സജീവ രാഷ്ട്രീയം സ്‌കൂള്‍ കോളേജ് ദിനങ്ങളെ ഊര്‍ജ്ജസ്വലമാക്കി മുന്നേറിയ ഒരു കാലത്തിന്റെ കഥ എണ്‍പതുകളിലെ വിദ്യാര്‍ഥി സമൂഹത്തിന് ഇന്നും ഓര്‍ത്ത് വെക്കാനുണ്ടാവും. വിദ്യാര്‍ഥികളുടെ ദിവസേനയുള്ള ജീവതത്തെ കൃത്യമായി വിലയിരുത്തി മാര്‍ഗ നിര്‍ദേശം നല്‍കുന്ന ഒരു നേതൃത്വം അന്ന് കലാലയങ്ങള്‍ക്ക് വലിയ സുരക്ഷാ കവചം ഒരുക്കിയിരുന്നു. മയക്ക് മരുന്നിന്റെയും, ലഹരിയുടെയും കറുത്ത കരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പിടിമുറുക്കാന്‍ അല്‍പ്പം പേടിച്ചിരുന്ന കാലം.

പക്ഷെ ആഗോളവത്കരണം മറ്റെല്ലാ മേഖലയെയും എന്ന പോലെ നമ്മുടെ വിദ്യാര്‍ഥി സമൂഹത്തിലും മാറ്റമുണ്ടാക്കാന്‍ തുടങ്ങിയതോടെ കലാലയ രാഷ്ട്രീയത്തിന് പ്രാധാന്യം കുറയാന്‍ തുടങ്ങിയതായി വിദ്യാഭ്യാസ വിദഗ്ധര്‍ വിലയിരുത്തുന്നു. അതുപോലെ നമ്മുടെ സാമ്പത്തിക മേഖലയുടെ നെടുംതൂണായി ഗള്‍ഫ് പണം മാറിയതും അതിനനുസരിച്ച് കുടംബ ബന്ധങ്ങളിലുണ്ടായ മാറ്റവും വിദ്യാര്‍ഥി സമൂഹത്തെ ചിന്തിക്കുന്നതിലും അപ്പുറത്തേക്കാക്കി മാറ്റുകയും ചെയ്തു.

വിദ്യാര്‍ഥികളില്‍ ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റത്തെ കൃത്യമായി ചൂഷണം ചെയ്യാന്‍ വലിയൊരു സംഘം തന്നെയായിരുന്നു പുറത്ത് കാത്തിരിന്നത്. പക്ഷെ അത് തിരിച്ചറിയുന്നതില്‍ വന്ന പാളിച്ച നമ്മുടെ വിദ്യാര്‍ഥികളെ ലഹരിയുടെയും മയക്ക് മരുന്നിന്റെയും അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്തു. കലാലയ രാഷ്ട്രീയം വലിയ കുറ്റമാണെന്ന് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ഇത്തരക്കാര്‍ വിജയിച്ചുവെന്ന് വേണമെങ്കില്‍ പറയാം. 

Drugs Drwaingഎന്ത് കൊണ്ട് കൗമാരക്കാര്‍ പോലും അന്യ സംസ്ഥാനത്തുള്ള ലഹരിമാഫിയകളുടെ കയ്യില്‍ പോലും എത്തിപ്പെടുന്നു. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് അവര്‍ക്കിടയിലെ സൗഹൃദങ്ങളിലെ മാറ്റങ്ങള്‍ തന്നെയാണ്. വായനാശാലകളെയും, വയലോരങ്ങളെയും ചുറ്റി പറ്റിയുള്ള സൗഹൃദങ്ങള്‍  ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ അവര്‍ കാണുന്ന കാഴ്ചകള്‍ വ്യത്യസ്തമായി അവരുടെ ബന്ധങ്ങള്‍ വിചിത്രമായി. കുട്ടികളിലെ ലഹരി ഉപയോഗത്തിന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ കാരണങ്ങളായി മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത് താഴെ പറയുന്ന രീതിയിലാണ്.

