ഓരോ ദിവസം കഴിയുന്തോറും പുതിയ പുതിയ പേരിലും രൂപത്തിലുമാണ് മയക്ക് മരുന്നുകള്‍ വിദ്യാര്‍ഥികളുടെ കയ്യിലെത്തുന്നത്. പലപ്പോഴും ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള നൂതന കണ്ടു പിടിത്തങ്ങള്‍.

പുതിയ ലഹരികളും രീതികളും കണ്ടെത്താനായി വലിയ ഗവേഷണം തന്നെ നടത്തുന്ന സംഘങ്ങള്‍ നമ്മുടെ കലാലയങ്ങളെ കേന്ദ്രീകരിച്ചിട്ടുണ്ട്. പെട്രോള്‍ പോലും ലഹരിയായി ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന് കണ്ടെത്തുമ്പോഴാണ്  എത്ര അപകടകരമായ രീതിയിലാണ് വിദ്യാര്‍ഥി സമൂഹം മുന്നോട്ട് പോവുന്നതെന്ന് തിരിച്ചറിയാന്‍ കഴിയുന്നതെന്ന് എക്‌സൈസ് അധികൃതരും പറയുന്നു.

ബൈക്കിന്റെ പെട്രോള്‍ ടാങ്ക് തുറന്ന് അത് മണത്താണ് ഇത്തരക്കാര്‍ ലഹരി കണ്ടെത്തുന്നത്. പെട്രോളില്‍ അടങ്ങിയിരിക്കുന്ന പെട്രോകെമിക്കല്‍ എന്ന രാസവസ്തുവാണ് മണിക്കൂറുകളോളം ലഹരിയുണ്ടാക്കുന്നത്. ഇത് ഏറെ നേരം നീണ്ട് നില്‍ക്കുന്നുവെന്നത് കൊണ്ട് പെട്രോള്‍ ലഹരിയില്‍ വലിയ രീതിയില്‍ കുട്ടികള്‍ അകൃഷ്ടരാവുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു.

ഇതിന്റെ ലക്ഷണങ്ങള്‍ പുറത്ത് കാണിക്കാത്തത് കൊണ്ട്  കേസെടുക്കാനും കഴിയുന്നില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇങ്ങനെയുള്ളവരെ തങ്ങളുടെ അന്വേഷണത്തില്‍ വലിയ തോതില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കോഴിക്കോട് ഡിവിഷനിലെ എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു.


സമാന രൂപത്തിലുള്ളതാണ് ഫെവിക്കോള്‍ ഉപയോഗിച്ചുള്ള ലഹരികണ്ടെത്തല്‍. ഫെവിക്കോള്‍ പുരട്ടിയ സഞ്ചി മണത്ത് കൊണ്ടാണ് ലഹരി കണ്ടെത്തുന്നത്. ഇതിന്റെ ദിവസേനയുള്ള ഉപയോഗം കൊണ്ട് ഇതിലടങ്ങിയ ടോള്‍വിന്‍ എന്ന രാസവസ്തുവിന് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പോലും തടസപ്പെടുത്താന്‍ കഴിവുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രണ്ടാംലോക മഹായുദ്ധകാലത്ത് പട്ടാളക്കാര്‍ ലഹരിക്കായി ഉപയോഗിച്ചിരുന്നത് ടോള്‍വിന്‍ എന്ന രാസവസ്തുവാണെന്നാണ് പറയപ്പെടുന്നത്. ലഹരി ഉപയോഗിച്ചതിന്റെ ലക്ഷണങ്ങളൊന്നും അത്ര പെട്ടെന്ന് തിരിച്ചറിയില്ല എന്നത് കൊണ്ട്  ഇത് ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ച് വരുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. 

കഞ്ചാവ് മാഫിയകളെ പിന്തുടരുന്നുണ്ടെന്ന് തോന്നിയാല്‍ പലപ്പോഴും വധഭീഷണി പോലും തങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്ന് കോഴിക്കോട് ഡിവിഷനിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു.  അത്ര സംഘടിതമാണ് അവരുടെ പ്രവര്‍ത്തനം. രണ്ട് മാസം മുമ്പ് ഇങ്ങനെ വധഭീഷണി വന്നതിനാല്‍ എക്‌സൈസ് കമ്മിഷണര്‍ക്ക് പരാതി കൊടുത്തിരിക്കയാണ് മുരളീധരന്‍.

