ഡോക്ടേഴ്‌സ് ദിനത്തില്‍ ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു... 'മറക്കാനാവാത്ത ആ രോഗി'

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പേഷ്യന്റ് വന്നു. അമ്മേടെ ഒപ്പം. വരിയില്‍ നിക്കുന്നവര്‍ക്കിടയില്‍ ആദ്യമേ അവളെ ശ്രദ്ധിച്ചോണ്ടാവും ഒരു കുഞ്ഞിപ്പെണ്ണ്... ഓള്‍ടെ കണ്ണിനെന്താ മൊഞ്ച്, നല്ല മിന്നുന്ന വെള്ളാരം കണ്ണ് !

കഴിഞ്ഞ കുറച്ചു ദിവസായി വയറു വേദനയാണെന്നു കൂടെ വന്ന അമ്മയാണ് പറഞ്ഞത്. അതെന്തേന്നു ചോദിച്ചിട്ടൊന്നും പറയാണ്ട് തലകുനിച്ചിരിപ്പാണ് കുട്ടി. periods ആണോ മോളെ?  ഇല്ലെന്ന് തല തെറ്റിച്ചു.പിന്നോ? പുറത്തുന്നുന്നെന്തെലും കഴിച്ചോ?  അടുത്ത എന്തെങ്കിലും ചോദിക്കും മുന്നേഒരു പാവയെന്നോണം നീര്‍ച്ചാലൊഴുക്കി നിലത്തു നോക്കി അവളിരുന്നു..എന്തിനാ കുട്ടി..!?

അവള്‍ടെ അമ്മ പറഞ്ഞു തുടങ്ങി. അച്ഛന്‍ മരിച്ചിട്ട് ഒരാഴ്ചയായി ഇന്നലെ ചടങ്ങ് കഴിഞ്ഞേയുള്ളൂ, ഇടയ്ക്ക് കുടിച്ച ഒന്നുരണ്ടു ചായ അല്ലാതെ കഴിഞ്ഞ ഒരാഴ്ചയായി ആ കുട്ടി ഒന്നും കഴിച്ചിട്ടില്ല. അവളെ വിളിച്ചുണര്‍ത്തി സമാധാനിപ്പിച്ച ആരും അവളെക്കൊണ്ട് ഒന്നും കഴിപ്പിച്ചില്ല എന്നവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. ഒരു ഞെട്ടലോടെ ഞാന്‍ ചോദിച്ചു 'മോളൊന്നും കഴിച്ചില്ലാരുന്നോ 'ഇല്ലെന്ന് അവള്‍ തലയാട്ടി !

ടെന്‍ഷന്‍ അടിക്കരുത്. നല്ലോണം ആഹാരം കഴിക്കണം കൃത്യമായിട്ട് എന്നോക്കേം പറയുമ്പോഴും ഞാനോര്‍ത്തത് മരണവീടുകളെപ്പറ്റിയാണ്. അവിടെ വന്നു നിന്ന് മരിച്ചയാളുടെ ഗുണഗണങ്ങളൊക്കേം പാടിപുകഴ്ത്തി പുറകിലൊരു വെള്ളമടി കമ്മിറ്റി കൂടി, 7 ദിവസം ഒരു പൂരപ്പറമ്പ് ആയിരുന്നേക്കാവുന്ന ആ വീടിന്റെ ഒരു മൂലയ്ക്ക് ഒരു കുഞ്ഞുജീവന്‍ ഒരാഴ്ചയോളം കരഞ്ഞു തളര്‍ന്നു പട്ടിണികിടന്നത് ആരോരും അറിഞ്ഞില്ല. ഗതികെട്ട ലോകം, ഗതികെട്ട മനുഷ്യര്‍..!