ഡോക്ടേഴ്‌സ് ദിനത്തില്‍ ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു... 'മറക്കാനാവാത്ത ആ രോഗി'

താനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2015ലാണ് വിനോദ് എന്ന രോഗി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മെഡിസിന്‍ ഒ.പിയില്‍ എന്നെക്കാണാനെത്തിയത്. മഞ്ഞപ്പിത്തം, ഗുരുതരമായ കരള്‍ രോഗമായിരുന്നു പ്രശ്‌നം. അമിതമായ മദ്യപാന ശീലമുള്ള ദൃഢഗാത്രനായ ഒരാള്‍, അയാളുടെ മദ്യപാനത്തെ എതിര്‍ക്കുന്നവരെ ശത്രുക്കളായി കാണുന്ന മനോഭാവം. സിഐടിയു തൊഴിലാളിയാണ് വിനോദ്. കൂടെയെത്തിയ ഭാര്യയാവട്ടെ ആശ വര്‍ക്കറും. 

തികച്ചും അവശനായതിനാല്‍ വിനോദിനെ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. രക്തപരിശോധനാ റിപ്പോര്‍ട്ടില്‍ കുറേ അപാകതകള്‍ കണ്ടതിനാല്‍ USG Scan ചെയ്തു. കരളില്‍ സംശയകരമാം വിധത്തില്‍ ഒരു ട്യൂമര്‍ സിടി സ്‌കാനില്‍ കണ്‍ഫോം ചെയ്തതിനാല്‍ ടിഷ്യു ബയോപ്‌സിക്ക് മെഡിക്കല്‍ കോളേജിലക്ക് അയച്ചു. അര്‍ബുദം (Hepato cellular Carcinoma) എന്നായിരുന്നു പരിശോധനഫലം. തുടര്‍ന്ന് വിനോദിനെ ആര്‍സിസിയില്‍ പരിചയമുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക് അയച്ചു. പിന്നീടങ്ങോട്ട് കൃത്യമായ ചികിത്സയും കീമോതെറാപ്പിയും തുടര്‍ പരിശോധനകളും നടന്നു. ആറ് മാസം എന്നായിരുന്നു ആര്‍സിസി വിനോദിന് എഴുതിയ ജീവിത ദൈര്‍ഘ്യത്തിന്റെ വിധി. ഒരു വര്‍ഷത്തെ ചികിത്സയ്ക്കിടെ വിനോദ് പരിതാപകരവും തിരിച്ചറിയാത്ത വിധം. ദുര്‍ബലവുമായ ശരീരത്തിന് ഉടമയുമായ മാറി. 

മെഡിക്കല്‍ കേളേജില്‍ നിന്നും ഡിസ്ചാര്‍ജ് എഴുതി കൊടുക്കുമ്പോള്‍ കണ്ണീരൊഴുക്കിക്കൊണ്ട് വിനോദും ഭാര്യയും എന്നേയും വിഷമത്തിലാക്കിയിരുന്നു. ഏകമകളുടെ വിവാഹംഒന്നു കാണാന്‍ സാധിക്കുമോ മാഡം എന്നു പറഞ്ഞാണ് അയാള്‍ എനിക്ക് മുന്‍പില്‍ വിതുമ്പിയത്. പിന്നീടങ്ങോട്ട് വിനോദിന് ഏതാണ്ട് രണ്ടു വര്‍ഷത്തോളം ആയുസ് ജഗദീശ്വരന്‍ നീട്ടിക്കൊടുത്തു. ഡോക്ടര്‍മാരുടെ രൂപത്തില്‍ അതില്‍ ഞങ്ങളും പങ്കാളികളായി. ഒരു പരിശോധന ദിവസം വിനോദ് മകള്‍ ദേവികയുടെ വിവാഹത്തിന് എനിക്ക് ക്ഷണക്കത്ത് തരുന്ന ചിത്രമാണ് ഇത്. 

'ദൈവത്തിനു കഴിയാത്തതൊന്നുമില്ല എന്റെ ഡോക്ടറേ നിങ്ങളൊക്കെ ഇവിടെയുള്ളപ്പോള്‍' വിനോദ് അന്ന് എന്നോട് പറഞ്ഞു. എന്നോട് ഒരു രോഗിക്കുള്ള വിശ്വാസം അയാളുടെ ആത്മവിശ്വാസം കൂട്ടിയാല്‍ അതു തന്നെയല്ലെ എന്റെ ആതുരസേവനം ധന്യമാക്കുന്നത്. 

'ദൈവതുല്യര്‍ എന്നു നമ്മെ കരുതുന്ന കുറച്ചധികം രോഗികള്‍ ചുറ്റുപാടുമുള്ളപ്പോള്‍ നമ്മെ ഒരദൃശ്യ ശക്തി സധൈര്യം ദുര്‍ഘടങ്ങള്‍ കടന്നു പോകുവാന്‍ സഹായിക്കുന്നു' എന്നത് എനിക്ക് പല തവണ അനുഭവപ്പെട്ടിട്ടുമുണ്ട്. 

ലേഖിക
ഡോ.അനു സി കൊച്ചുകുഞ്ഞ്
ഫിസീഷ്യന്‍, ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രി, കരുവേലിപ്പടി