ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു... 'മറക്കാനാവാത്ത ആ രോഗി'

'മറ്റൊരിക്കല്‍ കാണാം...'
'ഇനി വരുമ്പോള്‍ എന്തായാലും കാണണം...'
'ഇനിയിപ്പോ എന്നാ ഒന്ന് കാണുക ...'
'കാണാം '
മേല്‍പറഞ്ഞതൊന്നും സധൈര്യം അങ്ങോട്ടോ ഇങ്ങോട്ടോ പറയാന്‍ ഭയപ്പെടുന്ന രണ്ട് വിഭാഗങ്ങള്‍ ഉണ്ട്. ഒന്ന് ഡോക്ടര്‍മാര്‍ ,രണ്ട് രോഗികളും അവരുടെ കൂട്ടിരിപ്പുകാരും. പിരിയുമ്പോള്‍ ഇനിയൊരിക്കല്‍ കൂടി കാണാന്‍ ഇടവരാതിരിക്കട്ടെ എന്നേ  ഒരു രോഗിയോട് ഡോക്ടര്‍ക്ക് പലപ്പോഴും ആശംസിക്കാനുണ്ടാവാറുള്ളു. ചികിത്സിച്ച ഓരോ ഡോക്ടറുടെയും പേര് പോലും രോഗികളിലും അവരുടെ ബന്ധുക്കളിലും ഉണര്‍ത്തുന്ന ഓര്‍മ്മകള്‍  എന്തൊക്കെയാവാം എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇതിനു മറുവശം, ഓര്‍ക്കാന്‍ പോലും കഴിയാത്ത വിധം ഭയപ്പെട്ട നാളുകളില്‍ നിന്നും തങ്ങളെ കരകയറ്റിയ രക്ഷകരായി ഡോക്ടര്‍മാരെ കാണുന്നവരാവും ഏറെ എന്നത് എടുത്തു പറയാതെവയ്യ. 

Pediatric surgery ഓപിയില്‍  ഇരിക്കുന്ന ഒരു ദിവസം, ഏകദേശം 7-8 വയസ്സുള്ള  ഒരു ആണ്‍കുട്ടിയെ എന്തോ ഉദരസംബന്ധമായ ബുദ്ധിമുട്ട് കാണിക്കാനായി രണ്ട് സ്ത്രീകള്‍ വന്നു. ഒരാള്‍ കുട്ടിയുടെ അമ്മയാണ്. അവര്‍ പ്രൊഫസറോട് കുട്ടിയുടെ ബുദ്ധിമുട്ടുകള്‍ ഓരോന്നു പറയുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുമ്പോഴാണ് പുറകില്‍ നിന്ന മറ്റേ സ്ത്രീയുടെ മുഖം ഞാന്‍ ശ്രദ്ധിക്കുന്നത്. എവിടെയോ കണ്ട പരിചയമുണ്ട്. കൃത്യമായി ഓര്‍മ്മയില്ല. 
പക്ഷെ എന്നെ കണ്ടതും അവരുടെ മുഖം മാറി. തെളിഞ്ഞുനിന്ന ആ മുഖത്തു പറഞ്ഞറിയിക്കാനാവാത്ത വിധം ഒരു തരം ഭയമോ സങ്കടമോ പരക്കുന്നതായി തോന്നി.
 
ഇല്ല...എത്ര ആലോചിച്ചിട്ടും ഓര്‍മ്മ കിട്ടുന്നില്ല...
 
ഞാന്‍ കൂടുതല്‍ ആലോചിക്കാന്‍ നിന്നില്ല. കുട്ടിയുടെ ബുദ്ധിമുട്ടിലേക്കും രോഗത്തിലേക്കും, പ്രൊഫസ്സര്‍ അതിനെക്കുറിച്ചു എന്ത് പറയുന്നു എന്നൊക്കെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ണുകള്‍ ആ സ്ത്രീയിലേക്ക് വീണ്ടും വഴുതി മാറി.
 
അവര്‍ കരയുകയാണ്..കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്. തലയില്‍ ഇട്ടിരിക്കുന്ന മഫ്ത കുറച്ചു കൂടി താഴ്ത്തി കണ്ണുകള്‍ മറയ്ക്കാന്‍ അവര്‍  നന്നേ പാടുപെടുന്നുണ്ടായിരുന്നു. 
എന്താണീ സംഭവിച്ചു കൊണ്ടിരിക്കുന്നത് ! ഞാനെഴുന്നേറ്റു അവരുടെ അടുത്ത ചെന്നു, കലങ്ങിയ കണ്ണുകളില്‍ ഒരു ചെറു ചിരി വിടര്‍ത്തി അവര്‍ ചോദിച്ചു  'ഡോക്ടര്‍ക്ക് എന്നെ ഓര്‍മ്മയില്ലാലേ'

ഒരുപാട് പേരെ കാണുന്നതല്ലേ അങ്ങിനെ വിട്ടു പോയതാവും എന്ന ഭാവത്തോടെ ഞാനൊരു പകുതി ചിരി ചിരിച്ചു. 

