കോവിഡ് 19 രോഗബാധയോടൊപ്പം തന്നെ നമ്മൾ കരുതിയിരിക്കേണ്ട മറ്റൊരു പ്രധാന അവസ്ഥയാണ് പോസ്റ്റ് കോവിഡ് സിൻഡ്രോമും. കോവിഡ് മുക്തരായ 10 ശതമാനം പേരിലെങ്കിലും ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കാൻ സാധ്യതയുള്ള അനുബന്ധമായ ചില ശാരീരിക പ്രശ്നങ്ങൾ ഉടലെടുക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതു മുൻനിർത്തി സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കോവിഡ് സിൻഡ്രോം ക്ലിനിക്കുകൾ ആരംഭിച്ചിരിക്കുന്നു.

സാധാരണയായി കണ്ടുവരുന്ന ബുദ്ധിമുട്ടുകൾ

മാനസികാരോഗ്യത്തെ ബാധിക്കാം: ഉത്‌കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ, അകാരണമായ ഭയം എന്നിവ ഉണ്ടാകാം.

പേശികളെയും അസ്ഥികളെയും ബാധിക്കാം: സന്ധിവേദന, പേശീവേദന, തളർച്ച, അകാരണമായ ക്ഷീണം എന്നിവ ഉണ്ടാകാം.

നാഡീവ്യവസ്ഥ: പക്ഷാഘാതം, തലവേദന, ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടൽ, ഓർമ്മക്കുറവ്, ഏകാഗ്രതക്കുറവ്, സംഭ്രമം, ഉറക്കക്കുറവ്, ബ്രെയിൻ ഫോഗിങ് എന്നിവ ഉണ്ടാകാം.

ശ്വസന വ്യവസ്ഥ: നീണ്ടകാലം നിൽക്കുന്ന വരണ്ട ചുമ, നെഞ്ചുവേദന, ശ്വാസതടസ്സം, പൾമണറി ഫൈബ്രോസിസ്, പൾമണറി ആർട്ടറി ഹൈപ്പർ ടെൻഷൻ, എംബോളിസം എന്നിവ ഉണ്ടാകാം.

രക്തചംക്രമണ വ്യവസ്ഥ: ഹൃദയത്തെ ഗുരുതരമായി ബാധിക്കാം. വളരെ നീണ്ടകാലം കിതപ്പ് അനുഭവപ്പെടാം. ഹൃദയസ്തംഭനം, മയോകാർഡൈറ്റിസ്, കാർഡിയോ മയോപ്പതി എന്നിവ ഉണ്ടാകാം.

മറ്റ് പ്രശ്നങ്ങൾ: കരൾ, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവ കണ്ടുവരാറുണ്ട്.

ഓർക്കുക

  • ഇക്കാലയളവിൽ കോവിഡിനു കാരണമായ SARS Cov 2 വൈറസുകൾ ശരീരത്തിൽ നിന്നും പൂർണമായും മാറുകയും അതോടൊപ്പം സങ്കീർണമായ അനുബന്ധ രോഗാവസ്ഥ കുറച്ചുകാലമെങ്കിലും നീണ്ടു നിൽക്കുന്നതായി കണ്ടുവരുന്നു.
  • പോസ്റ്റ് കോവിഡ് സിൻഡ്രോം ബാധിതരിൽ വൈറസിന്റെ സാന്നിധ്യം ഉണ്ടാകാറില്ല.
  • അതോടൊപ്പം തന്നെ അവർ രോഗം പകർത്താറുമില്ല.
  • പ്രായഭേദമെന്യേ പോസ്റ്റ് കോവിഡ് സിൻഡ്രോം ഏവരേയും ബാധിക്കുകയും ചെയ്യാം.

നിർദേശങ്ങൾ

  • കോവിഡ് 19 ഭേദമായ ശേഷവും ഒരാഴ്ചയെങ്കിലും പരിപൂർണമായ വിശ്രമം അത്യാവശ്യമാണ്.
  • രോഗം ഭേദമായാലും ഏതാനും ആഴ്ചകൾ കൂടി സ്വയം നിരീക്ഷിക്കേണ്ടതാണ്.
  • ലക്ഷണങ്ങൾ ചെറുതാണെങ്കിൽ കൂടിയും വൈദ്യ സഹായം തേടാൻ മറക്കരുത്.
  • വിദഗ്ധ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളെ ആശ്രയിക്കാവുന്നതാണ്.
  • സർക്കാർ ടെലിമെഡിസിൻ സംവിധാനവും ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്.

Content Highlights:what is post covid syndrome how tomanage it, Health,Corona Virus, Covid19