ഡോക്ടേഴ്‌സ് ദിനത്തില്‍ ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു... 'മറക്കാനാവാത്ത ആ രോഗി'

തിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവമാണിത്. അന്ന് ഞാന്‍ തിരുവനന്തപുരത്ത് ഒരു ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. ഒരു മെഡിക്കല്‍ ക്യാപില്‍ വച്ചാണ് ആ രോഗിയെ കാണുന്നത്. ആളുകള്‍ക്കിടയില്‍ ഒന്നാമതെത്തി ഡോക്ടറെ കാണാന്‍ വേണ്ടി തിരക്കു കൂട്ടുകയായിരുന്നു അയാള്‍. ആരോഗ്യ ദൃഢഗാത്രനായ ഒരു ചെറുപ്പക്കാരന്‍. പത്തിരുപത്തെട്ട് വയസ്സ് തോന്നിക്കും ഓടി വന്നു കസേരയില്‍ ഇരുന്നു. എന്നിട്ട് പറഞ്ഞു തലവേദനയാ ഡോക്ടറെ. എട്ട് വര്‍ഷമായി മാറുന്നതേയില്ല ഗുളിക കഴിച്ച് മടുത്തു..! 

അയാളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍  നീരുണ്ടെന്ന് മനസ്സിലായി. മുഖത്ത് നീരുണ്ടല്ലോ എന്ന് പറഞ്ഞതും അത് വണ്ണം വച്ചതാ ഡോക്ടറെ എന്ന മറുപടിയും. ബി.പി കൂടുതലായിരുന്നു. ആയിരുന്നു. വിശദമായി തലവേദനയെ പറ്റി  അന്വേഷിച്ചു. എട്ട് വര്‍ഷം മുമ്പ് തലവേദനയായി  ഒരു ഡോക്ടറെ സമീപിച്ചതും അദ്ദേഹം തലവേദനക്ക് ഗുളിക എഴുതി കൊടുത്തുവെന്നും അത് കഴിച്ചിട്ട് ഒരാഴ്ച കഴിഞ്ഞ് വരണമെന്നും പറഞ്ഞിരുന്നു. നമ്മുടെ രോഗി ഗുളിക കഴിച്ചു  തലവേദന കുറഞ്ഞപ്പോള്‍ ഡോക്ടറെ പിന്നീട് കണ്ടതുമില്ല. പിന്നെയും തലവേദന വന്നു ഡോക്ടറെ കാണാതെ ഇതേ ഗുളിക കഴിച്ചു. പിന്നീട് വേറെ ഒരു ഡോക്ടറെയും കണ്ടതുമില്ല. എട്ട് വര്‍ഷമായി ഇതേ ഗുളിക തന്നെ കഴിക്കുന്നു. !ഇതാണ് ചരിത്രം.

വിദഗ്ധ പരിശോധനക്കായി എഴുതി കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞു ഓപിയില്‍ ഇരിക്കുമ്പോള്‍ രോഗിയും സഹോദരിയും കൂടി വന്നു , വന്നതേ സഹോദരി കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു. ലാബ് റിപ്പോര്‍ട്ടുമായിട്ടാണ് വന്നിരിക്കുന്നത് രണ്ടും കിഡ്‌നിയും പ്രവര്‍ത്തന രഹിതമായിരിക്കുന്നു. മെഡിക്കല്‍ കേളേജില്‍ ആഴ്ചയില്‍ രണ്ട് ദിവസം ഡയാലിസിസ്. റിപ്പോര്‍ട്ട് കണ്ടപ്പോള്‍ എനിക്കും സങ്കടമായി. ഞാന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലിന്റെ തൊട്ടു മുന്നില്‍ ആണ് രോഗിയുടെ വീട്. പാവപ്പെട്ട കുടുംബം രണ്ട് സഹോദരിമാരുടെ ഒരേയൊരു സഹോദരന്‍. കുടുംബത്തിന്റെ അത്താണി. എന്നും രോഗിയുടെ ഓരോ കാര്യ സംശയനിവാരണത്തിനായി സഹോദരി എന്റെ അടുത്തെത്തും. വേണ്ട നിര്‍ദ്ദേശങ്ങള്‍ ഒക്കെ കൊടുക്കും. അങ്ങനെ അവരോട് ഒരു ആത്മബന്ധം എനിക്കും ഉണ്ടായി. 

ഒരു പ്രാവശ്യം വന്നപ്പോള്‍ കിഡ്‌നി മാറ്റിവെയ്ക്കല്‍ ഉടനെ തന്നെ വേണമെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പറഞ്ഞുവെന്നും അതിനായി സന്നദ്ധ സംഘടനകള്‍ സഹായിക്കാന്‍ തയ്യാറാണെന്നും കിഡ്‌നി ദാതാവിനെ കിട്ടിയാല്‍ മാത്രം മതി എന്നും പറഞ്ഞു. ഇതു കേട്ടപ്പോള്‍ ആശ്വസമായിരുന്നു ആ ചെറുപ്പക്കാരന്‍ രക്ഷപ്പെടുമല്ലോ. എല്ലാ ശനിയാഴ്ചയും ഞാന്‍ വീട്ടില്‍ പോകാറുണ്ട് തിങ്കളാഴ്ച രാവിലെ എത്തും. ആ ശനിയാഴ്ചയും സഹോദരി എത്തി കിഡ്‌നി ദാതാവിനെ കിട്ടി എത്രയും പെട്ടെന്ന് സര്‍ജറി നടത്തും എന്നു പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഞാന്‍ ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ ആ വീട്ടില്‍ നല്ല ആള്‍ക്കൂട്ടം. ജിവനക്കാരെല്ലാം  പുറത്തിറങ്ങി നില്‍പ്പുണ്ട്. എനിക്ക് കാര്യം മനസ്സിലായി ആ വീട്ടിലോട്ട് ഞാന്‍ കയറി ചെന്നു . എന്നെ കണ്ടതും പെങ്ങള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നു. ഓപ്പറേഷന് കാത്ത് നില്‍ക്കാതെ പോയി ഡോക്ടറെ...എന്നും പറഞ്ഞാണ് കരച്ചില്‍. മനുഷ്യരുടെ മനസ്സ് കല്ലൊന്നുമല്ലല്ലോ എനിക്ക് പിന്നെ അവിടെ നില്‍ക്കാന്‍ പറ്റുമായിരുന്നില്ല. പെട്ടെന്ന് ഇറങ്ങി പോന്നു. 

ചികിത്സയോ പറ്റിയോ ബാക്കി കാര്യങ്ങളെ കുറിച്ചോ കൂടുതലൊന്നും പറയുന്നില്ല, എന്നോ എഴുതി കൊടുത്ത മരുന്ന്, മറ്റൊരു പരിശോധനയും ഇല്ലാതെ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന എല്ലാ രോഗികള്‍ക്കും ഇതൊരു പാഠമാവട്ടെ..

ലേഖിക

ഡോ.മഞ്ജു പി.കെ
സലാല, ഒമാന്‍

Content Highlight: Experience of a Doctor , Doctors Day, Hospital Stories, True Stories