ചൈനയില്‍ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ച കൊറോണ വൈറസ് സാന്നിധ്യം ഇന്ത്യയിലാദ്യമായി കേരളത്തില്‍ സ്ഥിരീകരിച്ചത് ജനുവരി 30 നാണ്. മുന്‍വര്‍ഷങ്ങളില്‍ നിപയെ വിജയകരമായി പ്രതിരോധിച്ച അനുഭവ സമ്പത്തുമായി സംസ്ഥാന ആരോഗ്യവകുപ്പ് വളരെ പെട്ടെന്ന് തന്നെ മുന്‍കരുതല്‍ സ്വീകരിച്ചു. 

പ്രതിരോധ നടപടികളുടെ ഭാഗമായി ചൈനയില്‍ നിന്നും രോഗബാധ റിപ്പോര്‍ട്ട് ചെയ്ത മറ്റ് രാജ്യങ്ങളില്‍ നിന്നും സ്വദേശത്തെത്തുന്നവരെയെല്ലാം എയര്‍പോര്‍ട്ടുകളില്‍ വെച്ചു തന്നെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ഇതുവഴി എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ വളരെ പെട്ടെന്ന് തന്നെ ആശുപത്രിയിലെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റി നിരീക്ഷണവും പരിശോധനകളും ചികിത്സയും ആരംഭിക്കുന്നുണ്ട്. 

എന്നാല്‍ ഇതുകൂടാതെ, ഇവരില്‍ രോഗമോ രോഗലക്ഷണമോ ഇല്ലാത്ത ആയിരത്തിലധികം ആളുകളോട് 28 ദിവസം സ്വന്തം വീട്ടില്‍ തന്നെ പുറംലോകവുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെ കഴിയണം എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 

ക്വാറന്റൈന്‍ എന്ന മുന്‍കരുതല്‍

രോഗമുള്ളവരുമായി ഇടപഴകിയതും എന്നാല്‍ രോാഗലക്ഷണങ്ങള്‍ ഇതുവരെ പ്രകടമാകാത്തവരുമായ ആളുകളെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തി ഒരു നിശ്ചിത കാലയളവ് വരെ പുറത്തിറക്കാതെ നിരീക്ഷിക്കുന്ന സംവിധാനമാണ് ക്വാറന്റൈന്‍. 

രോഗാണുബാധയേറ്റാല്‍ ഒരു നിശ്ചിത കാലം കഴിഞ്ഞാലാണ് രോഗലക്ഷണങ്ങള്‍ പുറത്തുവരിക. ഈ കാലയളവിനെയാണ് ഇന്‍ക്യുബേഷന്‍ പിരിയഡ് എന്നു പറയുന്നത്. ഈ ഇന്‍ക്യുബേഷന്‍ പിരിയഡിലാണ് വ്യക്തികളെ ക്വാറന്റൈന്‍ ചെയ്യുന്നത്. ഇന്‍ക്യൂബേഷന്‍ കാലയളവിനേക്കാള്‍ കൂടുതല്‍ നാള്‍ ക്വാറന്റൈനില്‍ കഴിഞ്ഞിട്ടും രോഗലക്ഷണങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ക്വാറന്റൈനില്‍ നിന്ന് പുറത്തു വന്ന് സാധാരണ ജീവിതം നയിക്കാം. എന്നാല്‍ ക്വാറന്റൈന്‍ പിരിയഡില്‍ രോഗലക്ഷണങ്ങള്‍ പുറത്തുവന്നാല്‍ ഉടന്‍ തന്നെ പ്രത്യേക സംവിധാനത്തിലൂടെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിക്കും. 

രണ്ടുതരത്തില്‍ ക്വാറന്റൈന്‍ നടപ്പിലാക്കാം. വീട്ടില്‍ തന്നെ പ്രത്യേക മുറിയില്‍ പുറംലോകവുമായി ബന്ധമില്ലാതെ അടച്ചു കഴിയുന്ന ഹോം ക്വാറന്റൈനാണ് ഒന്ന്. ആരോഗ്യ സ്ഥാപനങ്ങളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ താമസിക്കുന്ന രീതിയാണ് രണ്ടാമത്തേത്. 
 
