ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് പ്രിയപ്പെട്ട ഡോക്ടറുമായുള്ള അനുഭവങ്ങള്‍ രോഗി പങ്കുവെയ്ക്കുന്നു

ഡോക്ടര്‍ വിപി ഗംഗാധരന്‍ എഴുതിയ ഒരു ലേഖനം ആയിടക്കാണ് ഒരു മാസികയില്‍ പ്രസിദ്ധീകരിച്ചു വന്നത്. കൂടെ ഡോക്ടറുടെ ഒരു കാരിക്കേച്ചറും. പ്രശസ്തനായ ഓങ്കോളജിസ്റ്റാണ് ലേഖകന്‍ എന്ന് മാസികയുടെ പരിചയപ്പെടുത്തല്‍ ചുവടെ..!

ആ ഡോക്ടറുടെ മുമ്പിലാണ് ഇരിക്കുന്നത്. കണ്ണൂരിലെ ഒരു പൊതു പരിപാടി കഴിഞ്ഞു വൈകി വീട്ടിലെത്തിയതായിരുന്നു ഡോക്ടര്‍. അന്ന് തന്നെ എന്നെ പരിശോധിക്കാന്‍ തയ്യാറായത് അറിഞ്ഞു അത്ഭുതം ആയിരുന്നു. മുന്നിലിരുന്ന വെള്ള കടലാസില്‍ വിരല്‍ കൊണ്ട് ഡോക്ടര്‍ ഒരു സങ്കല്‍പ വളയം വരച്ചു. അത് നോക്കി ഇരിക്കുകയായിരുന്നു ഞാന്‍. 'ക്യാന്‍സര്‍ സ്‌പ്രെഡ് ആയിട്ടുണ്ട്'. ആദ്യം കീമോ പിന്നെ സര്‍ജറി വീണ്ടും കീമോ, ഡോക്ടര്‍ വിശദീകരിച്ചു. കീമോതെറാപ്പി എന്ന് കേട്ടിട്ടുണ്ട് എന്നലത് എന്താണ് എങ്ങനെ ആണ് എന്ന് അറിയാത്ത ഞാന്‍ ആദ്യം ഒന്ന് പകച്ചു. ചുറ്റിലും ഉള്ള എന്റെ ഭര്‍ത്താവ്, സഹോദരന്‍, മാമന്‍ ആരുമൊന്നും സംസാരിക്കാന്‍ ആവാതെ തരിച്ചിരിക്കുകായാണ് എന്ന് മനസിലായപ്പോള്‍, ഞാന്‍ തന്നേ ചോദിച്ചു. 'എന്നാലും ഇത് സുഖമാവും'.. അല്ലെ ഡോക്ടര്‍..? ചിരിച്ചു കൊണ്ട് ഡോക്ടര്‍ പറഞ്ഞു, സുഖമാവും. നമുക്ക് നോക്കാം. അത് മതിയായിരുന്നു, തകര്‍ന്ന് പോയ മനസ്സിന് സടകുടഞ്ഞു എഴുന്നേല്‍ക്കാന്‍.. 

അന്ന് തുടങ്ങിയതാണ് എന്റെ ക്യാന്‍സര്‍ യാത്ര. കൂടെ നിന്ന് കരുത്തേകാന്‍ മുന്‍നിരയില്‍ തന്നെ എന്റെ പ്രിയപ്പെട്ട ഡോക്ടര്‍ വി പി ഗംഗാധരന്‍ അന്നും ഇന്നും ഉണ്ട്.