എല്ലാ ലഹരി മരുന്നുകളുടെയും ഉപയോഗത്തിന്റെ അവസാനം രോഗവും ശരീര വൈകല്യവും മരണവുമാണ്. ഇതിന് അടിമപ്പെട്ടവര്‍ അത് ലഭ്യമാക്കാനുള്ള ശ്രമത്തിനിടയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പോലും മടികാണിക്കാറില്ല. രക്ഷിതാക്കള്‍ പോലും വീടുകളില്‍ കുട്ടികളുടെ ക്രൂരമായ മര്‍ദനത്തിന് ഇരയാകുന്നുവെന്ന് മനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ കുട്ടികളാല്‍ രക്ഷിതാക്കള്‍ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെടുന്നു. പെറ്റമ്മക്ക് പോലും മകനെ പേടിയോടെയല്ലാതെ നോക്കികാണാന്‍ കഴിയാത്ത അവസ്ഥ. സ്വന്തം മകന്‍ എങ്ങനെയെങ്കിലും ചത്താല്‍ മതിയെന്ന് പോലും ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ ഇന്ന് പല കുടുംബങ്ങളിലുമുണ്ടെന്നും സ്‌കൂള്‍ അധികൃതരും മനശാസ്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.  രാജ്യാന്തര ലഹരി മരുന്നു നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്ന് ഏഷ്യന്‍ മേഖലയില്‍ കഞ്ചാവ്, ഹെറോയിന്‍, കൊക്കെയിന്‍ തുടങ്ങിയ വീര്യം കൂടിയ വിഷ ലഹരികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. ഇതിന്റെ പ്രധാന ഭാഗമാകുന്നത് നമ്മുടെ കുട്ടികളും.

ശാരീരികം: പാരമ്പര്യ സ്വഭാവം, വീട്ടിലെ മദ്യപാനം, കുട്ടികളുടെ അനുകരണ വാസന, സാഹസിക സ്വഭാവം.

മാനസികം: ഉല്‍കണ്ഠ ബന്ധങ്ങളിലെ താളപ്പിഴകള്‍, വിഷാദം, പഠനസമ്മര്‍ദ്ദങ്ങള്‍, കുറ്റപ്പെടുത്തലും താരതമ്യം ചെയ്യലും, അവഗണന, സ്നേഹക്കുറവ്.

സാമൂഹികം: മദ്യത്തിന്റെ ലഭ്യത, സുഹൃത്തുക്കളുടെ സ്വാധീനം, സമുഹത്തില്‍ മദ്യപാനം അത്ര വലിയ തെറ്റല്ല എന്ന തോന്നല്‍, അച്ഛനും അധ്യാപകനും മദ്യപിക്കുന്നത് കാണുന്നത്, കുട്ടികളുടെ കൈയ്യില്‍ ധാരാളം പണം, അപകടങ്ങളെപ്പറ്റിയുളള ബോധമില്ലായ്മ, കുട്ടികളില്‍ മാതാപിതാക്കള്‍ക്ക് നിയന്ത്രണമില്ലായ്മ തുടങ്ങിയവ.

പ്രകടമായ ലക്ഷണങ്ങള്‍

ആന്തരിക അനുഭവങ്ങള്‍: കുറ്റബോധം, വ്യക്തിത്വ വൈകല്യം, വിഷാദം, ചെറിയ വിഷമം പോലും താങ്ങാനാവത്ത അവസ്ഥ. ഉത്കണ്ഠ, ആത്മഹത്യാ പ്രവണത, ഓര്‍മ്മക്കുറവ്, ഏകാന്തത ഇഷ്ടപ്പെടുകയും സ്വയം ഉള്‍വലിയുകയും ചെയ്യുന്ന അവസ്ഥ. ഏകാഗ്രതക്കുറവ്.

