അമേരിക്കയുടെ ഏറെ കീര്‍ത്തികേട്ട ആരോഗ്യരംഗം കോവിഡ് 19 നു മുന്നില്‍ വിയര്‍ക്കുകയാണ്. ജനങ്ങള്‍ നിര്‍ബന്ധമായും നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒരുലക്ഷത്തിനും രണ്ടരലക്ഷത്തിനുമിടയില്‍പ്പേര്‍ മരിച്ചേക്കാമെന്നു മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ചികിത്സാവൈദഗ്ധ്യത്തിലും കണ്ടുപിടിത്തങ്ങളുടെ മികവിലും മുന്‍നിരയില്‍ നില്‍ക്കുമ്പോഴും അമേരിക്കയുടെ ആരോഗ്യസംവിധാനത്തിലുള്ള ചില അടിസ്ഥാനപരമായ പ്രശ്‌നങ്ങളിലേക്കു വിരല്‍ചൂണ്ടുകയാണ് കോവിഡ്
താങ്ങാനാവില്ല ചെലവ്
ചെലവു താങ്ങാനാവാത്തതിനാല്‍ കോവിഡ് ചികിത്സയ്ക്കായി സാധാരണക്കാര്‍ ആശുപത്രിയില്‍ പോകാത്ത സ്ഥിതിവിശേഷം അമേരിക്കയിലുണ്ടെന്നാണ് 'വോക്‌സ്'പോലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡുണ്ടോയെന്ന പരിശോധന സൗജന്യമാക്കി രണ്ടാഴ്ചമുമ്പ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമംകൊണ്ടുവന്നിരുന്നു. അപ്പോഴും പരിശോധനമാത്രമേ സൗജന്യമായുള്ളൂ.
സ്വകാര്യമേഖലയിലാണ് ആശുപത്രികള്‍. ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കുപോലും കോവിഡ് ചികിത്സാച്ചെലവിന്റെ ഒരുഭാഗം കൈയില്‍നിന്നു വഹിക്കേണ്ടിവരുന്നുണ്ട്. അത് ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്ലാന്‍ എങ്ങനെയുള്ളതാണ് എന്നതിനെ അനുസരിച്ചിരിക്കും. സി.എന്‍.ബി.സി.യുടെ റിപ്പോര്‍ട്ടനുസരിച്ച് ഇന്‍ഷുറന്‍സ് ഇല്ലാത്തയാള്‍ക്ക് കോവിഡ് ചികിത്സയ്ക്ക് 42,486 ഡോളറിനും 74,310 ഡോളറിനുമിടയ്ക്കാണ് (32.24 ലക്ഷം മുതല്‍ 56.39 ലക്ഷംവരെ രൂപ) ചെലവുവരുന്നത്. അമേരിക്കയില്‍ മൂന്നുകോടിപ്പേരും ഒരുതരത്തിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സും ഇല്ലാത്തവരാണെന്നുകൂടി അറിയണം. ഇവരിലാരെങ്കിലും കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തിയാല്‍ ചികിത്സ സര്‍ക്കാര്‍ വഹിക്കാം എന്ന തീരുമാനമെത്തിയത് വെള്ളിയാഴ്ച മാത്രമാണ്.
കടത്തിലാവുന്നവര്‍
മറ്റു വികസിതരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പണമുള്ളവനുമാത്രം ലഭിക്കുന്ന സൗകര്യമായിമാറുന്ന ചികിത്സയാണ് അമേരിക്കന്‍ ആരോഗ്യമേഖലയുടെ ന്യൂനതയായി ചൂണ്ടിക്കാട്ടുന്നത്. 'അമേരിക്കയുടെ നവഉദാരീകരണ ആരോഗ്യരക്ഷാസംവിധാനം രാജ്യത്തെ അപകടത്തിലാക്കുന്നു'വെന്നാണ് 'ഗാര്‍ഡിയ'നില്‍ ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ അധ്യാപകന്‍ ഡോ. ആഡം ഗാഫ്‌നി എഴുതിയത്. 'ഫെഡറല്‍, സംസ്ഥാന, പ്രാദേശിക ആരോഗ്യ ഏജന്‍സികള്‍ക്ക് ഓരോവര്‍ഷവും ആവശ്യത്തിനു ഫണ്ടനുവദിക്കാതിരുന്നത് കോവിഡ്19നെതിരേ തയ്യാറെടുപ്പില്ലാത്തവരായി നമ്മെ മാറ്റി'യെന്നും അദ്ദേഹം എഴുതി.