മണിക്കൂറുകള്‍ നീണ്ട ആദ്യത്തെ കീമോക്കിടയില്‍ ഞാനും എന്റെ സഹോദരനും ഉറങ്ങിയതേ ഇല്ല. വൈകി എപ്പോഴോ റൗണ്ട്‌സിന് ഡോക്ടര്‍ വന്നു. ഐ വി സ്റ്റാന്‍ഡി സ്വന്തം കൈകള്‍ കൊണ്ട് നീക്കി വെച്ച് ഡോക്ടര്‍ പറഞ്ഞു 'ഈ മരുന്നുകള്‍ കൊണ്ട് സുഖമാവും കേട്ടോ'..എത്ര വൈകിആണെകിലും തന്നെ കാത്തിരിക്കുന്ന എല്ലാ രോഗികളെയും ഡോക്ടര്‍ കണ്ടിട്ടേ പോവൂ എന്ന് അന്ന് തിരിച്ചറിയുകയായിരുന്നു.

ഇടക്ക് മെലിഞ്ഞു പിന്നെയും പതഞ്ഞു ഭാരതപ്പുഴ പിന്നെയും ഒഴുകി കൊണ്ടേ ഇരുന്നു. തലശേരിയില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രകള്‍ ചെറിയ ഇടവേളയില്‍ നിന്നും വലിയ ഇടവേളയിലേക്കായി മാറി വന്നതും ആയിരുന്നു. ആ ഇടവേളയില്‍ ടെറാക്കോട്ട ഉത്പന്നങ്ങളിലും ക്യാന്‍വാസുകളിലും ഞാന്‍ പെയിന്റ് ചെയ്യാന്‍ തുടങ്ങി.

ഇടക്ക് ഡോക്ടര്‍ക്ക് കൊടുത്ത ഒരു ടെറാക്കോട്ട പാത്രത്തില്‍ ആല്‍മരവും ഊര്‍ന്നിറങ്ങുന്ന വേരുകളും ഞാന്‍ വരച്ചത് ഡോക്ടറെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. അതേ ചിത്രം തന്നെ ചെയ്ത് ഫ്‌ളവര്‍ഷോയില്‍ നടന്ന മത്സരത്തില്‍ കീമോതെറാപ്പിക് ഇടയില്‍ സമ്മാനം നേടി.

തന്റെ രോഗികളുടെ കലാപരമായ കഴിവുകളില്‍ ഇത്രയും സന്തോഷിക്കുന്ന മറ്റൊരു ഡോക്ടര്‍ ഉണ്ടാകില്ല. ഈയിടെ നടന്ന ഡോക്ടറുടെ നേതൃത്വത്തിലുള്ള കമ്യൂണിയത്തില്‍ എന്റെ പെയിന്റുകളുടെ ഒരു എക്‌സിബിഷന്‍ നടത്താനുള്ള അവസരം എന്റെ ഡോക്ടര്‍ എനിക്ക്  തന്നു. അന്ന് എന്നേക്കാള്‍ സന്തോഷിച്ചത് എന്റെ ഡോക്ടര്‍ തന്നെയായിരുന്നു. ഇതൊക്കെ രോഗത്തെ നേരിടാനുള്ള ആത്മവിശ്വാസവും ധൈര്യവും എനിക്കെത്ര മാത്രം തന്നു എന്ന് പറഞ്ഞറിയിക്കാനാവില്ല. ഇടവേളകളില്‍ എനിക്ക് ക്യാന്‍സര്‍ വന്നുകൊണ്ടേയിരുന്നു. കീമോ തെറാപ്പിയായും റേഡിയേഷനായും സര്‍ജറിയായും ചികിത്സയുടെ പല വശങ്ങളും അനുഭവിച്ചു. ഒന്ന് പതറുമ്പോള്‍ എനിക്കെന്റെ ഡോക്ടറെ വിളിക്കാം അതുമല്ലെങ്കില്‍ സന്ദേശമയക്കാം..