Lahari
നാവിലൊട്ടിച്ച് വെക്കാവുന്ന മയക്ക് മരുന്ന് സ്റ്റിക്കര്‍

 

സങ്കേതിക വിദ്യാഭ്യാസം സമൂഹത്തിന്റെ നന്മയ്‌ക്കോ നാശത്തിനോ

കഴിഞ്ഞ വര്‍ഷമാണ് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന നാല് പേര്‍ താമസിക്കുന്ന മുറി എക്‌സൈസ് അധികൃതര്‍ രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയത്. അന്ന് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത് ഒരു കൂട്ടം എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ പുതിയൊരു ലഹരിയുടെ കണ്ടു പിടിത്തത്തില്‍ ഏര്‍പ്പെട്ട കാഴ്ചയായിരുന്നു.

അതിന് ബോംഗ് എന്ന ഒരു പേരുമുട്ടു .പേരിന്റെ അര്‍ഥം സൂചിപ്പിക്കുന്നത് പോലെ പൈപ്പുകൊണ്ട് പ്രത്യേകമായി നിര്‍മിച്ച ഒരു ഉപകരണമായിരുന്നു അത്. അതിലേക്ക് നിറച്ച മണമുള്ള പുക  തറയില്‍ വെച്ചിരിക്കുന്ന ഒരു പാത്രത്തിലെ വെള്ളത്തില്‍ കലര്‍ത്തിയ ശേഷം അത് മണത്ത് ലഹരി കണ്ടെത്തുന്ന രീതി എക്‌സൈസ് അധികൃതരെ പോലും ഞെട്ടിച്ചു. 

കഴിഞ്ഞമാസം വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നവരില്‍  ഒരാളെ എക്‌സൈസ് അധികൃതര്‍ കയ്യോടെ പിടിച്ചപ്പോള്‍ കണ്ട അനുഭവവും നമ്മുടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇന്ന്  എവിടെയെത്തിയിരിക്കുന്നുവെന്നതിന്റെ യഥാര്‍ഥ നേര്‍ക്കാഴ്ചയാണ്.

 

 

ആഴ്ചയില്‍ പത്തോ പതിനഞ്ചോ കുട്ടികള്‍  ലഹരി ഉപയോഗത്തില്‍ നിന്ന് കരകയറുന്നതിനായി ചികിത്സ തേടി ഒരു ഡോക്ടറുടെ അടുത്ത്  എത്തുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.  ഒരു ഡോക്ടറുടെ അടുത്ത് ഇത്രയും കുട്ടികള്‍ വരുന്നുണ്ടെങ്കില്‍ അത് വളരെ ഭീകരമായ ഒരു അന്തരീക്ഷത്തെയാണ് സൂചിപ്പിക്കുന്നത്. തുടക്കത്തിലേ തന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ അതിഭീകരമായ വിപത്തില്‍ നിന്ന് കുട്ടിയെ മോചിപ്പിക്കാന്‍ കഴിയും. അറിയാനുള്ള ആകാംക്ഷ, കിട്ടുമെന്ന് കേട്ടിട്ടുള്ള ഉന്മാദാവസ്ഥ, സമപ്രായക്കാരുടെ പ്രേരണ, ബോറടി മാറ്റാന്‍, വിഷാദം മാറ്റാന്‍, വീട്ടിലെ പ്രശ്നങ്ങള്‍ മറക്കാന്‍, ക്ഷീണം മാറ്റാന്‍, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നവര്‍. എന്നിങ്ങനെ ലഹരിവസ്തുക്കളിലേക്ക് ശ്രദ്ധ മാറാന്‍ കാരണങ്ങള്‍ നിരവധിയാണ്‌

വാട്‌സ് ആപ്പിലൂടെ കഞ്ചാവ് വില്‍പ്പന നടത്തുന്ന  നഗരത്തിലെ പ്രധാന കണ്ണിയെയാണ് അന്ന് അധികൃതര്‍ പിടിച്ചത്. പിടിച്ചതിന് ശേഷം സിവില്‍ സ്റ്റേഷന്റെ അടുത്ത് എത്തിയാല്‍ കഞ്ചാവ് പൊതി തരാമെന്ന് പറഞ്ഞ് ഇയാളെ കൊണ്ട് തന്നെ അധികൃതര്‍ ആവശ്യക്കാരെ വിളിപ്പിച്ചു. അന്ന് കഞ്ചാവ് വാങ്ങിക്കാനെത്തിയത് നഗരത്തിലെ വിവിധ സ്‌കൂളിലെ അമ്പതോളം വിദ്യാര്‍ഥികളാണെന്ന് എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍  പി.മുരളീധരന്‍ പറയുന്നു.

