ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍മാര്‍ എഴുതുന്നു

പിജി എന്‍ട്രന്‍സ് പരീക്ഷ എന്ന ജീവിതത്തിലെ ഒരിക്കലും തീരാത്ത അടുത്ത വഴിത്തിരിവിനു വേണ്ടി പഠിച്ചു തുടങ്ങാന്‍ മനസ്സും ശരീരവും മടി കാണിക്കുനതിനാല്‍ തല്‍ക്കാലത്തേക്ക് ഒരു സ്വകാര്യ ആശുപത്രിയില്‍ നൈറ്റ് കാഷ്വാലിറ്റി ഡ്യൂട്ടി എടുക്കുന്നു. അങ്ങനെ ഒരു രാത്രിയില്‍ ഏകദേശം ഒരു 10 മണിക്കാണ് ആണ് ഈ കഥയിലെ നായികയുടെ രംഗപ്രവേശം.

പുറത്ത് നിന്ന് ഭക്ഷണം കഴിച്ച് ഗ്യാസ് കേറി വയറ് കമ്പിച്ച് ശ്വാസം എടുക്കാന്‍ പോലും ബുദ്ധിമുട്ട് എന്നതാണ് ഏകദേശം ഒരു ഇടത്തരം കുടുംബത്തില്‍ നിന്ന് വന്ന ഈ 32കാരിയുടെ പരാതി. ഇത് പോലെ സ്ഥിരം കാണുന്ന പ്രശ്‌നം ആയതുകൊണ്ടും പരിശോധനയില്‍ വേറെ കുഴപ്പങ്ങള്‍ ഒന്നും കാണാത്തത് കൊണ്ടും ഇഞ്ചക്ഷന്‍, മരുന്ന് തുടങ്ങിയവ കൊടുത്തു വിട്ടു. പിറ്റേന്ന് രാവിലെ 8 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാന്‍ നേരം ഇതേ വ്യക്തി കടുത്ത പനിയും വയറു വേദനയും ആയി വന്നു. രക്ത പരിശോധയിലൂടെ അണുക്കളുടെ എണ്ണം വളരെ കൂടുതല്‍ ആയിരുനതിനാല്‍ സീനിയര്‍ ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം അവരെ അഡ്മിറ്റ് ആക്കി. ഹിസ്റ്ററി ചോദിക്കുമ്പോള്‍ വളരെ വ്യകതമായിത്തന്നെ പീരിയഡ്‌സിനെ പറ്റി ചോദിക്കുക ഉണ്ടായി (ഗര്‍ഭിണി അല്ലെന്ന് ഉറപ്പ് വരുത്താന്‍). വളരെ ആത്മവിശ്വാസത്തോടെ അവരു പറഞ്ഞു 'ഇപ്പൊ പീരിയഡ്‌സിന്റെ നാലാം ദിവസം ആണെന്നു. അങ്ങനെ ആന്റിബയോട്ടിക് ഇഞ്ചക്ഷനും മറ്റു മരുന്നുകളും ഓര്‍ഡര്‍ എഴുതി അവരെ അഡ്മിറ്റ് ആക്കി ഞാന്‍ ഇറങ്ങി. 

പിറ്റേ ദിവസം രാത്രി ഡ്യൂട്ടി ടൈമില്‍ വാര്‍ഡില്‍ നിന്ന് വിളിച്ചു. ചെന്ന് നോക്കിയപ്പോള്‍ ഇതേ സ്ത്രീ. തലകറക്കം, വയറു വേദന, കടുത്ത തളര്‍ച്ച എന്നിവയാണ് ഇപ്പൊ പരാതി. വീണ്ടും ഒരു രക്ത പരിശോധന നടത്തിയപ്പോള്‍ ശരീരത്തിന്റെ രക്തത്തിന്റെ അളവ് സൂചിപ്പിക്കുന്ന ഹീമോഗ്ലോബിന്‍ ഒറ്റ ദിവസം കൊണ്ട് 11-ല്‍ നിന്ന് 7.5ലേക്ക് കുറഞ്ഞതായി കണ്ടു. വീണ്ടും എടുത്ത് ചോദിച്ചപ്പോള്‍ ഇപ്പൊ പീരിയഡ്‌സിന്റെ നാലാം ദിവസം ആണെന്നു ആവര്‍ത്തിച്ചതിനൊപ്പം 'കഴിഞ്ഞ മാസം പീരിയഡ്‌സ് വന്നിരുന്നില്ല'എന്ന് കൂടി പറഞ്ഞു. ഉടന്‍ തന്നെ പ്രഗ്നനന്‍സി ടെസ്റ്റ് നടത്തിയപ്പോള്‍ പോസിറ്റീവ്. ചിത്രം വ്യക്തം. 'Ectopic Pregnancy rupture ''ഉടന്‍ തന്നെ ഗൈനക്കോളജിസ്റ്റിനെ വിവരം അറിയിച്ചു. വയറു തുറന്ന് ശസ്ത്രക്രിയ നടത്തിയതിനാല്‍ ആളു രക്ഷപ്പെട്ടു.

