ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ആശുപത്രി അനുഭവങ്ങളെ കുറിച്ച്, മറക്കാനാവാത്ത രോഗികളെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു

ളരെ തിരക്കേറിയ ദിവസങ്ങളിലൊന്നില്‍ രാവിലെയാണ് ലേബര്‍ റൂമില്‍ നിന്ന് എനിക്ക് വിവരം കിട്ടുന്നത്, ഒരു എമര്‍ജന്‍സി സിസേറിയനുണ്ട്. കുഞ്ഞുങ്ങള്‍ക്ക് മൂപ്പെത്തിയിട്ടില്ല. വേഗം വരണം. കുഞ്ഞുങ്ങള്‍ എന്നത് കേട്ടപ്പോള്‍ ഇരട്ടകളായിരിക്കും എന്നാണ് കരുതിയത്. പക്ഷേ അവര്‍ നാലു പേരായിരുന്നു.

ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കയറ്റുന്നതിനു മുന്‍പ് കിടത്തുന്ന (പ്രീ ഒപ്) റൂമില്‍ ഞാനെത്തി. ആയിഷാബിയോട് സംസാരിച്ചു. അത്രേം വലിയ വയറു കാരണം അവള്‍ ദിവസങ്ങളോളം ഇരുന്നാണ് ഉറങ്ങാണ്. കിടക്കാന്‍ ബുദ്ധിമുട്ടാണ്. ഞങ്ങള്‍ സംസാരിച്ചു. പതിനാറാം വയസ്സില്‍ തുടങ്ങിയ ദാമ്പത്യ ജീവിതമാണ്. അതില്‍ നാലു പെണ്‍മക്കള്‍. ആയിഷാബിയുടെ ആദ്യ മകള്‍ക്ക് ഇപ്പോള്‍ പതിനേഴു വയസ്സ്. ബാക്കിയുള്ളവര്‍ക്ക് പതിനഞ്ച്, പതിമൂന്ന്, പതിനൊന്ന്. പിന്നീട് സ്വാഭാവിക രീതിയില്‍ ഗര്‍ഭം ധരിച്ചില്ല. ഭര്‍ത്താവിനും വീട്ടുകാര്‍ക്കും മുറുമുറുപ്പ്. ആണ്‍കുട്ടിയെ പ്രസവിക്കാത്ത ആയിഷാബി ഒറ്റപ്പെട്ടു തുടങ്ങി. 

പലരുടേയും ഉപദേശപ്രകാരം വന്ധ്യത ചികിത്സ തുടങ്ങി. ഫലം കണ്ടു. നാലു ഭ്രൂണങ്ങളുണ്ട്. അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും സങ്കീര്‍ണ്ണ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുള്ളതു കൊണ്ട് രണ്ടെണ്ണത്തെ നിര്‍വീര്യമാക്കി രണ്ട് ഭ്രൂണത്തെ മാത്രം നിലനിര്‍ത്താനുള്ള തീരുമാനം ഡോക്ടര്‍മാര്‍ ആയിഷാബിയോടും ഭര്‍ത്താവിനോടും ചര്‍ച്ച ചെയ്തു. അവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായില്ല. നിര്‍വീര്യമാക്കപ്പെടുന്നത് ആണ്‍ഭ്രൂണമാണെങ്കിലോ? ഉറപ്പില്ലല്ലോ. ലിംഗ നിര്‍ണയം സാധിക്കാത്തതിനാല്‍ എന്തു സങ്കീര്‍ണ്ണതകളുണ്ടെങ്കിലും നാലുപേരേയും കൊണ്ട് മുന്‍ പോട്ടു പോകാന്‍ അവര്‍ തീരുമാനമെടുത്തു. 

എല്ലാം പറഞ്ഞു കഴിഞ്ഞ് തന്റെ കഴുത്തോളം മുട്ടി നില്‍ക്കുന്ന വലിയ വയറിനെ തലോടിക്കൊണ്ട് അവള്‍ നെടുവീര്‍പ്പിട്ടു.
 