'മെഡിസിന്‍ വാര്‍ഡില്‍ എന്റുമ്മ അഡ്മിറ്റായിരുന്നപ്പോ ഡോക്ടറുണ്ടായിരുന്നു അവിടെ. ഐസിയുവില്‍ നിന്നും ഉമ്മാനെ വാര്‍ഡിലേക്ക് മാറ്റിയപ്പോ ആംബുലന്‍സില്‍ കൊണ്ടൊരാന്‍ ഡോക്ടറും ഉണ്ടായിരുന്നു കൂടെ'
 
ഓര്‍മ്മകള്‍ മെല്ലെ തെളിഞ്ഞു വന്നു തുടങ്ങി

ശരിയാണ്...എനിക്കവരെ അറിയാം..ഇവര്‍ക്കൊരു സഹോദരനും ഉണ്ട്. ഗാസ്‌ട്രോ ഐസിയുവില്‍ ഉണ്ടായിരുന്ന പേഷ്യന്റിനെ  മെഡിസിന്‍ വാര്‍ഡിലേക്ക് ടേക്ക് ഓവര്‍ ചെയ്തപ്പോള്‍ രോഗിയെ ഐസിയുവില്‍ നിന്നും വാര്‍ഡിലേക്ക് കൊണ്ടുപോവാന്‍ അന്ന് എനിക്കായിരുന്നു ഡ്യൂട്ടി. രണ്ടോ മൂന്നോ ദിവസത്തിനുശേഷം ആ ഉമ്മ മരിച്ചു. 

ആ സ്ത്രീ മെല്ലെ എന്റെ കൈ പിടിച്ചു...'ഡോക്ടറെ കണ്ടപ്പോള്‍ ഉമ്മയെ വല്ലാണ്ട് ഓര്‍മ്മവന്നു. പെട്ടെന്ന് ആ ദിവസങ്ങളൊക്കെ ഒരു മിന്നായം പോലെ കണ്മുന്നില്‍ വന്നപോലെ. അവസാന ദിവസം ഉമ്മാക്ക് ആകെ വയ്യാണ്ടായി. ബോധമൊക്കെ പോയപോലായി. മലദ്വാരത്തില്‍ നിന്നും നിര്‍ത്താതെ ചോര ഒഴുകുവായിരുന്നു. കട്ടക്കട്ട ആയി രക്തം ! വാര്‍ഡിലെ ഡോക്ടര്‍മാര്‍ ആവുന്നതൊക്കെ ചെയ്തു. പക്ഷെ ഉമ്മ പോയി...പാവം എന്റുമ്മ.. 'മുറുകെ പിടിച്ച അവരുടെ കൈകള്‍ വല്ലാതെ വിറച്ചു തുടങ്ങിയിരുന്നു... 'എന്റുമ്മ പാവായിരുന്നു ഡോക്ടറെ...ഡോക്ടറെ കണ്ടപ്പോള്‍ ഉമ്മ അന്ന് രക്തത്തില്‍ കുതിര്‍ന്നു കിടക്കുന്നതാണ് ഓര്‍മ്മ വന്നത്...'അവര്‍ കണ്ണു തുടച്ചു.

ഞാനവരെ എങ്ങിനെ ആശ്വസിപ്പിക്കും, എന്തു പറയണം ..!

പ്രതീക്ഷകള്‍ പോലും അവശേഷിപ്പിക്കാത്ത നഷ്ടപ്പെടലാണ് മരണം. ആ നഷ്ടപ്പെടലിന്റെ വേദന മുഴുവന്‍ ആവാഹിച്ചു അനുഭവിച്ചു കൊണ്ട് തന്നെ മുമ്പോട്ട് നീങ്ങുക എന്നല്ലാതെ ആര്‍ക്കെന്തു ചെയ്യുവാനാകും.. !

ഞാന്‍ കൈപിടിച്ചവരെ ഒരു കസേരയില്‍ ഇരുത്തി. ആവുന്ന വിധം വിഷയം മാറ്റി കുറച്ചു നേരം സംസാരിച്ചിരുന്നു.അന്ന് കൂടെയുണ്ടായിരുന്ന സഹോദരനെക്കുറിച്ചും. ഇന്ന് കൂടെ വന്ന കുട്ടിയെ കുറിച്ചും, ഇന്നത്തെ ചൂടിനെക്കുറിച്ചും. വരാനിരിക്കുന്ന മഴയെക്കുറിച്ചും.കഴിഞ്ഞു പോയ മഹാപ്രളയത്തെ കുറിച്ചും. 

ലേഖിക

ഡോ. റോസ്‌ലിന്‍
വയനാട്‌

Content Highlight: Experience of a doctor, Hospital Stories, True Stories, Doctors Day stories