ക്വാറന്റൈന്‍ ഇല്ലെങ്കില്‍ സംഭവിക്കുന്നത്

ഒരാളുടെ ശരീരത്തില്‍ രോഗാണുക്കള്‍ പ്രവേശിച്ചാല്‍ ഉടന്‍ തന്നെ അവ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങില്ല. ഇന്‍ക്യുബേഷന്‍ പിരിയഡ് വരെ അയാള്‍ക്ക് രോഗം ഉണ്ടാകുമോ എന്ന് പറയാനുമാവില്ല. ഇന്‍ക്യുബേഷന്‍ പിരിയഡ് ഓരോ രോഗത്തിനും വ്യത്യസ്തമാണ്. ആ കാലയളവില്‍ രോഗാണു ശരീരത്തിലുള്ള വ്യക്തി സമൂഹത്തില്‍ സാധാരണ പോലെ തന്നെ ജീവിച്ചാല്‍ അയാളുമായി ഇടപഴകുന്ന എല്ലാവരിലേക്കും രോഗാണു പകരും. അവരില്‍ നിന്ന് മറ്റുള്ളവരിലേക്കും വ്യാപിക്കും. ഇത് ഒരു ചെയിന്‍ പോലെ പടര്‍ന്നു പിടിക്കും. അങ്ങനെ നിശ്ചിത കാലയളവ് കഴിയുമ്പോള്‍ ഇവരെല്ലാം രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. അതോടെ വലിയൊരു വിഭാഗം ആളുകള്‍ രോഗികളായി കഴിഞ്ഞിട്ടുണ്ടാകും. കൊറോണ വൈറസ് പോലെയുള്ളവ ഇത്തരത്തില്‍ പടര്‍ന്നുപിടിച്ചാല്‍, ആശുപത്രികള്‍ക്ക് മുന്‍പില്‍ പനിക്കാലത്തേതു പോലെ വലിയ ആള്‍ക്കൂട്ടങ്ങളുണ്ടായാല്‍ രോഗനിയന്ത്രണം വളരെ ബുദ്ധിമുട്ടായിരിക്കും. 

എന്നാല്‍ ക്വാറന്റൈന്‍ ചെയ്യുന്നതു വഴി രോഗം വരാനുള്ള സാധ്യത ചുരുക്കം ആളുകളില്‍ ഒതുക്കി നിര്‍ത്താന്‍ സാധിക്കും. അത് രോഗവ്യാപനം കുറയ്ക്കും.

ക്വാറന്റൈന്‍ വന്ന വഴി

പതിനാലാം നൂറ്റാണ്ടില്‍ പ്ലേഗ് പടര്‍ന്ന് പിടിക്കുന്നതില്‍ നിന്ന് തീരദേശ നഗരങ്ങളെ സംരക്ഷിക്കാന്‍ വെനീസ് അധികൃതര്‍ സ്വീകരിച്ച നടപടികളാണ് ക്വാറന്റൈന്‍. ഇറ്റാലിയന്‍ പദമായ Quaranta giorni എന്ന വാക്കില്‍ നിന്നാണ് ക്വാറന്റൈന്‍ എന്ന വാക്കിന്റെ ഉദ്ഭവം. നാല്‍പത് ദിവസം എന്നാണ് ഇതിനര്‍ഥം. 