'എന്തു കുട്ടികളായാലും വേണ്ടൂല. ഓര്‍ക്ക് പടച്ചോന്‍ ആയുസ്സ് കൊടുക്കട്ടെ'
'ആമീന്‍ '

ഞാന്‍ തിയറ്ററിനുള്ളിലേക്ക് നടന്നു. ഓപ്പറേഷന്‍ കഴിഞ്ഞു. ഓരോരുത്തരെയായി ഗൈനക്കോളജിസ്റ്റ് ഞങ്ങള്‍ക്കു കൈമാറി. പ്രാഥമിക ശുശ്രൂഷ കൊടുത്ത ശേഷം കുഞ്ഞുങ്ങളെ ആയിഷാബിക്ക് കാണിച്ചു കൊടുത്തു. എന്തു കുഞ്ഞാണെന്ന് എന്നതിനു പകരം ആര്‍ക്കും കുഴപ്പമൊന്നുമില്ലല്ലോ എന്നു മാത്രമാണ് അവള്‍ എന്നോട് ചോദിച്ചത്.

'നാലുപേരും പെണ്‍കുട്ടികളാണ് ട്ടോ അയിഷാബി ' ഗൈനക്കോളജിസ്റ്റ് തന്റെ കടമ നിര്‍വഹിച്ചു.

തൂക്ക കുറവുള്ളതുകൊണ്ടും ശ്വാസം ശരിക്കെടുക്കാന്‍ കുഞ്ഞുങ്ങള്‍ക്കു കഴിയാത്തതിനാലും നാലുപേരേയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.വന്ധ്യത ചികിത്സകള്‍ക്ക് ശേഷം ഇങ്ങനെ ഒരു പ്രസവത്തില്‍ തന്നെ മൂന്നും അപൂര്‍വ്വമായി നാലും കാണുന്നുള്ളതു കൊണ്ട് അന്നത്തേ ദിവസം എനിക്ക് പുതുമയൊന്നും അനുഭവപ്പെട്ടില്ല.

എന്നെ അത്ഭുതപ്പെടുത്തിയത്, പിറ്റേ ദിവസം രാവിലെ തന്നെ അമ്മമാരുടെ വാര്‍ഡില്‍ നിന്ന് കുറച്ചകലെയുള്ള നവജാത ശിശുക്കളുടെ ഐ.സി.യുവില്‍ നടന്ന് വന്ന് എന്നെ കാത്തു നില്‍ക്കുന്ന ആയിഷാബിയുടെ മനോഭാവമാണ്. സാധാരണ സിസേറിയന്‍ കഴിഞ്ഞ സ്ത്രികള്‍ മിക്കവാറും മൂന്നു ദിവസം കഴിഞ്ഞാലാണ് അങ്ങോട്ട് വരാറ്. അതും വേദന കാരണം വളരെ വിഷമിച്ച്. ആ സ്ഥാനത്താണിവര്‍ ഇത്രയും മിടുക്കിയായി, ചുണ്ടില്‍ നിറഞ്ഞ പുഞ്ചിരിയുമായിട്ട് വന്നിരിക്കുന്നത്.

'വെറുതെ നിങ്ങളെ ഒന്ന് നേരിട്ട് കാണാന്‍ വേണ്ടി വന്നതാ. ന്റെ കുട്ടികളെ നന്നായി നോക്കണം ട്ടോ.
ഭര്‍ത്താവെവിടെ?
മൂപ്പര്‍ക്ക് ഭയങ്കര വെഷമം. നാലും പെണ്ണായിപ്പോയിലെ. ഞാന്‍ നന്നായി പറഞ്ഞ് കൊടുത്ത്ക്ക്ണ്. പടച്ചോന്‍ തര്ണത് കൈയും നീട്ടി അങ്ങ്ട്ട് വാങ്ങാ. അത്ര തന്നെ. അല്ലാഹ്.'