'സ്റ്റേ സ്‌ട്രോങ്ങ്, യു ക്യാന്‍' എന്ന മറുപടി ഡോക്ടര്‍ ഉടനെ അയക്കും. അതില്‍ നിന്ന് ലഭിക്കുന്ന കരുത്ത് ചെറുതല്ല. ചെറുതും വലുതും പൊട്ടയും അല്ലാത്തതും ആയ എന്റെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി അയക്കുമ്പോള്‍ തന്റെ രോഗികളെ സ്വന്തം ജീവിതത്തോട് ചേര്‍ത്ത് പിടിക്കുന്ന ഡോക്ടറുടെ മനസ്സ് കാണാം. തിരിച്ചും ഡോക്ടറും സങ്കടങ്ങള്‍ സ്വന്തം സങ്കടങ്ങളായും സന്തോഷം സ്വന്തം സന്തോഷം ആയും കാണാന്‍ എന്നേ പോലെ ഉള്ളവര്‍ക്കും സാധിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല. 

ആശുപത്രിയിലെ ഓങ്കോളജി ഒപിക്ക് മുന്നിലിരിക്കുന്ന പലര്‍ക്കും മാലാഖയുടെ മുഖമാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. സ്‌നേഹമായും ആശ്വാസമായും പെയ്തിറങ്ങുന്ന ഡോക്ടര്‍ വി.പി. ഗംഗാധരനെ കാണാനിരിക്കുകയാണ് എന്നത് കൊണ്ടാവാം. 

പുറത്തേക്കിറങ്ങുന്നവരുടെ മുഖങ്ങളില്‍ കാണാം ഡോക്ടര്‍ വി.പി. ഗംഗാധരന്‍ എന്ന മാലാഖ പകര്‍ന്നു കൊടുത്ത കരുത്ത്, കരുണ. അങ്ങനെയൊക്കെയാണ് എന്റെ ഡോക്ടര്‍ ഞങ്ങള്‍ക്ക് പ്രിയ അച്ഛനായും മകനായും മാമനായും സഹോദരനുമായും ഒക്കെ മാറുന്നതിന്റെ കാരണവും മറ്റൊന്നല്ല. .ഡോക്ടര്‍ ചേര്‍ത്ത് പിടിക്കുന്നത് രോഗിയെ മാത്രമല്ല. അവരുടെ കുടുംബാംഗങ്ങളെ കൂടിയാണ്. ഒരു വിളിക്കപ്പുറമുണ്ട് ഡോക്ടര്‍ എന്ന ധൈര്യം അതിജീവനത്തിന് തന്നെയാണ് കരുത്തേകുന്നത്. 

ഈ വിഷുവിന് കൈനീട്ടം തന്ന ഡോക്ടര്‍, ഇക്കഴിഞ്ഞ ഈദിന് പുതുവസ്ത്രങ്ങളും സമ്മാനിച്ചു. ഉമ്മാക്ക് ഡോക്ടര്‍ ആങ്ങളയും കൂടിയാണ് എന്നുള്ളതിന് എന്ത് തെളിവ് വേണമെന്ന് ചോദിച്ചു എന്റെ മക്കള്‍. ഇത്രയും മാരകമായ ഒരു അസുഖം അതും വൈകിയ വേളയില്‍ തിരിച്ചറിഞ്ഞത്. ഡോ. വി.പി. ഗംഗാധരന്‍ എന്ന എന്റെ പ്രിയപ്പെട്ട ഡോക്ടറുടെ അടുത്തല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഞാന്‍ ഉണ്ടാവുമായിരുന്നില്ല എന്ന് തോന്നുന്നത് ഈ കാലയളവില്‍ ഡോക്ടര്‍ പകര്‍ന്നു നല്‍കിയ ആത്മവിശ്വാസം കൊണ്ടുതന്നെയാണ്. ക്യാന്‍സര്‍ ജീവിതത്തിന് തന്നത് ഡോക്ടറില്‍ നിന്ന് പഠിച്ചെടുത്ത കരുണ, ക്ഷമ, സാഹോദര്യം മാത്രമല്ല, ഡോ.വിപി ഗംഗാധരന്‍ എന്ന ആങ്ങളയെ കൂടിയാണ് കിട്ടിയത്. ആ തിരിച്ചറിവ് തരുന്ന സന്തോഷം നിസീമമാണ്.

Content Highlight: Dr.VPG, VP Gangadharan, Oncologist VPG, Cancer Patient