അന്ന് പതിവിലും അല്പം നേരത്തെ പണികള്‍ തീര്‍ന്നു. 'ഇന്നെങ്കിലും ഉറങ്ങാന്‍ പറ്റണെ' എന്നു പ്രാര്‍ഥിച്ച് മുറിയില്‍ കയറിയതും ലേബര്‍ റൂമില്‍ നിന്നും വിളി വന്നു. ഒരാളെ antenatal counsellingനു വിടുന്നെന്ന്. മാസം തികയുന്നതിന് മുന്‍പ് ജനിക്കുവാന്‍ സാധ്യതയുള്ള കുഞ്ഞിന്റെ അച്ഛനെയാണ് ഇതിന് സാധാരണ കിട്ടുക. പ്രസവത്തിനു ശേഷം കുഞ്ഞിനുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍, നീണ്ട ആശുപത്രി വാസം, വേണ്ടി വന്നേക്കാവുന്ന ചികിത്സകള്‍, ഏകദേശ ചിലവുകള്‍ മുതലായവയാണ് സാധാരണ അവരോടു പറയുക. കുട്ടിയുടെ വളര്‍ച്ചയുടെ തോതനുസരിച്ച് പറയുന്നതിന്റെ കട്ടി കൂടിയും കുറഞ്ഞുമിരിക്കും. ചിലര്‍ നിര്‍വികാരമായി ഇരിക്കും. ചിലരുടെ കണ്ണു നിറയും. ചിലരുടെ മുഖത്ത് ഭയമായിരിക്കും. ചിലര്‍ നമ്മളോട് ദേഷ്യപ്പെടും. ചിലര്‍ ഒരു താങ്ങിനായി ബന്ധുക്കളെ കൂട്ടി വരും. എന്നാല്‍ ഒരു വിധം എല്ലാവരും അവസാനം ചോദിക്കുക ഇതെല്ലാം ചെയ്തു കഴിഞ്ഞാല്‍ കുട്ടിയെ കിട്ടുമെന്ന് ഗാരന്റിയുണ്ടോ എന്നായിരിക്കും. ഇതെല്ലാം ചെയ്താലും ചിലപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകുവാനുള്ള സാധ്യതയും പറഞ്ഞു മനസ്സിലാക്കും. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ അവര്‍ ചികിത്സക്ക് തയ്യാറാണോ അല്ലയോ എന്നറിയിക്കും. കുട്ടിയെ കിട്ടുവാന്‍ സാധ്യത കൂടുതല്‍ ഉള്ളവരെ കൊണ്ട് ഞങ്ങള്‍ പോസിറ്റീവ് തീരുമാനമെടുപ്പിക്കുവാന്‍ പരമാവധി ശ്രമിക്കും. മറ്റുള്ളവരെ കൊണ്ട് ഒരു പരിധി വരെ തിരിച്ചും.
ഇതിലേത് തരത്തിലായിരിക്കും കാര്യങ്ങള്‍ നീങ്ങുക എന്നാലോചിച്ചു ഇരിക്കവേ അച്ഛന് കയറി വന്നു. ഒരു മുപ്പതിനടുത്ത് പ്രായം. മാന്യമായ വസ്ത്രധാരണം. മുഖത്ത് വളരെ ശാന്ത ഭാവം. Case sheet വായിച്ചു നോക്കി. കുഞ്ഞിന് 25 ആഴ്ചയില്‍ താഴെ പ്രായം. തൂക്കം 500 ഗ്രാമിലും കുറവ്. രക്ഷപ്പെടുവാനുള്ള സാധ്യത നന്നേ കുറവ്. ഇനി അഥവാ എന്തെങ്കിലും അത്ഭുതം സംഭവിച്ചാല്‍ തന്നെയും ജീവിത കാലം മുഴുവനും ഉണ്ടായേക്കാവുന്ന പരാധീനതകളും. പതിവ് പോലെ ഒരു നെഗറ്റീവ് ഉത്തരം കിട്ടുവാനുള്ള സംസാരം ആരംഭിച്ചു. എല്ലാം ക്ഷമാപൂര്‍വ്വം കേട്ടിരുന്ന ശേഷം അയാള്‍ വളരെ സൗമ്യനായി പറഞ്ഞു,
'Please go ahead with all possible treatment even if there is 0% chance of long term survival.'
മുഖത്ത് അടി കിട്ടിയ പോലെയായി! ഞാന്‍ ഒന്നു കൂടി കേസ് ഷീറ്റ് നോക്കി. ഇതിന് മുന്‍പ് അഞ്ച് അബോര്ഷന്.! എല്ലാം 20 ആഴ്ചക്കു മുന്‍പ്. അഞ്ചു പേരുണ്ടായിട്ടും ഒരു കുട്ടിയെ പോലും ജീവനോടെ കാണുവാന്‍ സാധിക്കാത്ത ഒരച്ഛന്! പിന്നെ ഒന്നും പറഞ്ഞില്ല. കുട്ടിയെ സ്വീകരിക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.