ചൈനയില്‍ ഇപ്പോള്‍ ചെയ്യുന്നത് 'കോര്‍ഡോണ്‍ സാനിറ്റെയര്‍'

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വൂഹാനിലും രോഗം പടര്‍ന്ന മറ്റ് നിരവധി നഗരങ്ങളിലും ക്വാറന്റൈന്‍ ചെയ്യുന്നത് കോര്‍ഡോണ്‍ സാനിറ്റെയര്‍(cordon sanitaire) രീതിയിലാണ്. മൂന്നരക്കോടിയിലധികം വരുന്ന ജനങ്ങളെയാണ് നഗരാതിര്‍ത്തികള്‍ കടന്നുപോകാത്ത രീതിയില്‍ നിര്‍ബന്ധപൂര്‍വം തടഞ്ഞുവെച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി പട്ടാളത്തെയും ചൈന നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാണിജ്യ- ഗതാഗത മാര്‍ഗങ്ങളെല്ലാം അടച്ച് ആളൊഴിഞ്ഞ പൊതു ഇടങ്ങളാണ് ഇന്ന് ആ മേഖലകളെല്ലാം.

ഐസൊലേഷന്‍ ചെയ്യുന്നത് രോഗികളെ

ഗുരുതരമായ പകര്‍ച്ചാവ്യാധി ബാധിച്ച ഒരു വ്യക്തിയെ/ഒരു കൂട്ടം ആളുകളെ രോഗമില്ലാത്ത ആളുകള്‍ക്കിടയില്‍ നിന്ന് മാറ്റി പ്രത്യേകം അടച്ചിട്ട മുറിയില്‍ പാര്‍പ്പിച്ച് ചികിത്സ നല്‍കുന്ന സംവിധാനമാണ് ഐസൊലേഷന്‍. രോഗിക്ക് കൃത്യമായ ചികിത്സ നല്‍കാനും രോഗം മറ്റുള്ളവരിലേക്ക് പകരാതെ നോക്കാനും ഇതുവഴി സാധിക്കും. ആശുപത്രികളിലാണ് പ്രത്യേകമായി ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കുക. 

നമുക്ക് ചെയ്യാവുന്നത് 

  • വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സ്വന്തം വീട്ടില്‍ തന്നെ പുറംലോകവുമായി സമ്പര്‍ക്കമില്ലാതെ 28 ദിവസം കഴിയാന്‍ തയ്യാറാവണം. ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കും.  
  • ഇത് കേവലം ഒരു വ്യക്തിക്ക് മാത്രം വേണ്ടിയുള്ളതല്ല, നമ്മുടെ സമൂഹത്തിന്റെ കൂടി ആവശ്യത്തിന് വേണ്ടിയാണ്. അത് പാലിക്കാന്‍ നാം തയ്യാറാവണം.
  • ക്വാറന്റൈനിലുള്ളവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും വൈദ്യസഹായവുമൊക്കെ സര്‍ക്കാര്‍ നല്‍കും. 
  • വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന ആവശ്യമായ മുന്‍കരുതലുകള്‍ പാലിക്കുക. 
  • ക്വാറന്റൈന്‍ മനുഷ്യാവകാശ ലംഘനമാണ് എന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ട്. എന്നാല്‍ വളരെ ഗുരുതരമായ പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാനുള്ള വൈദ്യശാസ്ത്രപരമായ നിര്‍ദേശങ്ങളാണ് ഇവയെന്ന് മനസ്സിലാക്കി അതിനോട് പൂര്‍ണമായും സഹകരിക്കണം. 
  • രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്. 
  • ചികിത്സ സ്വീകരിക്കാന്‍ വിശ്വാസം അനുവദിക്കില്ലെന്നും ചികിത്സയില്‍ വിശ്വാസമില്ലെന്നും പറഞ്ഞ് ചികിത്സ തേടാതെയിരിക്കരുത്. അത് ആ വ്യക്തിയെ മാത്രമല്ല, സമൂഹത്തെ ഒന്നാകെ ബുദ്ധിമുട്ടിലാക്കും എന്ന് മനസ്സിലാക്കണം. 

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. അരവിന്ദ്
ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി
ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

Content Highlights: what is quarantine prevention for corona virus, corona virus, health, quarantine