക്ഷിതാക്കളോട് ഒരു തരത്തിലുള്ള വെറുപ്പിന്റെ ഇടം സൃഷ്ടിക്കുന്നു. ഇത്തരം കുട്ടികള്‍ സ്വയ രക്ഷയ്ക്കായി അല്ലെങ്കില്‍ മാനസികമായ റിലാക്സിനായി ലഹരിതേടി പോവുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
2-അതോറിറ്റേറ്റീവ് പാരന്റിംഗ്
കുട്ടികളുടെ ഇടയില്‍ നിയന്ത്രണവും അതോടൊപ്പം അവരുടെ അഭിപ്രായങ്ങള്‍ക്കും, ഇഷ്ടത്തിനും പ്രാധാന്യം കൊടുക്കുന്നതുമായ പാരന്റിംഗ് രീതിയാണ് അതോറിറ്റേറ്റീവ് പാരന്റിംഗ്. കുട്ടികളുമായി ഒരു പോസിറ്റീവ് ബന്ധം ഇതിലൂടെ സൃഷ്ടിക്കാന്‍ കഴിയും. ഇങ്ങനെയുള്ള പാരന്റിംഗ് രീതിയില്‍ കുട്ടികള്‍ക്ക് മേല്‍ രക്ഷിതാക്കള്‍ കാര്യങ്ങള്‍ ചെയ്യാന്‍ നിര്ബന്ധിപ്പിക്കുമെങ്കിലും എന്ത് കൊണ്ട് അങ്ങനെ ചെയ്യുന്നു എന്ന് കൂടി കുട്ടികള്‍ക്ക് വിശദീകരിച്ച് കൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കാറുണ്ട്. പാരന്റിംഗ് രീതിയില്‍ ഏറ്റവും മികച്ചതായി പറയപ്പെടുന്നതും ഈ രീതിയെ ആണ്.
3-പെര്‍മിസീവ് പാരന്റിംഗ്
കുട്ടികള്‍ക്ക് അനുവദനീയമായ എല്ലാ സ്വാതന്ത്രവും കാര്യമായ നിയന്ത്രണമില്ലാതെ നല്കുന്ന പാരന്റിംഗ് രീതിയാണ് പെര്‍മിസീവ് പാരന്റിംഗ്. ഒരു രക്ഷിതാവ് എന്നതിനപ്പുറം ഒരു സുഹൃത്തിനെപോലെ കുട്ടികളോട് പെരുമാറുന്ന പാരന്റിംഗ് രീതി. തങ്ങളുടെ കുട്ടികള്‍ ഒന്നും ചെയ്യില്ലെന്ന അമിതമായ ആത്മവിശ്വാസം ഉള്ള രക്ഷിതാക്കള്‍ ഇത്തരം പാരന്റിംഗില്‍ പെടും. പലപ്പോഴും കുട്ടികള്‍ തെറ്റ് ചെയ്താല്‍ തിരുത്തുക പോലും ഇവിടെ രക്ഷിതാവ് ചെയ്യുന്നില്ല. ഇത് കുട്ടികള്‍ മുതലാക്കുകയും ചെയ്യും. ഇങ്ങനെയുള്ള കുടുംബത്തില്‍ വരുന്ന കുട്ടികള്‍ പലപ്പോഴും ലഹരി ഉപയോഗത്തിലേക്കും മറ്റും വഴിമാറിപ്പോവുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
4-അണ് ഇന്‍വോള്‍വ്ഡ് പാരന്റിംഗ്
ഇന്ന് ലഹരി ഉപയോഗത്തിലേക്കും മറ്റ് കുറ്റകൃത്യങ്ങളിലേക്കും എത്തിച്ചേരുന്ന കുട്ടികള്‍ ഭൂരിഭാഗവും എത്തിച്ചേരുന്നത് അണ് ഇന്‍വോള്‍വ്ഡ് ഫാമിലിയില്‍ പെട്ട കുട്ടികളാണ്. കുട്ടികളെ പ്രാഥമിക ആവശ്യം പോലും നടത്തിക്കൊടുക്കാന്‍ നേരമില്ലാത്ത അവരുടെ ആവശ്യങ്ങള്‍ക്ക് ചെവിക്കൊടുക്കാത്ത പാരന്റിംഗ് രീതി. തങ്ങളുടെ ആവശ്യങ്ങള്‍ നടക്കുന്നില്ല എന്ന് തോന്നുമ്പോള്‍ അവര്‍ അവര്‍ക്ക് കഴിയാവുന്ന മറ്റ് വഴികള്‍ നോക്കും. പ്രധാനമായും പണത്തിന്റെ കാര്യത്തില്‍. ഇത്തരക്കാരെ നോട്ടമിട്ട് വലയില്‍ കുടുക്കാനായി പുറത്ത് വലിയ സംഘങ്ങളുമുണ്ട്.
ഭീഷണിപ്പെടുത്തിയോ മര്‍ദിച്ചോ ഉപദേശിച്ചോ ശകാരിച്ചോ ഇത്തരത്തിലുള്ള ശീലം മാറ്റാന്‍ കഴിയില്ല. അതിന് മനഃശാസ്ത്ര വിദഗ്ദ്ധന്റെയോ കൗണ്‍സലിങ് വിദഗ്ദ്ധന്റെയോ സഹായവും മരുന്നുകളും വേണം. ഒപ്പംതന്നെ, എന്തു സംഭവിച്ചാലും ഞങ്ങള്‍ കൂടെയുണ്ടാവും എന്ന വിശ്വാസം കുട്ടിയിലുണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം.(അവസാനിച്ചു)
കടപ്പാട് ഡോ.കെ.സൗമ്യ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് മാനസികാരോഗ്യ കേന്ദ്രം കുതിരവട്ടം), കെ.മുരളീധരന്, ആര്.ഗീരീഷ് (എക്സൈസ് സബ് ഇന്‍സ്പെക്ടേഴ്സ് കോഴിക്കോട് ഡിവിഷന്), ആര്.അജി (സ്കൂള്‍ ജാഗ്രാതാ സമിതി ജില്ലാ കോഡിനേറ്റര്‍ കോഴിക്കോട്)