പ്രതിരോധശേഷിവര്‍ധിപ്പിക്കുക മാത്രമാണ് കൊറോണയെ ചെറുക്കാന്‍ നമുക്കു മുന്നിലുള്ള ഒരേയൊരു മാര്‍ഗം. മരുന്നുകളെത്തുംവരെ അതിനു ശ്രമിക്കണം. ആഗോളതലത്തിലുണ്ടായ കൊറോണബാധ വല്ലാതെ ആകുലപ്പെടുത്തുന്നു. നല്ലൊരു ശതമാനം ആളുകളും ചികിത്സയ്ക്കുശേഷം സുഖംപ്രാപിക്കുന്നത് ആശ്വാസവും പകരുന്നു. ഭരണാധികാരികള്‍ അവസരത്തിനൊത്ത് കാര്യങ്ങള്‍ ഏകോപിപ്പിച്ച് മുന്നേറുന്നതും പ്രതീക്ഷയ്ക്കു വകനല്‍കുന്നു. മഹാമാരികളെ ചെറുക്കാന്‍ കൃത്യമായ മരുന്നുകളെത്തുംമുന്‍പ് നമുക്ക് ഒന്നേ ചെയ്യാനാകൂ- പ്രകൃതിദത്തമായി ലഭിച്ച രോഗപ്രതിരോധശേഷി പരമാവധി ഉയര്‍ത്തുക.

ഭക്ഷണം

 • അനാരോഗ്യകരങ്ങളായ ശീലങ്ങള്‍ പൂര്‍ണമായി ത്യജിക്കുക
 • ആഹാരത്തിനു ചിട്ടവേണം. പോഷണസമ്പന്നമാകണം
 • പഴങ്ങള്‍, പച്ചക്കറികള്‍, ഇളനീര് ധാരാളമായി ഉപയോഗിക്കണം. ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും വേണ്ട അനുപാതത്തില്‍ ചേര്‍ത്ത് ആഹാരം തയ്യാറാക്കണം
 • മോര്‍ക്കഞ്ഞി, പാല്‍ക്കഞ്ഞി എന്നിവ നല്ലതാണ്.
 • ഇഡ്ഡലി, കൊഴുക്കട്ട, അട തുടങ്ങി ആവിയില്‍ വേവിക്കുന്ന പലഹാരങ്ങള്‍ കഴിക്കാം. ഇതുവഴി ദഹനക്കേട് വരാതെ പോഷണലഭ്യത ഉറപ്പാക്കാം
 • ബിരിയാണി, പൊറോട്ട മുതലായ ദഹനത്തിനു കൂടുതല്‍ സമയമെടുക്കുന്ന ആഹാരങ്ങള്‍ ഒഴിവാക്കാം
 • ദഹനത്തിനനുസരിച്ച് നെയ്യ് ഉപയോഗിക്കാം. മറ്റ് മെഴുക്കു പദാര്‍ഥങ്ങള്‍ ഒഴിവാക്കാം. .
p.k. warrior
ഡോ. പി.കെ. വാരിയര്‍

ഉറക്കം

 • നന്നായി ഉറങ്ങി ശരീരത്തില്‍ കോശങ്ങള്‍ക്ക് ഊര്‍ജസംഭരണത്തിനുള്ള അവസരമുണ്ടാക്കണം. പകല്‍ ഉറങ്ങാതിരിക്കുന്നതാണു നല്ലത്

ശുചിത്വം

 • മനസ്സും ശരീരവും പരിസരവും ശുചിയായി വെക്കാം. അമിതമായ ഭയം, ഉത്കണ്ഠ, വിഷാദം എന്നിവ ആരോഗ്യത്തെ ബാധിക്കും. പരിഭ്രമിക്കാതിരിക്കുക. ശുഭചിന്തകളും ശുഭാപ്തി വിശ്വാസവും നമുക്ക് തുണയാകും.

പ്രതിരോധം

 • ചില ആയുര്‍വേദമരുന്നുകള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഉദാഹരണങ്ങള്‍ - ഇന്ദുകാന്തം കഷായം, വില്വാദി ഗുളിക, ശീതജ്വരാരി ക്വാഥം ഗുളിക, അശ്വഗന്ധ ചൂര്‍ണം, ച്യവനപ്രാശം, ഹിംഗുളഭസ്മം ഇവയൊക്കെ ഇതില്‍ ഉള്‍പ്പെടും.
 • എല്ലാവര്‍ക്കും ഒരേ മരുന്നല്ല വേണ്ടിവരിക. പ്രായം നോക്കണം, പ്രകൃതി നോക്കണം, കാലം നോക്കണം. ഇതൊക്കെ നിശ്ചയിച്ചുതരാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കു കഴിയും.

(ചികിത്സകനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയുമാണ് ലേഖകന്‍)

Content Highlights: Tips to increase immunity against CoronaVirus