ആര്‍ത്തവം ഇപ്പൊ ഒരു സംസാര വിഷയം ആയതിനാലും ആര്‍ത്തവത്തെ പറ്റിയുള്ള തെറ്റായ ഹിസ്റ്ററി കാരണം വളരെ അപകടകരമായ നിലയിലേക്ക് രോഗി പോയത് കൊണ്ടും എഴുതി എന്ന് മാത്രം. 

NB: സാധാരണ രീതിയില്‍ ലൈംഗീക ഇടപെടലിനു ശേഷം ഗര്‍ഭം ധരിക്കുന്നത് ഗര്‍ഭപാത്രത്തിലാണ്. പത്തു മാസത്തെ വളര്‍ച്ചയെത്തുന്നതിനനുസരിച്ച് വികാസം സംഭവിക്കാനുള്ള ഒരു സവിശേഷത ഗര്‍ഭപാത്രത്തിനുണ്ട്. ഗര്‍ഭപാത്രത്തിന്നു പകരം ഗര്‍ഭം ധരിക്കപ്പെടുന്നത് ചിലപ്പോള്‍ അണ്ഡം വഹിക്കുന്ന കുഴലിലോ അതുമല്ലെങ്കില്‍ അണ്ഡാശയത്തില്‍ തന്നെയോ ആകാം. അതിനാല്‍ത്തന്നെ ഈ അവസ്ഥകളെ പൊതുവായി പറയുന്നത് ectopic pregnancy എന്നാണ്. (ഗര്‍ഭപാത്രത്തിനു പുറത്തുള്ള ഗര്‍ഭധാരണം) . പത്തു മാസം പോയിട്ട് രണ്ട് മാസം ഗര്‍ഭം വഹിക്കാനുള്ള കഴിവില്ലാത്തവരാണ് ഇപ്പറഞ്ഞ ഫലോപ്യന്‍ ട്യൂബും അണ്ഡാശയവും. അത് കൊണ്ട് തന്നെ ഒരു മാസത്തിനു ശേഷം മേല്‍ പറഞ്ഞ ഭാഗങ്ങള്‍ പൊട്ടി വയറിലേക്ക് കലശലായ രക്തസ്രാവം ഉണ്ടാകുകയും, ശരീരത്തിലെ രക്തം സാവധാനം വാര്‍ന്ന് രോഗി മരണത്തിലേക്ക് കാലെടുത്തു വെയ്ക്കുകയും ചെയ്‌തേക്കാം. ഈ സംഭവ പരമ്പരയെ ectopic rupture എന്ന് പറയുന്നത്. ഇവിടെ ആ സ്ത്രീക്ക് പറ്റിയ തെറ്റ് ഒരു മാസം പീരിയഡ്‌സ് വരാതെ ഇരുന്നിട്ടും പ്രസവ പരിശോധന നടത്തിയില്ല എന്ന് മാത്രം അല്ല എക്ടോപിക് ബ്ലീഡിംഗ് തെറ്റിദ്ധരിച്ച് ഇപ്പൊള്‍ പീരിയഡ്‌സ് ആണെന്നു ഉറപ്പിച്ചു പറഞ്ഞത് കൂടിയാണ്.

വാല്‍ കഷണം: ശസ്ത്രക്രിയക്ക് ശേഷം ആ രോഗി ഇപ്പൊ സുഖമായി ഇരിക്കുന്നു. ഇത് വല്ലോം മിസ്സ് ആയിരുന്നെങ്കില്‍ പിറ്റെ ദിവസം മുഴുവന്‍ ഞാന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നേനെ, 'ഡോക്ടറുടെ അനാസ്ഥ കാരണം രോഗി അപകടത്തില്‍ എന്ന്'. അന്ന് എന്തോ ഭാഗ്യത്തിന് ഹീമോഗ്ലോബിന്‍ പരിശോധിച്ചതുകൊണ്ട് ആ യുവതിയുടെ ജീവന്‍ രക്ഷപ്പെടുത്താനായി. എന്റേയും...!