ബാഹ്യ അനുഭവങ്ങള്‍: ക്ഷീണം, മടി, ഉറക്കക്കുറവ്, പഠനത്തില്‍ പെട്ടന്ന് പിന്നോട്ട് പോവുക, അമിത ദേഷ്യം, അസ്വഭാവിക പെരുമാറ്റ രീതികള്‍ വീട്ടുകാരോട് അടുപ്പം കുറയല്‍ ബന്ധുക്കളെ അഭിമുഖികരിക്കാതിരിക്കുക തുടങ്ങിയവ.

ഉപഭോക്താവിനെ വിതരണക്കാരനാക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രം

എങ്ങനെ ബ്രൗണ്‍ഷുഗറും ഹെറോയിനും  പോലുള്ള മാരകമായ മയക്ക് മരുന്നുകള്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളില്‍ യഥേഷ്ടം എത്തുന്നുവെന്നത് വലിയ അത്ഭുതത്തോടെയാണ് സര്‍ക്കാര്‍ സംവിധാനങ്ങളും രക്ഷിതാക്കളും നോക്കികാണുന്നത്. വലിയ ഫാക്ടറികളില്‍  സങ്കീര്‍ണമായ പ്രതി പ്രവര്‍ത്തനത്തിലൂടെ മാത്രം ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന ഫെറോയിന്‍ പോലുള്ളവ വിദ്യാര്‍ഥികളുടെ കൈകളിലെത്തിക്കുന്നതിന് പിന്നില്‍ വലിയ മാഫിയ തന്നെ സംസ്ഥാനത്ത് വേരുറപ്പിച്ചു കഴിഞ്ഞതായി എക്സൈസ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. പക്ഷെ ഇവരിലേക്ക് എത്തുക എന്നത് അത്ര എളുപ്പമല്ലാത്ത കാര്യവുമാണ്. 

ഉപഭോക്താവിനെ തന്നെ വിതരണക്കാരനാക്കുന്ന വിചിത്രമായ തന്ത്രമാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇത്തരക്കാര്‍ പയറ്റുന്നത്. ഓരോ വര്‍ഷവും സ്‌കൂളിലോ കോളേജിലോ പുതുതായി അഡ്മിഷനെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരാളെയെങ്കിലും തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരാന്‍ പുറത്തുള്ള സംഘങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. പിന്നെ അയാളിലൂടെ മറ്റുള്ളവരെയും ക്രമേണ തങ്ങളുടെ സംഘത്തിനുള്ളിലാക്കുന്നു. ആദ്യം പണത്തിന് വേണ്ടി ഇവര്‍ മറ്റുള്ളവര്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുകയും അടുത്ത ഘട്ടത്തില്‍ സൗജന്യമായി ലഭിക്കുന്ന മയക്ക് മരുന്നുകള്‍ക്ക് വേണ്ടി വിതരണം ചെയ്യുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്.

ഒരു കുട്ടിയെ സംഘത്തിലേക്ക് കൊണ്ട് വരുന്നതിന് വളരെ മുന്നെ തന്നെ കുട്ടികള്‍ ഇത്തരം മാഫിയകളുടെ ഹിറ്റ്‌ലിസ്റ്റില്‍പ്പെടും. പിന്നെ ദിവസങ്ങളോളമുള്ള നിരീക്ഷണമാണ്. അത് വീട്ടുകാരെ കുറിച്ചും കൂട്ടൂകാരെ കുറിച്ചും മറ്റ് ബന്ധുക്കളെ കുറിച്ചും എന്ന് വേണ്ട കൃത്യമായ പഠനം തന്നെ നടത്തും. പിന്നെ പാര്‍ട്ടിക്ക് ക്ഷണിക്കും. ആദ്യം അല്‍പ്പം ലഹരി നല്‍കും. പ്രശ്‌നക്കാരനല്ലെന്ന് കണ്ടാല്‍ പിന്നെ അവനായിരിക്കും അടുത്ത ഇരയെന്ന് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്  ഡോ. കെ.സൗമ്യ പറയുന്നു.