36 രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കോണമിക് കോര്‍പ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (ഒ.ഇ.സി.ഡി.) 2017ലെ കണക്കനുസരിച്ച് ഒരു അമേരിക്കക്കാരന്‍ വര്‍ഷം ചികിത്സയ്ക്കു ചെലവാക്കേണ്ടത് 10,209 ഡോളറാണ് (7.76 ലക്ഷം രൂപ). ചെലവു താങ്ങാനാവാത്തതുകാരണം 33 ശതമാനം അമേരിക്കക്കാര്‍ ചികിത്സ മാറ്റിവെക്കുന്നെന്നാണ് 2019ല്‍ ഗാലപ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്.
കിടക്കകള്‍ കുറവ്
ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1000 പേര്‍ക്ക് 2.8 ആശുപത്രിക്കിടക്കകള്‍ എന്ന അമേരിക്കയുടെ സ്ഥിതി വളരെ മെച്ചമായി തോന്നും. എന്നാല്‍, മറ്റു വികസിത രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അമേരിക്ക വളരെ പിന്നിലാണ്. ജപ്പാനില്‍ 1000 പേര്‍ക്ക് 13.1 കിടക്കവീതവും ജര്‍മനിയില്‍ 8.1 വീതവും ഓസ്ട്രിയയില്‍ 7.4 വീതവുമൊക്കെയുള്ളപ്പോഴാണ് അമേരിക്കയില്‍ 2.8 ഉള്ളത് (അവലംബം: ഒ.ഇ.സി.ഡി.).
ഡോക്ടര്‍മാരുടെ എണ്ണത്തിലും മറ്റുപല വികസിത രാജ്യങ്ങളെക്കാള്‍ പിന്നിലാണ് അമേരിക്ക. 1000 രോഗികള്‍ക്ക് 2.8 ഡോക്ടര്‍ (അവലംബം: ലോകബാങ്ക്) എന്നതാണു കണക്ക്. 1000 രോഗികള്‍ക്ക് 0.8 ഡോക്ടര്‍മാരുള്ള ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതുവളരെ മെച്ചംതന്നെ.
മറ്റൊരു അടിസ്ഥാനപ്രശ്‌നമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ഡോക്ടര്‍മാരുടെ പഠനത്തിനുവരുന്ന ഉയര്‍ന്ന ചെലവാണ്. ഇത്രയും പണം ചെലവാക്കുന്ന ഡോക്ടര്‍മാരുടെ ഫീസും അതിനനുസരിച്ച് ഉയരുന്നുണ്ട്. ചികിത്സ ചെലവേറിയതാകുന്നതിന് ഇതും ഒരു കാരണമായിപ്പറയുന്നുണ്ട്.
സാര്‍വത്രിക ആരോഗ്യരക്ഷ
രാജ്യത്തു വസിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ നല്‍കാത്ത ഏക വികസിതരാജ്യമാണ് അമേരിക്ക എന്ന ആരോപണം ഈയടുത്തിടെ ഏറ്റവുമധികം ഉന്നയിച്ചവരിലൊരാളാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ബേണി സാന്‍ഡേഴ്‌സ്.
കാനഡയും ബ്രിട്ടനും ഓസ്‌ട്രേലിയയും സാര്‍വത്രിക ആരോഗ്യപരിരക്ഷ നടപ്പാക്കിയതിനെയാണ് ഇദ്ദേഹമുള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. വര്‍ഷങ്ങളുടെ ശ്രമഫലമായാണ് പലകോണുകളില്‍നിന്നുള്ള എതിര്‍പ്പുനേരിട്ട് ഈ രാജ്യങ്ങള്‍ അതു സാധ്യമാക്കിയത്.