കുട്ടി ജനിച്ചു. ജീവനുണ്ടായിരുന്നു. വായിലൂടെ കുഴലിട്ട് ഇട്ടു കൃത്രിമശ്വാസം നല്‍കിത്തുടങ്ങി. കുട്ടിയെ NICUല്‍ കൊണ്ടുപോയി surfactant കൊടുത്തു (ഏകദേശം പതിനായിരത്തിന് മുകളില്‍ വില വരുന്ന ഒരു മരുന്ന്), വെന്റിലേറ്റര്‍ ഘടിപ്പിച്ചു. പോഷകങ്ങള്‍ രക്തക്കുഴലുകള്‍ വഴി നല്‍കിത്തുടങ്ങി. ജീവിക്കുവാന്‍ തീരെ സാധ്യതയില്ലാത്ത ഇത്രയും ചെറിയ ഒരു കുഞ്ഞിനെ എന്തിന് ബുദ്ധിമുട്ടിക്കണം എന്നൊരു ചിന്ത എല്ലാവര്ക്കും ഉള്ളത് പോലെ തോന്നി. അവരോട് ചരിത്രം മുഴുവന്‍ പറഞ്ഞ് തീര്‍ത്തതോടെ എല്ലാവരുടെയും മനോഭാവത്തില്‍ പെട്ടന്നൊരു മാറ്റം വന്നു. ചെയ്യുന്നതിലെല്ലാം സ്നേഹം കലര്‍ന്ന പോലെ തോന്നി. ഏകദേശം ഒരു മണിക്കൂറിന് ശേഷം അച്ഛനെ വിളിപ്പിച്ചു. അയാള്‍ അകത്ത് കയറി കുഞ്ഞിനെ കണ്ടു. ചെവിയില്‍ എന്തൊക്കെയോ പറയുന്നു. അഞ്ചു പത്തു നിമിഷങ്ങള്‍ക്ക് ശേഷം അയാള്‍ തിരിച്ചു വന്നു. അപ്പോഴും അയാളുടെ കണ്ണില്‍ നിന്നും കണ്ണുനീര് ഒഴുകുന്നുണ്ടായിരുന്നു.
അപ്പോഴും രക്ഷപ്പെടുവാനുള്ള സാധ്യത വളരെ കുറവാണെന്നും രാത്രി കടന്നുകിട്ടിയാല്‍ ഭാഗ്യമാണെന്നും മടിച്ച് മടിച്ച് അയാളോട് പറഞ്ഞു. അതയാളില്‍ വലിയ ചലനമൊന്നും ഉണ്ടാക്കിയതായി തോന്നിയില്ല. വാങ്ങുവാനുള്ള മരുന്നുകളുടെ കുറിപ്പടി വാങ്ങി അയാള്‍ വേഗം നടന്നു പോയി.
രാവിലെയായി. കുട്ടി ജീവനോടെതന്നെയുണ്ട്. രാവിലെ വന്നപ്പോള്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കും ആശയക്കുഴപ്പം. ബുദ്ധിയും മനസ്സും തമ്മിലൊരു വടംവലി. ഒടുവില്‍ നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യാം എന്നു തീരുമാനിച്ചു. അല്പം കഴിഞ്ഞപ്പോള്‍ അമ്മയെത്തി, കുഞ്ഞിനെ കാണാന്‍. അവരുടെ മുഖത്ത് അന്ന് കണ്ട ഭാവം അതിനു മുന്‍പോ ശേഷമോ എവിടേയും കണ്ടിട്ടില്ല. അതില്‍ സങ്കടമുണ്ടായിരുന്നു, സന്തോഷമുണ്ടായിരുന്നു, അത്ഭുതമുണ്ടായിരുന്നു, നിസ്സഹായതയുണ്ടായിരുന്നു.
അന്ന് ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോള്‍ പതിവ് ആശ്വാസമുണ്ടായിരുന്നില്ല. റൂമില്‍ കിടന്നു ശരിക്കും ഉറങ്ങാനും പറ്റിയില്ല. നൈറ്റ് ഡ്യൂട്ടിക്ക് നേരത്തെ എത്തി. കുട്ടി അങ്ങനെ തന്നെയുണ്ട്. ആശ്വാസമാണോ സങ്കടമാണോ തോന്നിയതെന്നറിയില്ല. അന്ന് രാത്രിയും കടന്നു പോയി.