ഞാനവളെ ചേര്‍ത്തു പിടിച്ചു. ഇരുണ്ട നിറമുള്ള അവള്‍ക്ക് പൊക്കം തീരെ കുറവായിരുന്നു. കഴുത്തില്‍ ഒരു കറുത്ത ചരട് മാത്രം. കാതും കൈയും എല്ലാം ഒഴിഞ്ഞിരിക്കുന്നു. 

പിന്നീട് എല്ലാ ദിവസവും രാവിലെ കുട്ടികളുടെ കാര്യം അറിയാന്‍ അവള്‍ വരും. ഞങ്ങള്‍ സംസാരിക്കും. എട്ടാം ക്ലാസുവരെ മാത്രം പഠിച്ച അവളുടെ ഓരോ വാചകകളും ഓരോ ജീവിത പാഠം തന്നെയായിരുന്നു. പലരും , പ്രത്യേകിച്ചും സ്ത്രീകള്‍ തളര്‍ന്നു പോയേക്കാവുന്ന ,ഒരു അവസ്ഥയില്‍ നിന്നു കൊണ്ടാണ് അവര്‍ തനിക്ക് ചുറ്റും പോസിറ്റീവ് ഊര്‍ജ്ജം പ്രസരിപ്പിക്കുന്നത്. 

കൂട്ടിരിപ്പിന് , പ്രായമായ ഒരു ഉമ്മ മാത്രമേ ആ ആശുപത്രി വാസത്തില്‍ അവര്‍ക്കുണ്ടായിരുന്നുള്ളു. വേറാരുമില്ലേ എന്ന ചോദ്യത്തിന് 'ഈ ദുനിയാവിലേക്ക് വന്നപ്പോളും ഖബറിലേക്ക് പോകുമ്പോളും ഒറ്റക്കല്ലേ. നമ്മളെ സ്‌നേഹിക്കുന്നോര് മാത്രേ എപ്പോളും കൂടെയുണ്ടാവുള്ളൂ' ഉമ്മാനേം ഭര്‍ത്താവിനെയും ചൂണ്ടിക്കാണിച്ച് അവള്‍ പറഞ്ഞു.

അസുഖം ഭേദമായപ്പോള്‍ നാലു പെണ്‍ കുട്ടികളേയും ഒരുമിച്ച് മാറോടു ചേര്‍ത്ത് തലയില്‍ തുരുതുരാ ഉമ്മയും കൊടുത്താണ് അവള്‍ അവരെ വാര്‍ഡിലേക്ക് കൊണ്ടുപോയത്.

തന്റെ എട്ടു പെണ്‍ കുട്ടികള്‍ക്കും തക്കതായ വിദ്യാഭ്യാസം നല്‍കുമെന്നും നേരത്തേ കല്യാണം കഴിപ്പിക്കില്ലെന്നും പറയുന്ന ,ഏതു വിഷമഘട്ടത്തിലും പുഞ്ചിരിക്കുന്ന, ഇവിടം പെണ്‍കുട്ടികള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് ലോകത്തോട് ഇടയ്ക്കിടെ വിളിച്ചു പറയുന്ന എന്റെ പ്രിയപ്പെട്ട ആയിഷാബിയെ ഓര്‍ക്കാതെ എങ്ങനെ ഈ ഡോക്ടേര്‍സ് ഡേ കടന്നു പോകും.

ലേഖിക

ഡോ.ബിന്ദു
കണ്‍സള്‍ട്ടന്റ് നിയോനാറ്റോളജിസ്റ്റ് 
എംഇഎസ് മെഡിക്കല്‍ കോളേജ് 
പെരിന്തല്‍മണ്ണ, മലപ്പുറം

 

Content Highlight: quadruplets, Doctors Day 2019, Hospital Stories, Mother of 8 Girl Child