ഒരു കാലത്ത് ആവേശങ്ങളുടെ നാളുകളായിരുന്നു ഓരോ വിദ്യാര്‍ഥിക്കും അവന്റെ സ്‌കൂള്‍ കാലം. ഒരു പാട് ഇഷ്ടങ്ങളുടെ, നല്ല സൗഹൃദങ്ങളുടെ, സര്‍ഗവാസനകളുടെ അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങള്‍. 

കഴിഞ്ഞ പത്ത് വര്‍ഷത്തിന് ശേഷമുള്ള ഒരു സ്‌കൂള്‍ കാലത്തെ ഇന്ന് നമുക്ക് ഭീതിയോടെയല്ലാതെ നോക്കികാണാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന തരത്തില്‍ അവരുടെ സ്‌കൂള്‍ ജീവിതത്തിലേക്ക് ലഹരിയെന്ന നീരാളി കൈകള്‍ അഴിയാകുരുക്കായി കൂടുതല്‍ കൂടുതല്‍ മുറുകിക്കൊണ്ടിരിക്കുന്നു. അങ്ങനെ സ്‌കൂള്‍ കാലം കഴിയുമ്പോഴേക്കും താന്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത തരത്തില്‍ അല്ലെങ്കില്‍ വെറുക്കപ്പെട്ട ദിനങ്ങളായി പലര്‍ക്കും ആ ദിനങ്ങള്‍ ഉണങ്ങാത്ത മുറിവായി മാറിയിരിക്കുന്നു.

സ്‌കൂളുകള്‍ ലഹരിവിമുക്തമാക്കാന്‍ ബോധവത്കരണ പരിപാടികളും  വിമുക്തി പോലുള്ള പദ്ധതികളും സര്‍ക്കാരും അധികൃതരും മുന്‍കൈയെടുത്ത് നടപ്പിലാക്കുന്നുണ്ടെങ്കിലും അതിന് വലിയ ഫലമുണ്ടായിട്ടില്ല എന്ന് തന്നെയാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

കഴിഞ്ഞ അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത  കോട്പ(Cigarettes and Other Tobacco Products Act),എന്‍.ഡി.പി.എസ്(Narcotic Drugs and Psychotropic Substances Act) കണക്ക് നോക്കാം.

ഓരോ ദിവസവും പുതിയ പുതിയ ലഹരികള്‍ അവരുടെ കൈകളിലെത്തുന്നു അത് മറ്റുള്ളവരില്‍ നിന്നും മറച്ച് വെക്കാന്‍ പ്രഫഷണലുകളെ വെല്ലുന്ന നൂതന മാര്‍ഗങ്ങള്‍ സ്വയം  കണ്ടെത്തുന്നു. സാഹചര്യം ഇങ്ങനെ ഭീകരമാവുമ്പോള്‍ എവിടെയോ നമുക്ക് പാളിച്ച പറ്റിയിന്ന് തീര്‍ച്ച. അത് തിരുത്തുക തന്നെ വേണം. സ്‌കൂള്‍ ബാഗുമെടുത്ത് രാവിലെ വീട്ടില്‍ നിന്നും അപ്രത്യക്ഷമാവുന്ന നമ്മുടെ  കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നു ഒരന്വേഷണം.

Drugs

ബോബ് മാര്‍ലിയും  ശിവതാണ്ഡവവും
കുട്ടികളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഒരു പരമ്പരയ്ക്കായുള്ള വിവരങ്ങള്‍ക്കായി അറിയപ്പെടുന്ന ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിച്ചപ്പോഴാണ് അവര്‍ പലപ്പോഴും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുള്ള ചിലരുടെ  ഞെട്ടിക്കുന്ന നേരനുഭവങ്ങള്‍ ഞങ്ങളോട് പറഞ്ഞത്. രാത്രി പന്ത്രണ്ട് മണിക്ക് പത്താം ക്ലാസുകാരനായ തന്റെ മകന്റെ മൊബൈല്‍ ഫോണിലെ കാതടിപ്പിക്കുന്ന ശബ്ദത്തിലുള്ള ഇംഗ്ലീഷ് പാട്ടുകേട്ടാണ് അവന്റെ അമ്മ അടുത്ത മുറിയില്‍ നിന്നും എഴുന്നേറ്റ് വന്നത്.

ഫോണിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അന്ന് അമ്മ അവനെ വഴക്ക് പറഞ്ഞെങ്കിലും അത് ജമൈക്കന്‍ ഗായകന്‍ ബോബ് മാര്‍ലിയുടെ ഹിറ്റ് പാട്ടാണെന്നായിരുന്നു അവന്റെ മറുപടി. അങ്ങനെ ഒരു പാട്ടുകാരനുണ്ടെന്ന് ടീച്ചര്‍ കൂടിയായ അമ്മ പോലും അറിയുന്നത് അപ്പോള്‍ മാത്രം. അച്ഛന്‍ വിദേശത്തായതിനാല്‍ മൂത്ത ചേച്ചിയും അമ്മയും മാത്രമാണ് വീട്ടുലുണ്ടാവുക.

എട്ടാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക്  പോലും വിദേശത്ത് മാത്രം കിട്ടുന്ന ലഹരികള്‍ പോലും യഥേഷ്ടം കിട്ടാറുണ്ടെന്ന് അറിയുമ്പോഴാണ് എത്ര സംഘടിതവും  ശക്തവുമാണ് നമ്മുടെ കുട്ടികള്‍ക്കിടയിലുള്ള ലഹരി മാഫിയാ സംഘങ്ങള്‍ എന്ന്  അറിയാന്‍ കഴിയുന്നത്. ഓരോ ദിവസവും പുതിയ പുതിയ ലഹരികള്‍ അവരുടെ കൈകളിലെത്തുന്നു അത് മറ്റുള്ളവരില്‍ നിന്നും മറച്ച് വെക്കാന്‍ പ്രഫഷണലുകളെ വെല്ലുന്ന നൂതന മാര്‍ഗങ്ങള്‍ സ്വയം  കണ്ടെത്തുന്നു.

സാഹചര്യം ഇങ്ങനെ ഭീകരമാവുമ്പോള്‍ എവിടെയോ നമുക്ക് പാളിച്ച പറ്റിയിന്ന് തീര്‍ച്ച. കഞ്ചാവും മയക്കുമരുന്നുമെല്ലാം ഉപയോഗിക്കുന്നവരില്‍ ഭൂരിപക്ഷവും കേരളത്തിന്റെ ഇളം തലമുറയാണെന്ന് തിരിച്ചറിയുമ്പോള്‍ കേരള യുവത്വത്തിന്റെ ഭാവി എന്ത് എന്ന ചോദ്യം ന്യായമായി ഉയരുന്നു.

മകന്റെ ബോബ് മാര്‍ലിയോടുള്ള സ്‌നേഹത്തെ ചെറുപ്പത്തിന്റെ ആവേശം എന്നതിലപ്പുറം ഇതിന് പുറകില്‍ മറ്റൊന്നുണ്ടായിരുന്നുവെന്ന് ആ അമ്മ ചിന്തിച്ച് പോലുമില്ലെങ്കിലും ബോബ് മാര്‍ലി ലഹരി ഉപയോഗിക്കുന്ന ചെറുപ്പാക്കാരുടെ പ്രധാന ഹീറോ ആണെന്ന് തിരിച്ചറിയാന്‍ അവര്‍ വൈകിപ്പോവുകയും ചെയ്തു. തുടര്‍ന്നുള്ള  അന്വേഷണത്തിലാണ് മകന്‍ നഗരത്തിലെ തീരപ്രദേശത്തെ ആളൊഴിഞ്ഞ ഭാഗത്തേക്ക് പലപ്പോഴും പോവുന്നത് കാണാറുണ്ടെന്ന് ചിലര്‍  വിവരം നല്‍കിയത്.