ആന്ധ്രാപ്രദേശില്‍ പോയി ഒരു കിലോ കഞ്ചാവ് എടുക്കുകയാണെങ്കില്‍ കിലോയ്ക്ക് 3500 രൂപയ്ക്ക് ഏജന്റുമാര്‍ക്ക് സാധനം ലഭിക്കും. അത് അതേ രീതിയില്‍ ഇവിടെ 20,000 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നതെന്ന് എക്‌സൈസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വില്‍പ്പന നടത്തുന്ന കുട്ടികള്‍ക്ക് കിലോയ്ക്ക് 2000 രൂപയും അതിലധികവും നല്‍കുന്നവരുമുണ്ട്. കോയമ്പത്തൂരില്‍ നിന്നെത്തുന്ന പോപ്പിന്‍സ് എന്ന പേരിലുള്ള കഞ്ചാവ് മിഠായി 100 രൂപയ്ക്കാണ് അവിടെ നിന്നും കിട്ടുന്നത്. സാധനം കേരളത്തിലെത്തുമ്പോള്‍ 1000 രൂപയാകും. 

വില്‍പ്പന നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഡ്രസ്‌കോഡ് മറ്റ് അടയാളങ്ങള്‍ എന്നിവയും നല്‍കാറുണ്ട്.  പ്രത്യേകം സ്ഥലത്ത് എത്തുന്ന വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞ് ആവശ്യക്കാര്‍ എത്തുകയും ചെയ്യും. 600 രൂപയുടെയും, 500 രൂപയുടെയും, 300 രൂപയുടെയും പൊതികളായും എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വിദ്യാര്‍ഥികള്‍ പലപ്പോഴും അവര്‍ക്ക് ആവശ്യമുള്ളവ എടുത്തതിന് ശേഷമായിരിക്കും വില്‍പ്പന നടത്തുന്നതെന്ന് കോഴിക്കോട് ഡിവിഷണല്‍ എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ പറയുന്നു. 

പേടി ആണ്‍കുട്ടികളില്‍ മാത്രം പോര

സ്‌കൂളിലെ ലഹരി ഉപയോഗം വന്‍ തോതില്‍ വര്‍ധിച്ചതോടെ ആണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മാത്രം പേടിച്ചാല്‍ പോര എന്ന അവസ്ഥയാണുള്ളത്. ഇന്ന് നമ്മുടെ പെണ്‍കുട്ടികളും ഒട്ടും സുരക്ഷിതരല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഗേള്‍സ് ഹോസ്റ്റലുകളില്‍ ഫോണ്‍ വഴി ഓര്‍ഡര്‍ എടുത്ത് ലഹരി മരുന്നുകള്‍ എത്തിക്കുന്ന സംഘങ്ങളുണ്ട്. 20, 30 രൂപ കൂടുതല്‍ കൊടുത്താല്‍ സാധനം ഹോസ്റ്റലിനുള്ളില്‍ കിട്ടുമെന്നാണ് കൗണ്‍സലിങ്ങിനെത്തിയ ചില പെണ്‍കുട്ടികള്‍ ഡോക്ടറോട് പറഞ്ഞത്.

സോഷ്യല്‍ മീഡിയകളും ഇതിന് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള ഗ്രൂപ്പില്‍ പെട്ടാല്‍ അവര്‍ ചെയ്യുന്നതെല്ലാം ഹീറോയിസമാണെന്നും ചെയ്യാതിരുന്നാല്‍ മോശക്കാരാകുമെന്നും തെറ്റിദ്ധരിക്കുന്നു. മയക്കുമരുന്നിന്റെ കിക്കി നെക്കുറിച്ചും താന്‍ പരീക്ഷിച്ച പുതിയ സ്റ്റഫു കളെക്കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നത് മറ്റു സമപ്രായക്കാര്‍ക്കിടില്‍ ഹീറോ പരിവേഷം നല്‍കുമെന്ന് ചിലരെങ്കിലും കരുതുന്നു. പരമ്പരയുടെ ഒന്നാം ഭാഗം, രണ്ടാം ഭാഗം

രക്ഷിതാക്കളെ നിങ്ങള്‍ മാത്രമാണ് ആദ്യ ഉത്തരവാദി അതേ കുറിച്ച് നാളെ