നഗരത്തിലെ  ഒരു പ്രധാന ആശുപത്രിയിലെ ഡോക്ടറുടെ മകന്‍, മറ്റൊരു പ്രധാന വക്കീലിന്റെ മകന്‍ എന്നിവരൊക്കെ ഈ അമ്പത് പേരില്‍ പെടും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിപ്പിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്. 

വിനോദയാത്ര നല്ലതാണ് പക്ഷെ.......  

കേരളത്തിലേക്കെത്തുന്ന അനധികൃത മയക്ക്മരുന്ന് ലഹരിയുടെ ഉറവിടമന്വേഷിച്ചപ്പോഴാണ് ഊട്ടി, മൈസൂര്‍, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ നടത്തുന്ന വിനോദയാത്രയുടെ അപകടത്തെ പറ്റി ബന്ധപ്പെട്ടവര്‍ പറഞ്ഞ് തന്നത്. എല്‍. എസ്. ഡി (ലിസറിക് ആസിഡ് ഡൈത്തലാമൈഡ്) പോലുള്ള ദേഹത്ത് ഒട്ടിച്ച് വെക്കാവുന്ന മയക്ക്മരുന്നുകള്‍, ലഹരിക്കൂണുകള്‍ എന്നിവയെല്ലാം വലിയ തോതില്‍ കേരളത്തില്‍ എത്തുന്നത് ഇവിടങ്ങളിലേക്കുള്ള വിനോദയാത്രയ്ക്കിടെയാണ്.

Petrol

പലപ്പോഴായി കൂട്ടുകൂടി യാത്രപോവുന്ന വിദ്യാര്‍ഥികളെ കാത്ത് വലിയൊരു മാഫിയ തന്നെ ഇവിടെ കാത്തിരിക്കുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ചെറുതായി മുറിച്ചെടുത്ത് നാക്കിനടിയില്‍ പോലും ഒട്ടിച്ച് വെക്കാവുന്ന തരത്തിലുള്ളതാണ് എല്‍. എസ്.ഡി സ്റ്റിക്കര്‍. പാര്‍ട്ടി ഡ്രഗ്‌സ് എന്നറിയപ്പെടുന്ന ഇത് ഗോവയിലും മറ്റും നടക്കുന്ന വലിയ പാര്‍ട്ടിക്കിടെയാണ് വിദ്യാര്‍ഥികളുടെ കൈകളിലെത്തുന്നത്.

ആരുമറിയില്ലെന്നതും ഏറെ നേരം ലഹരിയുട ഉന്മാദാവസ്ഥയില്‍ എത്താമെന്നത് കൊണ്ടും വിദ്യാര്‍ഥികളുടെ കൈവശം പലപ്പോഴായി ഇത്തരം സ്റ്റിക്കറുകള്‍ കണ്ട് വരുന്നുണ്ട്.ഇതേ അവസ്ഥയാണ് ലഹരിക്കുണ്‍ ഉപയോഗിക്കുന്നവര്‍ക്കും ലഭിക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ച് ഉന്മാദത്തിന്റെ മൂര്‍ദന്യാവസ്ഥയില്‍ എത്തിയവര്‍ക്ക് പിന്നെ അതില്‍ കുറഞ്ഞ മറ്റൊരു ലഹരിയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയില്ലെന്നതും ഇതിന്റെ  അപകടാവസ്ഥയാണെന്ന് അധികൃതര്‍ പറയുന്നു. പരമ്പരയുടെ ആദ്യ ഭാഗം വായിക്കാം

കലാലയങ്ങളിലെ അരാഷ്ട്രീയവും അപകടവും അതേ കുറിച്ച് നാളെ