പിറ്റെ ദിവസം പുറത്തേക്ക് പോവുന്നത്  വിലക്കിയതില്‍ മുമ്പെങ്ങുമില്ലാത്ത രീതിയില്‍ അവന്‍ അമ്മയോട്  ദേഷ്യപ്പെട്ടു. ഇതെ കുറിച്ച് ഒരു ഡോക്ടറോട്  സംസാരിച്ചതോടെയാണ്  തന്റെ മകന്‍ തീരപ്രദേശത്തെ ലഹരി  ഉപയോഗിക്കുന്ന ചിലരുടെ കെണിയില്‍ പെട്ട് പോയിട്ടുണ്ടെന്ന സംശയം ഇവര്‍ക്കുണ്ടായത്. തുടര്‍ന്ന് നടത്തിയ രക്ത പരിശോധനയിലും മറ്റും അവന്‍ ലഹരിക്കടിമപ്പെട്ട് പോയതായി ഡോക്ടര്‍ക്ക് സ്ഥിരീകരിക്കേണ്ടിയും വന്നു.

ചികിത്സയിലൂടെയും കൗണ്‍സിലിങ്ങിലൂടെയുമെല്ലാം സാധാരണ ജീവിതത്തിലേക്ക് അവനെ തിരിച്ച് കൊണ്ട് വരാന്‍ അവര്‍ക്ക്  കഴിഞ്ഞുവെങ്കിലും തന്റെ  മകന്റെ സ്‌കൂള്‍ കാലത്തെ ഇന്നും മറക്കാന്‍ ശ്രമിക്കുകയാണ് ആ അമ്മ.

ബോബ് മാര്‍ലിയുടെ പാട്ട് കേള്‍ക്കുന്ന എല്ലാവരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് തെറ്റിദ്ധരിക്കേണ്ടെങ്കിലും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍  സാധാരണ രീതിയില്‍ നിന്നും തന്റെ മകന് അല്ലെങ്കില്‍ മകള്‍ക്ക് എന്തോ മാറ്റമുണ്ടെന്ന് രക്ഷിതാക്കള്‍ക്ക് തോന്നിയാല്‍ അവരില്‍ അല്‍പ്പം ശ്രദ്ധ കൂടുതല്‍ നല്‍കുന്നത് വലിയ അപകടത്തില്‍ നിന്നും നമുക്കവരെ രക്ഷിക്കാന്‍ കഴിയുമെന്ന് മനശാസ്ത്ര വിദഗ്ധരും എക്‌സൈസ് അധികൃതരും ചൂണ്ടിക്കാട്ടുന്നു.

Lahari

ലഹരി ഉപയോഗിക്കുക മാത്രമല്ല അതിന്റെ പൂര്‍ണ സുഖം ലഭിക്കാന്‍ തന്റെ ജീവിത രീതി തന്നെ മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്തരക്കാര്‍ ബോബ്  മാര്‍ലിയെ പോലുള്ളവരെ ആരാധിക്കുന്നതും അങ്ങനെയുള്ളവര്‍ തങ്ങള്‍ക്ക് എന്തോ പ്രചോദനമാണെന്ന് ചിന്തിക്കുകയും ചെയ്യുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എട്ടാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക്  പോലും വിദേശത്ത് മാത്രം കിട്ടുന്ന ലഹരികള്‍ യഥേഷ്ടം കിട്ടാറുണ്ടെന്ന് അറിയുമ്പോഴാണ് എത്ര സംഘടിതവും  ശക്തവുമാണ് നമ്മുടെ കുട്ടികള്‍ക്കിടയിലുള്ള ലഹരി മാഫിയാ സംഘങ്ങള്‍ എന്ന് നമുക്ക് അറിയാന്‍ കഴിയുന്നത്.

പെട്രോള്‍ പോലും ലഹരിയാക്കിയ ന്യൂജെന്‍. അതെ കുറിച്ച് നാളെ