പിറ്റേന്നായപ്പോഴേക്കും ഞങ്ങളില്‍ ചിലര്‍ക്ക് ഒരു ചെറിയ പ്രതീക്ഷ. ഒരത്ഭുതം സംഭവിച്ചാലോ. എന്നാല്‍ പ്രവൃത്തിപരിചയം കൂടുതലുള്ളവര്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. എന്റെ പ്രായത്തെക്കാള്‍ അല്പം കൂടുതല്‍ എക്സ്പീരിയന്‍സ് ഉള്ള ഞങ്ങളുടെ HOD കുട്ടിയെ ഒന്നു നോക്കിയിട്ട് ഞങ്ങളെ തുറിച്ചു നോക്കി. സംഭവിച്ചതെല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ മാഡം പറഞ്ഞു,
'Ok fine. .But, please don't give the parents any false hopes'
പതിയെ മുളച്ചു തുടങ്ങിയ പ്രതീക്ഷ കരിഞ്ഞു പോയി. വീണ്ടും കുട്ടിയുടെ അച്ഛനെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. പക്ഷെ പിന്നേയും രണ്ടു ദിവസങ്ങള്‍ കടന്നു പോയി. പ്രത്യേകിച്ചു പുരോഗമനം ഒന്നുമില്ലെങ്കിലും കുട്ടി ജീവനോടെ തന്നെയുണ്ട്. വീണ്ടും മനസ്സില്‍ ചെറിയൊരു പ്രതീക്ഷ മുള പൊട്ടി. മാഡം പറഞ്ഞത് തെറ്റിപ്പോകണെ എന്നു ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.
പക്ഷെ അന്ന് രാത്രി എന്റെ ഡ്യൂട്ടിക്കിടയില്‍ തന്നെ ആ കുഞ്ഞ് മരിച്ചു. Saturation താഴുന്നു എന്നു സിസ്റ്റര്‍ പറഞ്ഞതും എല്ലാവരും ഓടിയെത്തി. പക്ഷെ ഏതാനം സെക്കന്‍ഡുകള്‍ക്കകം എല്ലാം കഴിഞ്ഞു. അച്ഛനും അമ്മയും വന്നു. അമ്മ കരയുന്നുണ്ടായിരുന്നു. അച്ഛനു ആദ്യം കണ്ട അതേ ഭാവം. രണ്ടു പേരും പുറത്തേക്ക് പോയി.
അര മണിക്കൂറിന് ശേഷം അച്ഛന് തിരിച്ചു വന്നു. കണ്ടു നില്ക്കുന്നവരാരും ഒന്നും മിണ്ടുന്നില്ല. എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. എല്ലാം അറിയാമായിരുന്നിട്ടും ഞങ്ങള്‍ക്ക് താങ്ങാനാവുന്നുണ്ടായിരുന്നില്ല. ഈ അച്ഛനെങ്ങനെ! അകത്തു പോകുന്ന വഴി അയാള്‍ എന്റെ തോളില്‍ ഒന്നു തട്ടി. അതോടെ എന്റെ കണ്ണില്‍ നിന്നും ഒന്നോ രണ്ടോ തുള്ളി പുറത്തേക്ക് ഒഴുകി.
അത് വരെ, അയാള്‍ കേള്ക്കാനാഗ്രഹിച്ചതൊന്നും ഞാന്‍ അയാളോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നിട്ടും അയാള്‍ എന്തിനായിരുക്കും അങ്ങനെ ചെയ്തത്? പ്രതീക്ഷിക്കുന്ന ഫലം കിട്ടിയില്ലെങ്കിലും ചുരുക്കം ചിലര്‍ നമ്മുടെ പരിശ്രമങ്ങളും സദുദ്ദേശവും അംഗീകരിക്കുന്നവരായിരിക്കും എന്ന് മനസ്സിലായി.
അയാള്‍ തന്നെ കുട്ടിയെ ഏറ്റുവാങ്ങി നടന്നു പോയി. അവിടെ നിന്നവരില്‍ ആരും, ആ കാഴ്ച വ്യക്തമായി കണ്ടിട്ടുണ്ടാവില്ല. കണ്ടിട്ടുള്ളവര്‍ ആരും ആ മങ്ങിയ കാഴ്ച മറന്നിട്ടുണ്ടാവില്ല.
രണ്ടു ദിവസത്തിന് ശേഷം NICUലേക്ക് ഒരു കാര്‍ഡ് വന്നു. എഴുതിയിരുന്നത് എന്താണെന്ന് കൃത്യമായി എനിക്കോര്‍മ്മയില്ല. പക്ഷെ അത് ഏകദേശം ഇങ്ങനെയായിരുന്നു:
'I could live for a time long enough to have a name, to feel the world and for my parents to experience me. Thank you all for giving me your love, care and affection. That's what kept me alive and not the medicines you gave. .. Hawa'
ലേഖകന്‍
തോമസ് രഞ്ചിത്ത്
കണ്‍സള്‍ട്ടന്റ് നിയോനാറ്റോളജിസ്ററ്
സിമര്‍ കൊച്ചിന് ഹോസ്പിറ്റല്‍
ചേരാനെല്ലൂര്‍
Content Highlight: Experience of a Doctor, Doctors Day, True Story, Touching Story