ഓരോ രാജ്യത്തും രാഷ്ട്രീയക്കാര്‍ കര്‍ക്കശനിലപാടെടുത്തപ്പോള്‍, ഇതുസാധ്യമായി. അമേരിക്കയില്‍ ഇതിനിടയാക്കല്‍ ഈ രാജ്യങ്ങളിലേതിനെക്കാള്‍ പ്രയാസമുള്ള ഏര്‍പ്പാടാകുമെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്'പത്രം ചൂണ്ടിക്കാട്ടുന്നു. അതിനു നിരത്തുന്ന കാരണങ്ങള്‍ ഇവയാണ്: അമേരിക്കയിലെ മെഡിക്കല്‍ വ്യവസായം ഈ രാജ്യങ്ങളിലേതിനെക്കാള്‍ വലുതും ശക്തവുമാണ്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ആറിലൊന്ന് മെഡിക്കല്‍ ചെലവാണ്. കോണ്‍ഗ്രസില്‍ ലോബീയിങ് നടത്താന്‍ വേറൊരു വ്യവസായവും ഇത്രയധികം തുക ചെലവാക്കുന്നില്ല.
മറ്റൊരുതടസ്സം സര്‍ക്കാരിന്റെ ഘടനയാണ്. സര്‍ക്കാരിന്റെ മൂന്നുശാഖകളില്‍ ഒന്നില്‍ ഒരു രാഷ്ട്രീയകക്ഷിക്കാണെങ്കില്‍ മറ്റൊന്നില്‍ മറ്റേക്കക്ഷിക്ക് നിയന്ത്രണമുണ്ടാകുന്നത് തീരുമാനമെടുക്കലിനെ ബാധിക്കുന്നു.
എങ്കിലും രാഷ്ട്രീയ ഇച്ഛാശക്തികൊണ്ട് സാര്‍വത്രിക ആരോഗ്യരക്ഷ സാധ്യമാക്കാനാവുമെന്ന പ്രതീക്ഷയാണ് 'ടൈംസ്' മുന്നോട്ടുവെക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍, ഇതിനായി ശ്രമിക്കണമെന്ന ആവശ്യം പലഭാഗത്തുനിന്നും ഉയരുന്നുമുണ്ട്. കോവിഡ് ഉണ്ടാക്കാന്‍പോകുന്ന സാമ്പത്തികപ്രതിസന്ധി ആരോഗ്യരക്ഷ ഇനിയും ചെലവേറിയതാക്കുമെന്ന വിലയിരുത്തലാണ് ഇതിനുകാരണം.
പൂട്ടിയ ആശുപത്രികള്‍
പത്തുകൊല്ലത്തിനിടെ 120 ഗ്രാമീണ ആശുപത്രികള്‍ പൂട്ടിയെന്ന് ഫെബ്രുവരിയില്‍ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു. 19 ആശുപത്രികള്‍ കഴിഞ്ഞകൊല്ലംമാത്രം പൂട്ടി. ലാഭകരമല്ലെന്ന കാരണത്താലാണ് ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയത്. ഗ്രാമങ്ങളിലെ കോവിഡ് ചികിത്സയെ ഇതും ബാധിക്കുന്നുണ്ട്.
വിപണിശക്തികള്‍ നിയന്ത്രിക്കുന്ന ആശുപത്രിമേഖലയില്‍ എവിടെയൊക്കെ ആശുപത്രികള്‍ വളരണം, എവിടെയൊക്കെ വേണ്ട എന്നു നിര്‍ണയിക്കുന്നതും അവരാണെന്ന് ഡോക്ടര്‍ ഗാഫ്‌നി പരിതപിക്കുന്നുണ്ട്.
Content Highlights: United States Failed To See The Corona virus Crisis